ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് കുഞ്ചാക്കോ ബോബന്‍. കരിയറിന്റെ തുടക്കത്തില്‍ കൂടുതലും ചോക്ലേറ്റ് ബോയ് വേഷങ്ങള്‍ മാത്രം ചെയ്ത താരം കഴിഞ്ഞ കുറച്ചു കാലമായി വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളാണ് അവതരിപ്പിക്കുന്നത്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു.
എല്ലാ സിനിമകളും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്ന ചിന്തയിലാണ് തെരഞ്ഞെടുക്കുന്നതെന്നും എന്നാല്‍ ചില സിനിമകള്‍ പ്രതീക്ഷിച്ചതുപോലെ വരാറില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. പ്രേക്ഷകര്‍ ഏത് തരം സിനിമയാണ് സ്വീകരിക്കുക എന്ന് മനസിലാക്കാന്‍ പറ്റാത്ത വര്‍ഷമാണ് ഇതെന്നും ഇക്കൊല്ലം ഹിറ്റായ സിനിമകളെല്ലാം വ്യത്യസ്ത തരത്തിലുള്ളവയായിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ഈ വര്‍ഷം വലിയ സ്റ്റാറുകളൊന്നുമില്ലാത്ത സാധാരണ കോമഡി സിനിമയായ പ്രേമലു വലിയ വിജയമായപ്പോള്‍ ഇനിയങ്ങോട്ട് കോമഡി സിനികമളുടെ കാലമാകുമെന്ന് വിചാരിച്ചുവെന്നും എന്നാല്‍ ഭ്രമയുഗം പോലൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഹൊറര്‍ സിനിമയുമായി വന്ന് മമ്മൂട്ടി ഞെട്ടിച്ചുവെന്നും ഹൊറര്‍ സിനിമ മാത്രമേ ഇനി ഹിറ്റാകുള്ളൂവെന്ന് വിചാരിച്ച് ഇരുന്നപ്പോഴാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഹിറ്റായതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. പുതിയ ചിത്രമായ ഗ്ര്‍ര്‍ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവീ വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘എല്ലാ സിനിമയും നമ്മള്‍ കമ്മിറ്റ് ചെയ്യുന്നത് ഹിറ്റാകും എന്ന പ്രതീക്ഷയിലാണ്. ചില സിനിമകള്‍ നമ്മുടെ പ്രതീക്ഷക്കൊത്ത് വരാത്തതിന്റെ കാരണം, ആ സിനിമ നമുക്ക് കണക്ടായതുപോലെ ഓഡിയന്‍സിന് കണക്ടാകാത്തതുകൊണ്ടാകും. പ്രേക്ഷകര്‍ ഏത് തരത്തിലുള്ള സിനിമയാകും സ്വീകരിക്കുക എന്ന് ഒരു പിടിയും കിട്ടാത്ത വര്‍ഷം 2024 ആയിരിക്കും.
വലിയ സ്റ്റാറുകളൊന്നുമില്ലാതെ വന്ന ചെറിയൊരു കോമഡി സിനിമയായിരുന്നു പ്രേമലു. ആ സിനിമ അത്രയും വലിയ വിജയമായപ്പോള്‍ ഇനിയങ്ങോട്ട് കോമഡി സിനിമകള്‍ മാത്രമേ ഹിറ്റാകുള്ളൂ എന്ന് വിചാരിച്ചു. അങ്ങനെയിരുന്നപ്പോഴാണ് ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഹൊറര്‍ സിനിമയുമായി മമ്മൂക്ക വന്നത്. ഭ്രമയുഗവും ഹിറ്റായപ്പോള്‍ ഇനി ഹൊറര്‍ സിനിമകള്‍ ഹിറ്റാകുമെന്ന് വിചാരിച്ചു. ആ സമയത്താണ് ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്‌സ് റെക്കോഡ് വിജയം നേടിയത്.
ഇനിയങ്ങോട്ട് ഒരുകൂട്ടം ആളുകളുടെ കഥ പറയുന്ന സിനിമ മാത്രമേ വര്‍ക്കാകുള്ളൂ എന്ന് വിചാരിച്ചപ്പോള്‍ പൃഥ്വി ആടുജീവിതം കൊണ്ടുവന്ന് ഹിറ്റാക്കി. ഈ സിനിമയുടെയൊക്കെ വിജയം പറയുന്നത്, ഏത് തരം കഥായായാലും പ്രേക്ഷകര്‍ക്ക് കണക്ടായാല്‍ താനേ ഹിറ്റാകും. അതിന് മുകളില്‍ നമ്മള്‍ എന്തൊക്കെ ചെയ്താലും കാര്യമില്ല,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
Content Highlight: Kunchako Boban about the hit movies of 2024