| Monday, 26th August 2024, 2:20 pm

ജീവനോടെ തിരിച്ച് നാട്ടിലെത്തണമെങ്കില്‍ ഇപ്പോള്‍ മിണ്ടാതെ കിടക്കാന്‍ ഞാന്‍ ബിജു മേനോനോട് പറഞ്ഞു: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഇടക്കാലത്തെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു കുഞ്ചാക്കോ ബോബന്‍- ബിജു മേനോന്‍ കോമ്പോ. സുഗീത് സംവിധാനം ചെയ്ത ഓര്‍ഡിനറിയിലൂടെയാണ് ഈ കൂട്ടുകെട്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായത്. പിന്നീട് റോമന്‍സ്, മല്ലു സിങ്, ഭയ്യാ ഭയ്യാ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഈ കോമ്പോയില്‍ പുറത്തിറങ്ങി. ബിജു മേനോനുമായി വളരെ നല്ല സൗഹൃദമാണെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍.

ബിജു മേനോന്‍ അടുത്ത റൂമിലുണ്ടെങ്കില്‍ ആര്‍ക്കും ഉറങ്ങാന്‍ പറ്റില്ലെന്നും മുഴുവന്‍ സമയവും സംസാരവും ബഹളവുമായിരിക്കുമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കോഴിക്കോട് ഒരു പ്രോഗ്രാം കഴിഞ്ഞ് പിറ്റേദിവസം കൊച്ചിയിലേക്ക് പോകാന്‍ പ്ലാന്‍ ചെയ്തിരുന്നുവെന്നും അന്ന രാത്രി ഒരു ഹോട്ടലില്‍ തങ്ങിയെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

രാവിലെ ഫ്‌ളൈറ്റില്‍ പോകാനാണ് ഉദ്ദേശിച്ചതെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തൊട്ടടുത്ത മുറിയിലെ ബഹളം കാരണം തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും റിസപ്ഷനില്‍ വിളിച്ച് ചോദിച്ചപ്പോഴാണ് അത് ബിജു മേനോന്റെ മുറിയാണെന്ന് അറിഞ്ഞതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

പിന്നീട് താന്‍ ഒന്നും മിണ്ടാതെ കിടന്നുവെന്നും കുറച്ച് കഴിഞ്ഞ് റിസപ്ഷനിലുള്ളവര്‍ തന്നെ വിളിച്ചിട്ട് ബിജു മേനോന്റെ മുറിയില്‍ നിന്ന് ശബ്ദം വരുന്നെന്ന് മറ്റുള്ളവര്‍ പരാതി പറയുന്നുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു. അക്കൂട്ടത്തില്‍ നാളെ പോകാനുള്ള ഫ്‌ളൈറ്റിന്റെ പൈലറ്റും ഉണ്ടെന്നറിഞ്ഞപ്പോള്‍ ബിജു മേനോനെ വിളിച്ച് ജീവനോടെ നാട്ടിലെത്തണമെങ്കില്‍ ഇപ്പോള്‍ മിണ്ടാതെ കിടക്കാന്‍ പറഞ്ഞെന്നും കുഞ്ചാക്കോ പറഞ്ഞു. തലവന്റെ സക്‌സസ് മീറ്റിലാണ് കുഞ്ചാക്കോ ബോബന്‍ ഇക്കാര്യം പറഞ്ഞത്.

‘ബിജു മേനോനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്ന ഒരു സംഭവമുണ്ട്. കോഴിക്കോട് ഒരു പ്രോഗ്രാമുണ്ടായിരുന്നു. അത് കഴിഞ്ഞപ്പോള്‍ രാത്രി വല്ലാതെ ലേറ്റായി. അന്ന് അവിടെ ഹോട്ടലില്‍ റൂമെടുത്ത് പിറ്റേന്ന് രാവിലെ ഫ്‌ളൈറ്റില്‍ കൊച്ചിയിലേക്ക് പോകമെന്ന് വിചാരിച്ചു. രാത്രി കിടക്കാന്‍ നേരത്ത് അപ്പുറത്തെ റൂമില്‍ നിന്ന് ബഹളം കേട്ടു. റിസപ്ഷനില്‍ വിളിച്ച് ചോദിച്ചപ്പോള്‍ ബിജു മേനോന്റെ റൂമാണെന്ന് അറിഞ്ഞു. പിന്നെ ഞാനൊന്നും മിണ്ടാന്‍ പോയില്ല.

കുറച്ച് കഴിഞ്ഞപ്പോള്‍ റിസപ്ഷനില്‍ നിന്ന് എന്നെ വിളിച്ച് ബിജു മേനോനോട് മിണ്ടാതിരിക്കാന്‍ പറയാന്‍ പറ്റുമോ എന്ന് ചോദിച്ചു. ബാക്കി റൂമിലുള്ളവര്‍ കംപ്ലൈന്റ് ചെയ്തതുകൊണ്ടാണ് അവര്‍ എന്നെ വിളിച്ചത്. കംപ്ലൈന്റ് ചെയ്തവരില്‍ നാളെ പോകേണ്ട ഫ്‌ളൈറ്റിന്റെ പൈലറ്റും ഉണ്ടായിരുന്നു. അതറിഞ്ഞപ്പോള്‍ ഞാന്‍ ബിജുവിനെ വിളിച്ചിട്ട്, ‘ജീവനോടെ നാട്ടിലെത്തണമെങ്കില്‍ ഇപ്പോള്‍ മിണ്ടാതെ കിടക്ക്’ എന്ന് പറഞ്ഞു. അല്ലെങ്കില്‍ പണി പാളുമെന്ന് ഉറപ്പായിരുന്നു,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchako Boban about the friendship with Biju Menon

Latest Stories

We use cookies to give you the best possible experience. Learn more