| Wednesday, 16th October 2024, 4:14 pm

ആ സിനിമയെപ്പറ്റി എന്നെക്കാള്‍ ആധികാരികമായി പറയേണ്ടത് മഹേഷ് നാരായണനാണ്: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമക്ക് ഫാസില്‍ സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ആദ്യചിത്രമായ അനിയത്തിപ്രാവ് ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ കുഞ്ചാക്കോ ബോബന്‍ പിന്നീട് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായി മാറി. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത കുഞ്ചാക്കോ ബോബന്‍ രണ്ടാം വരവില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് പ്രേക്ഷകരെ ഞെട്ടിച്ചു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബോഗെയ്ന്‍വില്ലയാണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം.

അതേസമയം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ഭാഗമാകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി- മോഹന്‍ലാല്‍ കോമ്പോ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇവര്‍ക്ക് പുറമെ ആസിഫ് അലിയും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നാണ് അഭ്യൂഹങ്ങള്‍. നേരത്തെ ആസിഫിന്റെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് ഫഹദിനെയായിരുന്നു. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

ആ സിനിമയുടെ ഡിസ്‌കഷന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നും ലൊക്കേഷന്‍ നോക്കിക്കൊണ്ടിരിക്കുകയാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കാസ്റ്റ് ഇതുവരെ ഫൈനലൈസ് ചെയ്തിട്ടില്ലെന്നും ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന റൂമറുകള്‍ പോലെ ചിലപ്പോള്‍ വരില്ലെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.

ആ സിനിമയെക്കുറിച്ച് ആധികാരികമായി സംസാരിക്കേണ്ടത് സംവിധായകന്‍ മഹേഷ് നാരായണനാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ബോഗെയ്ന്‍വില്ലയുടെ പ്രൊമോഷനുമായി ബന്ധപ്പട്ട് നടത്തിയ പ്രസ്മീറ്റിലാണ് കുഞ്ചാക്കോ ബോബന്‍ ഇക്കാര്യം പറഞ്ഞത്.

‘ഇപ്പോള്‍ നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന കാസ്റ്റ് അതുപോലെത്തന്നെ വരുമോ എന്നെനിക്കറിയില്ല. ഓരോരുത്തരുടെയും ഡേറ്റ് കറക്ടായി കിട്ടിയാല്‍ മാത്രമേ അതുപോലെ നടക്കുള്ളൂ. ആരൊക്കെ ഉണ്ടാകും, ഉണ്ടാകില്ല എന്നൊക്കെ അതിന് ശേഷമേ അറിയാന്‍ പറ്റുള്ളൂ. ആ സിനിമയുടെ ഡിസ്‌കഷന്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ലൊക്കേഷന്‍ ഒന്നും ഇതുവരെ സെറ്റായിട്ടില്ല. മഹേഷ് നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ അതിന് വേണ്ടി ശ്രമിക്കുകയാണ്.

ഞാന്‍ ആ സിനിമയെപ്പറ്റി പറയാന്‍ ആകുന്നതേയുള്ളൂ. എന്നെക്കാള്‍ ആധികാരികമായി പറയാന്‍ പറ്റുന്നത് സംവിധായകന്‍ മഹേഷ് നാരായണനാണ്. ഈ വര്‍ഷം അവസാനത്തോടെ മാത്രമേ ആ സിനിമയെപ്പറ്റി പൂര്‍ണമായിട്ടുള്ള ഒരു പിക്ചര്‍ കിട്ടുള്ളൂ. ഒഫിഷ്യലായി അപ്‌ഡേറ്റുകള്‍ വരുന്നതുവരെ കാത്തിരിക്കുക എന്ന് മാത്രമേ പറയാന്‍ കഴിയൂ,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchako Boban about Mahesh Narayanan’s Multi star movie produced by Mammootty

Video Stories

We use cookies to give you the best possible experience. Learn more