| Monday, 15th March 2021, 7:29 pm

കീശയില്‍ തപ്പി നോക്കിയപ്പോള്‍ കാശില്ല, ജാഡയ്ക്ക് അഞ്ഞൂറു രൂപയുണ്ടെന്ന് പറയുകയും ചെയ്തു; അനുഭവം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളികളുടെ ചോക്ലേറ്റ് ഹീറോ എന്ന പദവിയില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയപാടവം കാഴ്ചവെച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. താരപദവിയില്‍ നില്‍ക്കുമ്പോഴും ജീവിതത്തില്‍ താനിപ്പോഴും ഒരു സാധാരണക്കാരന്‍ തന്നെയാണെന്നാണ് കുഞ്ചാക്കോ പറയുന്നത്.

മാസ്‌കും തൊപ്പിയും വെച്ച് താനിപ്പോഴും നടക്കാന്‍ നഗരത്തിലൂടെ പോകാറുണ്ടെന്നും ആരും തന്നെ തിരിച്ചറിയാറില്ലെന്നും കുഞ്ചാക്കോ പറഞ്ഞു. അത്തരത്തില്‍ നടക്കാന്‍ പോയപ്പോഴുണ്ടായിരുന്ന അനുഭവം പങ്കുവെയ്ക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. മനോരമയ്ക്ക് നല്‍കിയ  അഭിമുഖത്തിലായിരുന്ന കുഞ്ചാക്കോ  മനസ്സു തുറന്നത്.

‘ഈയടുത്ത് മാസ്‌കും തൊപ്പിയും വച്ച് പനമ്പിള്ളി നഗറില്‍ നടക്കാന്‍ പോയതായിരുന്നു. രാത്രി എട്ടരയൊക്കെ ആയിക്കാണും. എനിക്ക് ദാഹിച്ചു. അവിടെ ഒരു കരിക്ക് കച്ചവടക്കാരന്‍ ഉണ്ടായിരുന്നു. പുള്ളീടെ അടുത്ത് ഒരു കരിക്ക് വെട്ടാന്‍ പറഞ്ഞു. പെട്ടെന്നാണ് ഓര്‍ത്തത്, എന്റെ കയ്യില്‍ 500 രൂപയാണ്. ചില്ലറ ഇല്ല. ഞാന്‍ ആളോട് കാര്യം പറഞ്ഞു. ആളുടെ കയ്യില്‍ ചില്ലറയുണ്ട്, കുഴപ്പമില്ല എന്നു പറഞ്ഞ് ആളു വീണ്ടും കരിക്ക് വെട്ടാന്‍ തുടങ്ങി. ഞാന്‍ കീശയില്‍ തപ്പി നോക്കിയപ്പോള്‍ കാശില്ല. ഞാനാണെങ്കില്‍ ജാഡയ്ക്ക് അഞ്ഞൂറു രൂപ ഉണ്ടെന്ന് പറയുകയും ചെയ്തു. പുള്ളി അപ്പോഴേക്കും കരിക്ക് വെട്ടാന്‍ തുടങ്ങിയിരുന്നു. ഞാന്‍ പെട്ടെന്ന് ഇടപെട്ടു പറഞ്ഞു, ‘ചേട്ടാ… വെട്ടണ്ട… എന്റെ കയ്യില്‍ കാശില്ല’. ഞാനാകെ വല്ലാത്ത അവസ്ഥയില്‍ ആയിപ്പോയി. എന്തായാലും പുള്ളി എനിക്ക് കരിക്ക് തന്നു. കാശ് പിന്നെ കൊടുത്താല്‍ മതിയെന്നും പറഞ്ഞു. പിറ്റേദിവസം രാവിലെയാണ് ഞാന്‍ പുള്ളിക്ക് കാശു കൊടുത്തത്’, കുഞ്ചാക്കോ പറഞ്ഞു.

അതേസമയം ഒരു ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ കുഞ്ചാക്കോ ബോബന്‍ വ്യത്യസ്തമായ റോളുകളിലൂടെ ആരാധകരെ ഞെട്ടിച്ചിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര എന്ന ചിത്രത്തിലെ അന്‍വര്‍ ഹുസൈനെന്ന കഥാപാത്രം കുഞ്ചാക്കോ ബോബന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവാണ് സൃഷ്ടിച്ചത്.

‘സ്ഥിരം പാറ്റേണിലുള്ള സിനിമകളില്‍ നിന്നു മാറി ഒരു ഇടവേളയ്ക്കു ശേഷം ആഗ്രഹിച്ച് സിനിമയിലേക്ക് വന്നപ്പോള്‍ ആ കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമാകണമെന്ന് ആഗ്രഹിച്ചു ചെയ്തതു തന്നെയാണ്. പണ്ട് ആളുകള്‍ പറയും, ചോക്ലേറ്റ് ഹീറോ, പാട്ട്, ഡാന്‍സ്, ഹ്യൂമര്‍, നായിക, പ്രണയം, കൂടെ കുറെ ആളുകള്‍.. ഇതൊന്നും ഇല്ലാതെ ഒരു സിനിമ, അതായിരുന്നു അഞ്ചാം പാതിരയും അന്‍വര്‍ ഹുസൈനും.

വിജയിപ്പിക്കണം എന്നത് എന്റെ ആവശ്യമായി വന്നപ്പോഴാണ് കറക്ട് സമയത്ത് അഞ്ചാംപാതിര പോലൊരു ബ്ലോക്ക്ബസ്റ്റര്‍ എന്റെ ജീവിതത്തില്‍ സംഭവിച്ചത്. അതിനുശേഷമുള്ള സിനിമകളുടെ വരവാണെങ്കിലും. അതായത് മോഹന്‍ കുമാര്‍ ഫാന്‍സ്, നായാട്ട്, നിഴല്‍, പട, ഒറ്റ്, ന്നാ താന്‍ കേസ് കൊട്, അറിയിപ്പ്, ഗിര്‍… എന്നിങ്ങനെയുള്ള ചിത്രങ്ങള്‍ എന്റെ ആഗ്രഹത്തിന്റെ പ്രതിഫലനമാണ്.

മിക്കവരോടും ഞാന്‍ ചോദിച്ചു വാങ്ങിച്ച കഥാപാത്രങ്ങളാണ്. അല്ലാതെ, ഒരു ഹിറ്റ് അടിച്ചതിനു ശേഷം ഞാന്‍ കാലിന്‍മേല്‍ കാലു കേറ്റി വച്ച് ഇങ്ങോട്ട് വാ മക്കളെ എന്ന സംഭവമേ ഇല്ല. എനിക്കു വേണം. എനിക്ക് ആഗ്രഹമുണ്ട്. എനിക്ക് മാറ്റം വേണം എന്നുള്ളതു കൊണ്ട് കഷ്ടപ്പെട്ട് ചോദിച്ചു വാങ്ങിച്ചെടുത്ത കഥാപാത്രങ്ങളാണ്,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Kunchako Boban About His Life Experience

We use cookies to give you the best possible experience. Learn more