| Monday, 10th June 2024, 4:53 pm

അമല്‍ നീരദ് പടത്തില്‍ ഞാന്‍ സ്ലോ മോഷനില്‍ വരുന്നത് കാണാന്‍ ഇഷ്ടമാണെന്ന് പ്രിയ, അതൊന്നും ഇതിലില്ലെന്ന് ഞാന്‍ പറഞ്ഞു: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയെ മൊത്തം തൂക്കിയടിച്ച അനൗണ്‍സ്‌മെന്റായിരുന്നു അമല്‍ നീരദിന്റെ ബോഗയ്ന്‍ വില്ലയുടേത്. യാതൊരു സൂചനയും തരാതെ വന്ന പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ ട്രെന്‍ഡായി മാറി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. ഫഹദും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ചിത്രത്തില്‍ താന്‍ ജാക്കറ്റിട്ട് സ്ലോ മോഷനില്‍ വരുന്നത് കാണാനാണ് തന്റെ പങ്കാളി പ്രിയ കാത്തിരിക്കുന്നതെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. എന്നാല്‍ ബോഗയ്ന്‍വില്ലയില്‍ അമ്മാതിരി പരിപാടികളൊന്നും ഇല്ലെന്നും, അമല്‍ വെറൈറ്റിയായിട്ടുള്ള പരിപാടിയാണ് ഈ സിനിമയില്‍ പിടിച്ചിട്ടുള്ളതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഫഹദ് ഈ സിനിമയില്‍ ക്യാമിയോ റോളാണ് ചെയ്തിട്ടുള്ളതെന്നും തങ്ങള്‍ ഒരുമിച്ചുള്ള സീനുകളെല്ലാം ഗംഭീരമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. താരത്തിന്റെ പുതിയ സിനിമയായ ഗ്ര്‍ര്‍ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവീ മാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ ഇക്കാര്യം പറഞ്ഞത്.

‘അമല്‍ നീരദിന്റെ എല്ലാ സിനിമയിലും കാണുന്ന പോലെ സ്ലോ മോഷനില്‍ ജാക്കറ്റൊക്കെയിട്ട് ഞാന്‍ വരുന്നത് കാണാന്‍ വേണ്ടി പ്രിയ കാത്തിരിക്കുകയാണെന്ന് പറഞ്ഞിരുന്നു. അമ്മാതിരി പരിപാടിയൊന്നും ഈ സിനിമയിലില്ലെന്ന് ഞാന്‍ അവളോട് പറഞ്ഞു. അമല്‍ നീരദ് ഇത്തവണ കുറച്ച് വെറൈറ്റിയായിട്ടുള്ള പരിപാടിയാണ് പിടിച്ചിട്ടുള്ളത്. ആ ഡയറക്ടറില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന കുറച്ച് കാര്യങ്ങള്‍ എന്തായാലും ഉണ്ടാവും.

ഫഹദ് ഈ സിനിമയില്‍ ഒരു ക്യാമിയോ റോളാണ് ചെയ്തിട്ടുള്ളത്. ടേക്ക് ഓഫിന് ശേഷം ഞങ്ങള്‍ വീണ്ടും ഒന്നിച്ച സിനിമയാണിത്. ആ സിനിമയില്‍ പോലും ഞങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ ഒറ്റ സീനില്‍ മാത്രമേ ഉള്ളൂ. ഇതില്‍ കുറച്ചധികം കോമ്പിനഷന്‍ സീനുകളുണ്ട്. ഷാനുവിന്റെ കൂടെ ത്രൂ ഔട്ട് ആയിട്ടുള്ള സിനിമ ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. ഭാവിയില്‍ അത് നടക്കുമെന്ന് തോന്നുന്നു,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchako Boban about Bougainvillea movie

Latest Stories

We use cookies to give you the best possible experience. Learn more