| Saturday, 15th June 2024, 3:09 pm

കഥയെപ്പറ്റി വലിയ ധാരണയില്ലാതെയാണ് ആ വലിയ സംവിധായകന്റെ സിനിമയില്‍ ഞാന്‍ അഭിനയിച്ചത്: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനിയത്തിപ്രാവിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ കാലങ്ങളില്‍ ചോക്ലേറ്റ് ബോയ് റോളുകളിലായിരുന്നു താരത്തിനെ കൂടുതലും കണ്ടിട്ടുള്ളത്. തിരിച്ചുവരവില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ ശ്രദ്ധ കൊടുക്കുന്ന കുഞ്ചാക്കോയെയാണ് പിന്നീട് കാണാന്‍ സാധിച്ചത്. കരിയറിന്റെ തുടക്കത്തില്‍ താന്‍ ചെയ്ത സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

കസ്തൂരിമാന്‍ എന്ന സിനിമയുടെ കഥ എന്താണെന്ന് തനിക്ക് മനസിലായില്ലെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ലോഹിതദാസ് ആ സിനിമയുടെ കഥ പറഞ്ഞ സമയത്ത് ഇതെന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലായില്ലെന്നും പിന്നീട് ലൊക്കേഷനിലെത്തിയ ശേഷം കഥയുടെയും കഥാപാത്രത്തിന്റെയും ഡെപ്ത് വളരെ വിശദമായി പറഞ്ഞു തന്നപ്പോഴാണ് ലോഹിതദാസ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലായതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

കഥ റെഡിയായ ശേഷം ലോഹിതദാസ് നേരെ സ്‌ക്രിപ്റ്റിലേക്ക് കടക്കുകയായിരുന്നുവെന്നും പിന്നീടാണ് സീന്‍ ഓര്‍ഡര്‍ വിശദമാക്കിയതെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ഗ്ര്‍ര്‍ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

കരിയറില്‍ പലപ്പോഴും കഥ ശരിക്കും മനസിലാകാതെ സംവിധായകനെ മാത്രം വിശ്വസിച്ച് സിനിമ ചെയ്തിട്ടുണ്ട്. എല്‍സമ്മ എന്ന ആണ്‍കുട്ടി അങ്ങനെ ചെയ്തതാണ്. അതുപോലെ കരിയറിന്റെ തുടക്ക കാലത്ത് കസ്തൂരിമാന്‍ ചെയ്തതും അങ്ങനെയായിരുന്നു. ലോഹിതദാസ് സാര്‍ എന്നോട് കഥ പറഞ്ഞപ്പോള്‍ എനിക്ക് എന്താണ് സംഭവമെന്ന് മനസിലായില്ല. പക്ഷേ ഞാന്‍ ഓക്കെ പറഞ്ഞു.

പിന്നീട് ലൊക്കേഷനിലെത്തിയപ്പോള്‍ ഓരോ സീനും ഡയലോഗും പറഞ്ഞു തരുന്നതിനോടൊപ്പം ആ കഥാപാത്രത്തിന്റെ ഡെപ്തും ഇമോഷനും എല്ലാം വിശദമായി പറഞ്ഞു തരികയായിരുന്നു. ആ ഒരു പ്രൊസസ്സ് എനിക്ക് പുതിയതായിരുന്നു. ലോഹിതദാസ് എന്ന എഴുത്തുകാരന്റെ മികവ് ആ സിനിമയില്‍ കാണാന്‍ സാധിച്ചു,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchako Boaban about Kasthooriman movie

Latest Stories

We use cookies to give you the best possible experience. Learn more