Entertainment news
കോമഡി ഏറ്റു; കുഞ്ചാക്കോ ബോബന്‍ ചിത്രം പദ്മിനിക്ക് മികച്ച പ്രതികരണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 14, 07:59 am
Friday, 14th July 2023, 1:29 pm

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത പദ്മിനി ഇന്നാണ് തീയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

കോമഡി ട്രാക്കില്‍ പോകുന്ന ചിത്രം നന്നായി ചിരിപ്പിച്ചു എന്നാണ് സിനിമയുടെ ആദ്യ ഷോ കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

കാസര്‍ഗോഡ് കാഞ്ഞങ്ങാട് പശ്ചാത്തലത്തില്‍ നിന്നും മാറി ഇത്തവണ സംവിധായകന്‍ സെന്ന ഹെഗ്ഡെ കഥ പറയാന്‍ തെരെഞ്ഞെടുത്തിരിക്കുന്നത് പാലക്കാടിനെയാണ്. കുഞ്ചാക്കോ ബോബന്റെ ഉള്‍പ്പെടെയുള്ള ചിത്രത്തിലെ എല്ലാവരുടെയും പ്രകടനങ്ങള്‍ മികച്ചതായിരുന്നുവെന്നും നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നു.

തിയേറ്ററില്‍ കണ്ട് ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ് പദ്മിനിയെന്നും കോമഡികള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ തന്നെ തിയേറ്ററില്‍ വര്‍ക്ക് ഔട്ട് ആയെന്നും പറയുന്നവരുമുണ്ട്.

രമേശന്‍ താഴത്ത് എന്ന കഥാപാത്രതെയാണ് സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ സംഗീത സംവിധായകനായ ജെക്സ് ബിജോയ്ക്കും മികച്ച സംഗീതത്തിന് സോഷ്യല്‍ മീഡിയ പലരും അഭിനന്ദനം അറിയിക്കുന്നുണ്ട്. അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചിട്ടുള്ളത്.

വമ്പന്‍ ഹിറ്റായി മാറിയ കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥയും സംഭാഷണമെഴുതുന്ന ചിത്രമാണ് പദ്മിനി. എബി, കുഞ്ഞിരാമായണം, കല്‍ക്കി, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രനാണ്.

മാളവിക മേനോന്‍, ആതിഫ് സലിം, സജിന്‍ ചെറുകയില്‍, ഗണപതി, ആനന്ദ് മന്മഥന്‍, സീമ ജി നായര്‍, ഗോകുലന്‍, ജെയിംസ് ഏലിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. 1744 വൈറ്റ് ഓള്‍ട്ടോ ആയിരുന്നു സെന്ന ഹെഗ്ഡെയുടെ പദ്മിനിക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രം.


ടിനു പാപ്പച്ചന്റെ സംവിധാത്തില്‍ ഒരുങ്ങുന്ന ചാവേറാണ് കുഞ്ചാക്കോ ബോബന്റെ റിലീസ് ചെയ്യാനിരിക്കുന്നു അടുത്ത ചിത്രം.

അജഗജാന്തരത്തിന് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രമാണ് ചാവേര്‍. കുഞ്ചാക്കോ ബോബന്റെ ആദ്യ മുഴുനീള ആക്ഷന്‍ ചിത്രം കൂടിയായിരിക്കും ചാവേര്‍. ജൂലൈയ് 20 ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് പിന്നീട് മാറ്റി വെക്കുകയായിരുന്നു.

Content Highlight: Kunchakko Boban’s Padmini gets good reports after first show