| Tuesday, 11th June 2024, 3:04 pm

കള്ളുകുടിയനില്‍ എന്റെ ഗുരുസ്ഥാനി ആ നടന്‍; പാട്ടിന് താളം പിടിക്കുന്നത് പോലെ ആ സീനുകള്‍ ആസ്വദിച്ചു: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗര്‍ര്‍ര്‍. പൃഥ്വിരാജ് സുകുമാരന്‍ നായകനായ ‘എസ്ര’ എന്ന ചിത്രമൊരുക്കിയ ജയ് കെ. ആണ് ‘ഗര്‍ര്‍ര്‍’ സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. അതില്‍ കുഞ്ചാക്കോ ബോബന്‍ മദ്യപിച്ച് ബഹളം വെയ്ക്കുന്ന സീനുണ്ടായിരുന്നു. ഇപ്പോള്‍ താരത്തിന്റെ മദ്യപാനിയായുള്ള അഭിനയത്തെ കുറിച്ച് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. ചിത്രത്തിന്റെ ഭാഗമായി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചാക്കോച്ചന്‍ അടിപൊളിയായി ചെയ്തിട്ടുണ്ട്. ആ കഥാപാത്രം എന്താണോ ഡിമാന്റ് ചെയ്യുന്നത്, അത് ഗംഭീരമായി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് ആ കഥാപാത്രത്തെ എങ്ങനെ ചെയ്യണമെന്ന് കൃത്യമായി അറിയാം. കൂടെ നല്ല സുഹൃത്തുക്കളുണ്ടല്ലോ (ചിരി),’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

താരത്തിന്റെ അഭിപ്രായത്തോട് അഭിമുഖത്തില്‍ ഉണ്ടായിരുന്ന കുഞ്ചാക്കോ ബോബനും ശരിവെച്ചു. പ്രത്യേകിച്ച് കൂടെ ഗുരുസ്ഥാനിയായ ഒരു ആളുണ്ടല്ലോയെന്ന് പറഞ്ഞ താരം ഗ്ര്‍ര്‍ര്‍ സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായ രസകരമായ സംഭവത്തെ കുറിച്ചും സംസാരിച്ചു.

‘അതേ, പ്രത്യേകിച്ച് കൂടെ ഗുരുസ്ഥാനിയായ ഒരു ആളുണ്ടല്ലോ. സുരാജിന്റെ കള്ളുകുടിയന്റെ വേഷങ്ങള്‍ നമ്മള്‍ സിനിമകളിലും സ്റ്റേജ് പെര്‍ഫോമന്‍സിലുമൊക്കെയായി ഒരുപാട് കണ്ടതാണ്. ഞാന്‍ ഷോട്ടിന് ഓരോന്നും ചെയ്യുമ്പോള്‍ സുരാജ് അവിടെയിരുന്ന് കള്ളുകുടിയനെ പോലെ ഇളകിയൊക്കെ നില്‍ക്കുന്നത് കാണാം.

ഒരു പാട്ട് കേള്‍ക്കുമ്പോള്‍ അറിയാതെ താളം പിടിക്കുന്നത് പോലെയോ ഡാന്‍സ് കളിക്കുന്നത് പോലെയോയാണ് അത്. അദ്ദേഹം സൈഡിലിരുന്ന് എല്ലാം ആസ്വദിക്കുകയും ഇടക്ക് കറക്ഷന്‍സ് പറഞ്ഞുതരികയുമൊക്കെ ചെയ്തിട്ടുണ്ട്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.


Content Highlight: Kunchacko Boban Talks About Suraj Venjaramoodu

We use cookies to give you the best possible experience. Learn more