അവന്‍ ഇങ്ങനെയെങ്കില്‍ 27 വര്‍ഷം കൊണ്ട് 103 സിനിമകളില്‍ അഭിനയിച്ച എന്റെ സീനിയറാകും: ആ നടനെ കുറിച്ച് ചാക്കോച്ചന്‍
Film News
അവന്‍ ഇങ്ങനെയെങ്കില്‍ 27 വര്‍ഷം കൊണ്ട് 103 സിനിമകളില്‍ അഭിനയിച്ച എന്റെ സീനിയറാകും: ആ നടനെ കുറിച്ച് ചാക്കോച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th January 2024, 8:28 am

ഷൈന്‍ ടോം ചാക്കോയേ അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറായ നാള്‍ മുതല്‍ തനിക്ക് അറിയാമെന്നും പിന്നീട് ഷൈന്‍ അസിസ്റ്റന്റ് ഡയറക്ടറില്‍ നിന്ന് ഒരു നടനായി മാറുകയായിരുന്നുവെന്നും നടന്‍ കുഞ്ചാക്കോ ബോബന്‍.

ഷൈന്‍ ‘ഗദ്ദാമ’ എന്ന സിനിമ ചെയ്തപ്പോള്‍ താന്‍ അവനെ വിളിച്ചിരുന്നുവെന്നും ആ സിനിമയിലെ കഥാപാത്രത്തെ ഷൈന്‍ എറ്റവും ഭംഗിയായി തന്നെ ചെയ്‌തെന്നും മനസില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രമായിരുന്നു ഷൈനിന്റേതെന്നും താരം പറയുന്നു.

ഷൈന്‍ ടോം ചാക്കോയുടെ ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ഏറ്റവും പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനിടയില്‍ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. താന്‍ ഇരുപത്തിയേഴ് വര്‍ഷം കൊണ്ട് നൂറ്റിമൂന്നാമത് സിനിമ ചെയ്തപ്പോള്‍ ഷൈന്‍ തന്റെ നൂറാമത്തെ സിനിമയാണ് ചെയ്യുന്നതെന്നും ഇനി ഷൈന്‍ തന്റെ സീനിയറായി മാറുമെന്നും താരം പറഞ്ഞു.

‘ഷൈന്‍ അസിസ്റ്റന്റ് ഡയറക്ടറായ നാള്‍ മുതല്‍ എനിക്ക് അവനെ അറിയാവുന്നതാണ്. പിന്നീട് അവന്‍ അസിസ്റ്റന്റ് ഡയറക്ടറില്‍ നിന്ന് ഒരു നടനായി മാറുകയായിരുന്നു. ‘ഗദ്ദാമ’ എന്ന സിനിമ ഷൈന്‍ ചെയ്തപ്പോള്‍ ഞാന്‍ അവനെ വിളിച്ചിരുന്നു. ആ സിനിമയിലെ കഥാപാത്രം അവന്‍ എറ്റവും ഭംഗിയായി തന്നെ ചെയ്തിരുന്നു.

അത് മനസില്‍ തങ്ങി നില്‍ക്കുന്നതായിരുന്നു. ഒടുവില്‍ ഷൈന്‍ തന്റെ നൂറാമത്തെ സിനിമയുമായി വന്ന് നില്‍ക്കുമ്പോള്‍, പത്ത് ഇരുപത്തിയേഴ് വര്‍ഷം കൊണ്ട് ഞാന്‍ നൂറ്റിമൂന്നാമത് സിനിമ ആയിട്ടേയുള്ളു എന്നതാണ്. ഇനിയിപ്പോള്‍ പുള്ളി എന്റെ സീനിയറായിട്ട് മാറും എന്നുള്ളതാണ് സത്യം. അതിലും ഒരുപാട് സന്തോഷമുണ്ട്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

സംവിധായകന്‍ കമല്‍ ഷൈന്‍ ടോം ചാക്കോയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ‘വിവേകാനന്ദന്‍ വൈറലാണ്’. കമല്‍ തന്നെ രചനയും സംവിധാനവും ചെയ്ത ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോക്ക് പുറമെ സ്വാസിക, ഗ്രേസ് ആന്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഓഡിയോ ലോഞ്ചിനിടയില്‍ സംവിധായകന്‍ കമലിനെ കുറിച്ചും കുഞ്ചാക്കോ ബോബന്‍ സംസാരിച്ചു.

‘2024ന്റെ തുടക്കത്തില്‍ ആദ്യമായിട്ടാണ് ഒരു സിനിമയുടെ ഫങ്ഷന് വേണ്ടി വരാന്‍ എനിക്ക് സാധിക്കുന്നത്. അത് കമല്‍ സാറിന്റെ പടമാകുമ്പോള്‍ അതില്‍ പ്രത്യേകം ഒരു സന്തോഷമുണ്ട്. കാരണം എനിക്ക് ഏറ്റവും നല്ല സിനിമകളും ഏറ്റവും നല്ല ഗാനങ്ങളും എപ്പോഴും മറ്റുള്ളവരുടെ മനസില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളും നല്‍കിയ സംവിധായകനാണ് അദ്ദേഹം. ആ സന്തോഷവും ഞാന്‍ ഈ വേദിയില്‍ പങ്കിടുകയാണ്,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.


Content Highlight: Kunchacko Boban Talks About Shine Tom Chacko