|

ഏറ്റവും മനോഹരമായ പാട്ടുകളുള്ള സിനിമ; ഇപ്പോഴും കേള്‍ക്കുമ്പോള്‍ വേദന തോന്നും: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റാഫി – മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ 2000ല്‍ സിയാദ് കോക്കര്‍ നിര്‍മിച്ച ചിത്രമായിരുന്നു സത്യം ശിവം സുന്ദരം. കുഞ്ചാക്കോ ബോബന്‍ ആയിരുന്നു ഈ സിനിമയില്‍ നായകനായത്. അദ്ദേഹത്തിന് പുറമെ അശ്വതി മേനോന്‍, ജഗദീഷ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ബാലചന്ദ്ര മേനോന്‍, നാസര്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഈ സിനിമക്കായി ഒന്നിച്ചത്.

മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍സത്യം ശിവം സുന്ദരം സിനിമയെ കുറിച്ച് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. ഒരുപാട് നല്ല ഓര്‍മകള്‍ നല്‍കിയിട്ടുള്ള സിനിമയാണ് അതെന്നും ഏറ്റവും മനോഹരമായ പാട്ടുകളുള്ള സിനിമയാണെന്നും നടന്‍ പറയുന്നു.

സിനിമയിലെ ‘സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം’ എന്ന പാട്ടിനെ കുറിച്ചും കുഞ്ചാക്കോ ബോബന്‍ സംസാരിച്ചു. സാധാരണ അമ്മയെ കുറിച്ചുള്ള പാട്ടുകളാണ് കേട്ടിട്ടുള്ളതെങ്കില്‍ ഈ സിനിമയില്‍ അച്ഛനെ കുറിച്ചുള്ള പാട്ടാണുള്ളതെന്നും ഇപ്പോഴും കേള്‍ക്കുമ്പോള്‍ ചെറിയ വേദന തോന്നുമെന്നും അദ്ദേഹം പറയുന്നു.

‘ഒരുപാട് നല്ല ഓര്‍മകള്‍ തന്നിട്ടുള്ള സിനിമയാണ് സത്യം ശിവം സുന്ദരം. കഥയുടെ പശ്ചാത്തലമാണെങ്കിലും സിനിമയുടെ മേക്കിങ്ങാണെങ്കിലും ആ സിനിമയിലെ കോമ്പിനേഷനാണെങ്കിലും വളരെ വ്യത്യസ്തമാണ്. അങ്ങനെയൊരു കോമ്പിനേഷന്‍ ആദ്യമായിട്ടായിരുന്നു ഉണ്ടാകുന്നത്.

റാഫി – മെക്കാര്‍ട്ടിന്റെ സ്‌ക്രിപ്റ്റില്‍, അവരുടെ സംവിധാനത്തില്‍ തന്നെയാണ് ആ സിനിമ ഒരുങ്ങിയത്. ജഗദീഷേട്ടന് പുറമെ അശോകേട്ടനും (ഹരിശ്രീ അശോകന്‍) ഹനീഫിക്കയും (കൊച്ചിന്‍ ഹനീഫ) കൂടെ ഉണ്ടായിരുന്നു. അവരുടെ ഒരു കൂട്ടായ്മ സിനിമയിലൂടെ മുഴുവനായും കാണാന്‍ പറ്റി.

നാസര്‍ സാറിന്റെ കൂടെ അഭിനയിച്ചു. നായികയായി എത്തിയ അശ്വതി. പുതിയ നായികയായിരുന്നു അവര്‍. പിന്നെ മേനോന്‍ സാര്‍ (ബാലചന്ദ്ര മേനോന്‍) കൂടെയുണ്ടായിരുന്നു. ഏറ്റവും മനോഹരമായ പാട്ടുകളുള്ള സിനിമയാണ് സത്യം ശിവം സുന്ദരം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

സാധാരണ അമ്മയെ കുറിച്ചുള്ള പാട്ടുകളാണ് കേട്ടിട്ടുള്ളതെങ്കില്‍ ഈ സിനിമയില്‍ അച്ഛനെ കുറിച്ചുള്ള പാട്ടാണ് കേള്‍ക്കാന്‍ സാധിക്കുക. ഇപ്പോഴും കേള്‍ക്കുമ്പോള്‍ ചെറിയ നൊമ്പരം തോന്നുന്ന പാട്ട് തന്നെയാണ് അത്.

ഷൂട്ടിങ് സമയത്തെ കുറിച്ച് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. കാക്കനാട് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന്റെ അടുത്ത് കൂടെ പോകുമ്പോള്‍ ആദ്യം ഓര്‍മ വരിക ‘അവ്വ അവ്വ’ പാട്ടും സീനുകളുമാണ്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchacko Boban Talks About Sathyam Sivam Sundhram Movie

Video Stories