|

കൂടുതല്‍ ക്രെഡിറ്റും അവള്‍ക്കാണ്; ആ നടിയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഏറെ കംഫേര്‍ട്ടബിള്‍: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. അദ്ദേഹം നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. നായാട്ട്, ജോസഫ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഷാഹി കബീര്‍ രചന നിര്‍വഹിച്ച ചിത്രമാണ് ഇത്.

ജിത്തു അഷ്‌റഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി നിര്‍മിച്ചത് മാര്‍ട്ടിന്‍ പ്രക്കാട്ട് ആയിരുന്നു. ചിത്രത്തില്‍ പ്രിയാമണിയായിരുന്നു നായികയായി എത്തിയത്. കുഞ്ചാക്കോ ബോബനും പ്രിയാമണിയും ആദ്യമായി ഒന്നിച്ചുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ടായിരുന്നു.

ഇപ്പോള്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയാമണിയെ കുറിച്ച് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. താന്‍ പ്രിയാമണിയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഏറെ കംഫേര്‍ട്ടബിളായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. താന്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ നന്നായി അഭിനയിച്ചിട്ടുണ്ടെങ്കില്‍ അതില്‍ പ്രിയാമണിക്കും ക്രെഡിറ്റുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

‘എന്റെ ഭാര്യയുടെയും പ്രിയാമണിയുടെയും പേരുകള്‍ തമ്മില്‍ സാമ്യമുണ്ട് (ചിരി). പ്രിയാമണി ഒരു നാഷണല്‍ അവാര്‍ഡ് ജേതാവാണ്. അപ്പോള്‍ പിന്നെ അവളുടെ അഭിനയത്തെ കുറിച്ച് കൂടുതലൊന്നും പറയേണ്ട ആവശ്യമില്ലല്ലോ. ഞാന്‍ പ്രിയാമണിയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഏറെ കംഫേര്‍ട്ടബിളായിരുന്നു.

ഒരു സിനിമ ചെയ്യുമ്പോള്‍ ആ കഥാപാത്രത്തിന്റെ മൂഡിലേക്ക് പോകുക എന്നൊരു പ്രോസസുണ്ട്. അതില്‍ ഏറെ വിശ്വസിക്കുന്ന ആളാണ് ഞാന്‍. മേക്കപ്പും കോസ്റ്റിയൂമുമൊക്കെ ഇട്ട് കഴിഞ്ഞ ശേഷം സെറ്റിലേക്ക് വരുമ്പോള്‍ നമ്മള്‍ പിന്നെ ആ കഥാപാത്രമാണ്. എന്നാല്‍ കൂടെ അഭിനയിക്കുന്ന ആളും അങ്ങനെ തന്നെ ചിന്തിച്ചാല്‍ മാത്രമേ അവിടെ കാര്യമുള്ളൂ. അല്ലെങ്കില്‍ അത് നമ്മളെ ബാധിക്കും.

അതുകൊണ്ട് തന്നെ ഞാന്‍ ഒരു സിനിമയില്‍ നന്നായി ചെയ്താല്‍ അതിന്റെ ക്രെഡിറ്റ് കൂടെ അഭിനയിച്ച കോ -സ്റ്റാറിനും ഉള്ളതാണ്. ഞാന്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ നന്നായി ചെയ്തിട്ടുണ്ട് എന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍, അതില്‍ പ്രിയാമണിക്കും ക്രെഡിറ്റുണ്ട്. അമ്പത് ശതമാനം ക്രെഡിറ്റോ അതില്‍ കൂടുതല്‍ ക്രെഡിറ്റോ അവള്‍ക്കുള്ളതാണ്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchacko Boban Talks About Priyamani And Officer On Duty

Video Stories