ഒരു ഷോട്ടില്‍ പോലും മദ്യം കൈ കൊണ്ട് തൊടുന്നില്ല; പക്ഷെ എല്ലാവരും ഞാന്‍ മുഴുകുടിയന്‍ ആണെന്നാണ് കരുതിയത്: കുഞ്ചാക്കോ ബോബന്‍
Entertainment
ഒരു ഷോട്ടില്‍ പോലും മദ്യം കൈ കൊണ്ട് തൊടുന്നില്ല; പക്ഷെ എല്ലാവരും ഞാന്‍ മുഴുകുടിയന്‍ ആണെന്നാണ് കരുതിയത്: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th June 2024, 8:06 am

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും കുഞ്ചാക്കോ ബോബന് ലഭിച്ചിരുന്നു. കൊഴുമ്മല്‍ രാജീവനെന്ന കള്ളനായാണ് താരം ആ ചിത്രത്തില്‍ അഭിനയിച്ചത്.

സിനിമയില്‍ കുഞ്ചാക്കോ ദേവദൂതര്‍ പാടിയെന്ന പാട്ടിന് ഡാന്‍സ് കളിച്ചത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഗ്ര്‍ര്‍ര്‍. സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറില്‍ മദ്യപിച്ച് ബഹളം വെയ്ക്കുന്ന സീനുണ്ടായിരുന്നു.

ഒരു ചോക്ലേറ്റ് ബോയ്‌യില്‍ നിന്ന് മുഴു കുടിയന്‍ കഥാപാത്രത്തിലേക്കുള്ള മാറ്റത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി പറയുകയാണ് കുഞ്ചാക്കോ ബോബന്‍. ‘ഗ്ര്‍ര്‍ര്‍’ന്റെ ഭാഗമായി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ന്നാ താന്‍ കേസ് കൊട് എന്ന സിനിമയില്‍ ആ കഥാപാത്രം പാട്ടിന് അനുസരിച്ച് നൃത്തം ചെയ്യുന്നത് കണ്ടപ്പോള്‍ വെള്ളമടിച്ച് ഡാന്‍സ് ചെയ്യുന്ന ആളാണ് എന്നാണ് കരുതിയത്. അതുകൊണ്ട് എല്ലാവരും അത് ഒരു മുഴു കുടിയന്റെ റോളാണെന്ന ചിന്തയിലാണ് നില്‍ക്കുന്നത്.

ഇപ്പോഴും പലരും വിചാരിച്ചിരിക്കുന്നത് അതിലെ കൊഴുമ്മല്‍ രാജീവന്‍ ഫുള്‍ ടൈം വെള്ളമടിച്ച് നടക്കുകയാണെന്നാണ്. പക്ഷെ ഒരു ഷോട്ടില്‍ പോലും രാജീവന്‍ മദ്യം കൈ കൊണ്ട് തൊടുന്നില്ല. അങ്ങനെ ഒരു ഷോട്ട് പോലും ആ സിനിമയിലില്ല.

അയാള്‍ ആ പാട്ട് ആസ്വദിച്ച് ഡാന്‍സ് ചെയ്തതാണ്. എന്നാല്‍ വേറെ പല കുടിയന്മാരും ചേര്‍ന്ന് അത് അവരുടെ ദേശീയഗാനമാക്കി മാറ്റുകയായിരുന്നു. ഈ സിനിമയില്‍ (ഗ്ര്‍ര്‍ര്‍) ഒരു പ്രത്യേക സാഹചര്യത്തില്‍ വെള്ളമടിച്ചിട്ട് എടുത്ത് ചാടുന്ന ചെറുപ്പകാരന്റെ വേഷമാണ്. പക്ഷെ ആ കഥാപാത്രം ഒരു മുഴുനീള കുടിയനല്ല,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.


Content Highlight: Kunchacko Boban Talks About Nna Thaan Case Kodu Movie