ആ സിനിമ തിയേറ്ററില്‍ എത്തിയാല്‍ മമ്മൂക്കയില്‍ നിന്നൊരു വിളി ഞാന്‍ പ്രതീക്ഷിക്കുന്നു: കുഞ്ചാക്കോ ബോബന്‍
Entertainment
ആ സിനിമ തിയേറ്ററില്‍ എത്തിയാല്‍ മമ്മൂക്കയില്‍ നിന്നൊരു വിളി ഞാന്‍ പ്രതീക്ഷിക്കുന്നു: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th October 2024, 10:29 pm

ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ബോഗെയ്ന്‍വില്ല. ആദ്യമായി കുഞ്ചാക്കോ ബോബന്‍ ഒരു അമല്‍ നീരദ് ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

ബോഗെയ്ന്‍വില്ല തിയേറ്ററില്‍ ഇറങ്ങി കഴിയുമ്പോള്‍ മമ്മൂട്ടിയില്‍ നിന്നുള്ള ഒരു വിളിയും അദ്ദേഹത്തിന്റെ അഭിപ്രായവും താന്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

താന്‍ അമല്‍ നീരദ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടി പ്രത്യേകിച്ചൊന്നും പറഞ്ഞില്ലെന്നും എപ്പോഴും സിനിമ ഇറങ്ങിയ ശേഷമാണ് അദ്ദേഹം വിളിച്ച് പടത്തെ പറ്റിയും കഥാപാത്രത്തെ പറ്റിയും പറയാറുള്ളതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

‘അമല്‍ നീരദ് ചിത്രത്തില്‍ ഞാന്‍ അഭിനയിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക പ്രത്യേകിച്ച് ഒന്നും തന്നെ പറഞ്ഞില്ല. അദ്ദേഹം ഞാന്‍ സിനിമ ചെയ്യുന്ന സമയത്തല്ല ഓരോ കാര്യങ്ങളും പറയുന്നത്. സിനിമ ഇറങ്ങി കഴിഞ്ഞ ശേഷമാണ്.

സിനിമ കണ്ടാല്‍ മമ്മൂക്ക മിക്കപ്പോഴും ആ പടത്തെ പറ്റിയും എന്റെ കഥാപാത്രത്തെ പറ്റിയും പറയാറുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമ ഇറങ്ങി കഴിയുമ്പോള്‍ മമ്മൂക്കയില്‍ നിന്നുള്ള ഒരു വിളിയും അദ്ദേഹത്തിന്റെ അഭിപ്രായവും ഞാന്‍ പ്രതീക്ഷിക്കുന്നു,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

ഈ അമല്‍ നീരദ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് പുറമെ ജ്യോതിര്‍മയി, ഫഹദ് ഫാസില്‍, ഷറഫുദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയ മികച്ച താരങ്ങളാണ് ഒന്നിക്കുന്നത്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ആദ്യമായി ഒരേ സ്‌ക്രീനില്‍ എത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. മുമ്പ് ഇരുവരും 2017ല്‍ പുറത്തിറങ്ങിയ ടേക്ക് ഓഫില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ചുള്ള സീനുകള്‍ ഉണ്ടായിരുന്നില്ല.


Content Highlight: Kunchacko Boban Talks About Mammootty And Bougainvillea Movie