റാഫി – മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ 2000ല്‍ സിയാദ്‌കോക്കര്‍ നിര്‍മിച്ച ചിത്രമായിരുന്നു സത്യം ശിവം സുന്ദരം. കുഞ്ചാക്കോ ബോബന്‍ ആയിരുന്നു ഈ സിനിമയില്‍ നായകനായത്. അദ്ദേഹത്തിന് പുറമെ അശ്വതി മേനോന്‍, ജഗദീഷ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ബാലചന്ദ്ര മേനോന്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഈ സിനിമക്കായി ഒന്നിച്ചത്.
ചന്ദ്രഹാസന്‍ എന്ന ചന്ദ്രു ആയി കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചപ്പോള്‍ ചന്ദ്രുവിന്റെ സുഹൃത്തായ പങ്കജാക്ഷനായി എത്തിയത് നടന്‍ ജഗദീഷ് ആയിരുന്നു. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ‘അവ്വാ അവ്വാ’ എന്ന പാട്ടും ഈ സിനിമയിലേതായിരുന്നു.
‘അവ്വാ അവ്വാ’ പാട്ടിനായി ജഗദീഷ് ഡാന്‍സ് കളിച്ചതിനെ കുറിച്ച് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. സത്യം ശിവം സുന്ദരം സിനിമയുടെ സമയത്ത് താനുമായി നല്ല പ്രായ വ്യത്യാസമുള്ളത് കൊണ്ട് താന്‍ ജഗദീഷിന് അന്ന് അതിന്റേതായ ബഹുമാനം നല്‍കിയിരുന്നുവെന്നാണ് നടന്‍ പറയുന്നത്.
അന്ന് ജഗദീഷിന്റെ പ്രായം പരിഗണിച്ച് വേണമെങ്കില്‍ വിശ്രമിച്ചോളൂവെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ആ പാട്ടില്‍ ഏറ്റവും എനര്‍ജറ്റിക്കായി ഡാന്‍സ് കളിച്ചത് അദ്ദേഹമായിരുന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
അന്ന് ‘ആര്‍ക്ക് പ്രായമായെന്നാണ് പറയുന്നത്, വാ’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ലൊക്കേഷനില്‍ ഞങ്ങളേക്കാള്‍ ഫുള്‍ ഓണായിട്ട് കണ്ടത് ജഗദീഷേട്ടനെ ആയിരുന്നു. അന്ന് ആ പാട്ടില്‍ ഏറ്റവും എനര്‍ജറ്റിക്കായിട്ട് ഡാന്‍സ് ചെയ്തത് അദ്ദേഹമായിരുന്നു,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
Content Highlight: Kunchacko Boban Talks About Jagadish And Sathyam Sivam Sundhram Movie