| Sunday, 27th October 2024, 12:26 pm

ആ സിനിമ കണ്ട്, അപ്പനെ ഇടിച്ചത് ആരാണെന്നും എന്തിനാണെന്നുമായിരുന്നു അവന് അറിയേണ്ടത്: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബോഗയ്ന്‍വില്ല. ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്.

സിനിമ ഇറങ്ങുന്നതിന് മുമ്പ് അതിലെ ഒരു പ്രൊമോ ഗാനം പുറത്തിറങ്ങിയിരുന്നു. സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിച്ച ‘സ്തുതി’ എന്ന ആ പാട്ട് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായിരുന്നു. അതില്‍ കുഞ്ചാക്കോ ബോബന്റെ ഡാന്‍സും ജ്യോതിര്‍മയിയുടെ ഗെറ്റപ്പുമായിരുന്നു ഏറ്റവും വലിയ ചര്‍ച്ചയായത്.

ഇപ്പോള്‍ ബോഗയ്ന്‍വില്ലയും സ്തുതിയും കണ്ടതിന് ശേഷമുള്ള തന്റെ മകന്‍ ഇസഹാക്കിന്റെ പ്രതികരണത്തെ കുറിച്ച് പറയുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. മകന് ആക്ഷന്‍ സിനിമകളൊക്കെ ഒരുപാട് ഇഷ്ടമാണെന്നും ബോഗയ്ന്‍വില്ല ഒരുപാട് ഇഷ്ടപ്പെട്ടെന്നും അദ്ദേഹം പറയുന്നു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.

‘ഇസഹാക്കിന് ആക്ഷന്‍ സിനിമകളൊക്കെ ഒരുപാട് ഇഷ്ടമാണ്. ബോഗയ്ന്‍വില്ല അവന് ഒരുപാട് ഇഷ്ടപ്പെട്ടിട്ടുണ്ട്. സിനിമയുടെ അവസാനം എനിക്ക് അടിയും ഇടിയുമൊക്കെ തരുന്നത് അവന് ഇഷ്ടമായിട്ടുണ്ട്. ആരാണ് ഇടിച്ചത്? എന്തിനാണ് ഇടിച്ചത്? എന്നൊക്കെ അവന്‍ ചോദിച്ചിരുന്നു. അതായിരുന്നു അവന് അറിയേണ്ടത്.

ഇസഹാക്കിനെ സംബന്ധിച്ചിടത്തോളം ബോഗയ്ന്‍വില്ല അവന് ഓക്കെയാണ്. ക്ലൈമാക്‌സിലെ ആക്ഷന്‍ സീക്വന്‍സുകളൊക്കെ അവന് അത്രയും ഇഷ്ടമായിട്ടുണ്ട്. പിന്നെ സിനിമയുടെ പ്രൊമോ സോങ്ങിലെ ഡാന്‍സും അവന്‍ നന്നായി എന്‍ജോയ് ചെയ്തിട്ടുണ്ട്. സ്തുതിയുടെ കൊറിയോഗ്രഫിയൊക്കെ ഇസഹാക്കിന് ഇഷ്ടമായി,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

ഡോ. റോയിസ് തോമസ് എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ ബോഗയ്ന്‍വില്ലയില്‍ എത്തിയത്. ക്രൈം ത്രില്ലര്‍ – മിസ്റ്ററി നോവലുകളിലൂടെ പ്രശസ്തനായ ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ രചന നിര്‍വച്ചിരിക്കുന്നത്.

തന്റെ റൂത്തിന്റെ ലോകം എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലാജോ ബോഗയ്ന്‍വില്ല എന്ന സിനിമ ചെയ്തത്. ചിത്രത്തില്‍ റീത്തുവായി എത്തിയത് നടി ജ്യോതിര്‍മയിയാണ്.


Content Highlight: Kunchacko Boban Talks About Izahaak Boban Kunchacko And Bougainvillea

We use cookies to give you the best possible experience. Learn more