Entertainment news
അറിയിപ്പിന്റെ തിരക്കഥ വായിച്ചപ്പോള്‍ ഫ്‌ളൈറ്റില്‍ നിന്നും ചാടിച്ചാകാനാണ് എനിക്ക് തോന്നിയത്: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 13, 09:27 am
Tuesday, 13th December 2022, 2:57 pm

തികച്ചും വ്യത്യസ്തമായ സിനിമാ അനുഭവമാണ് അറിയിപ്പ് മുന്നോട്ട് വെക്കുന്നതെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ദല്‍ഹിയില്‍ നിന്നുള്ള ഒരു ഫ്‌ളൈറ്റില്‍ യത്ര ചെയ്യുമ്പോഴാണ് സിനിമയുടെ തിരക്കഥ വായിച്ചതെന്നും, വായിച്ച് കഴിഞ്ഞപ്പോള്‍ ഫ്‌ളൈറ്റില്‍ നിന്ന് ചാടാനാണ് തോന്നിയതെന്നും താരം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘തികച്ചും വ്യത്യസ്തമായൊരു അനുഭവം പങ്കുവെക്കുന്ന സിനിമയാണ് അറിയിപ്പ്. കലര്‍പ്പില്ലാത്തൊരു സിനിമ ചെയ്യണമെന്നായിരുന്നു മഹേഷ് എന്നോട് ആദ്യം പറഞ്ഞത്. നോയിഡ, ഫരീദാബാദ് തുടങ്ങിയ സ്ഥലങ്ങളിലായാണ് സിനിമയുടെ ഷൂട്ട് പൂര്‍ത്തിയാക്കിയത്. റിയല്‍ ലൊക്കേഷനും ആമ്പിയന്‍സും റിയല്‍ ഫീലുമൊക്കെയാണ് അറിയിപ്പ് കാണികള്‍ക്ക് നല്‍കുക എന്ന് ഉറപ്പാണ്.

ഈ സിനിമയുടെ ത്രഡും ഔട്ട്ലൈനുമൊക്കെ വളരെ ചെറുതാണ്. വേറൊരു സിനിമയുടെ ലൊക്കേഷനിലായിരുന്ന സമയത്താണ് എനിക്ക് മഹേഷ് ഈ സിനിമയുടെ മുഴുനീള സ്‌ക്രിപ്റ്റ് വായിക്കാന്‍ തന്നത്. ഷൂട്ടിന്റെയിടയില്‍ തിരക്കഥ വായിച്ചോ എന്ന് മഹേഷ് വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു.

ദല്‍ഹിയിലേക്ക് പോവുന്നതിനിടെ ഫ്ളൈറ്റില്‍ വെച്ചായിരുന്നു ഞാന്‍ തിരക്കഥ വായിച്ചത്. അത് വായിച്ചപ്പോള്‍ എനിക്കാദ്യം തോന്നിയത് ഫ്ളൈറ്റില്‍ നിന്നും ചാടിച്ചാവണോ എന്നാണ്. ഇങ്ങനെയൊരു സാധനം ഞാന്‍ പ്രതീക്ഷിച്ചില്ലായിരുന്നു.

എടാ ദുഷ്ടാ എന്തിനാണ് ഇങ്ങനെയൊരു സിനിമ എനിക്ക് തന്നത്, ഇതെനിക്ക് ചെയ്യാന്‍ പറ്റുമോയെന്നൊക്കെ ഞാന്‍ മഹേഷിനോട് ചോദിച്ചിരുന്നു. നടനായും വ്യക്തിയായും മഹേഷിന് എന്നെ അറിയാം. ഇത് പറ്റും, വല്ലപ്പോഴും നടക്കുന്ന കാര്യമാണെന്ന് പറഞ്ഞ് എന്നെ നന്നായി പ്രൊത്സാഹിപ്പിച്ചിരുന്നു. അങ്ങനെയാണ് ഞാന്‍ അറിയിപ്പിലേക്ക് വരുന്നത്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബനെ കൂടാതെ ദിവ്യ പ്രഭയാണ് സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത്.ബുസാന്‍ ചലച്ചിത്ര മേള, ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയവയില്‍ പ്രദര്‍ശത്തിനെത്തിയ ചിത്രമാണിത്. ഐ.എഫ്.എഫ്.കെയിലെ മികച്ച ചിത്രങ്ങളുടെ മത്സര വിഭാഗത്തിലേക്കും അറിയിപ്പ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

content highlight: kunchacko boban talks about his new movie ariyippu