| Wednesday, 4th January 2023, 11:50 am

ഈ ജീവിതത്തില്‍ ഒരുപാട് വീഴ്ച്ചകള്‍ സംഭവിച്ചു, ഇവരൊക്കെയാണ് എന്നെ പിടിച്ച് നില്‍ക്കാന്‍ സഹായിച്ചത്: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ ജീവിത്തിലും യഥാര്‍ത്ഥ ജീവിതത്തിലും ഒരുപാട് വീഴ്ചകള്‍ സംഭവിച്ചയാളാണ് താനെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ആ പരാജയങ്ങളില്‍ നിന്നൊക്കെ ഉയര്‍ന്നുവരാന്‍ ഒരുപാട് ആളുകള്‍ സഹായിച്ചിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. തന്റെ കുടുംബവും സിനിമക്ക് അകത്തും പുറത്തുമുള്ള നിരവധി സുഹൃത്തുക്കളും ഇത്തരത്തില്‍ സഹായിച്ചവരുടെ കൂട്ടത്തിലുണ്ടെന്നും താരം പറഞ്ഞു.

ഇവരുടെയൊക്കെ സപ്പോര്‍ട്ട് കൊണ്ടാണ് സിനിമയിലേക്ക് വീണ്ടും വന്നതെന്നും എന്തെങ്കിലുമൊക്ക ആയി തീര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ വിജയങ്ങള്‍ സ്ഥിരമല്ലെന്നും അഞ്ച് സിനിമകള്‍ അടുപ്പിച്ച് വിജയിക്കുമ്പോള്‍ ആറാമത്തെ സിനിമ ആദ്യ ദിവസം തന്നെ പരാജയപ്പെടാമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞാന്‍ സിനിമയിലേക്ക് വരുന്നതിന് മുമ്പ് എന്റെ കുടുംബത്തിലാണെങ്കിലും, സിനിമയിലേക്ക് വന്നതിനുശേഷം എന്റെ കരിയറിലാണങ്കിലും ഒരുപാട് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് ആ വീഴ്ചകളില്‍ നിന്നും കരകയറാന്‍ സാധിച്ചു. എന്റെ കുടുംബമാണ് അതിന്റെ പ്രധാന കാരണം. എന്റെ ഫാമിലി സ്‌ട്രോങ്ങായി എനിക്ക് പിന്തുണ നല്‍കിയതുകൊണ്ടാണ് എനിക്ക് തിരിച്ചുവരാനും വീഴ്ച്ചകളില്‍ നിന്നും കരകയറാനും സാധിച്ചത്.

എന്റെ അമ്മാമ്മ ആണെങ്കിലും അപ്പനാണെങ്കിലും അമ്മയാണെങ്കിലും സഹോദരിമാരാണെങ്കിലും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അവര്‍ മാത്രമല്ല എന്റെ ഭാര്യ, ഒരു പരിധി വരെ എന്റെ സുഹൃത്തുക്കള്‍ അങ്ങനെ എല്ലാവരും. സിനിമയിലെ സുഹൃത്തുകള്‍ മാത്രമല്ല, എല്ലാ സുഹൃത്തുക്കളും ഒരുപാട് സഹായിച്ചിട്ടുണ്ട്. അതൊന്നും ഞാന്‍ ഒരിക്കലും മറക്കില്ല.

അതൊക്കെയാണ് എനിക്ക് വീണ്ടും സിനിമയിലേക്ക് വരാനും എന്തെങ്കിലുമൊക്കെ ആകാനുമുള്ള ഊര്‍ജം തന്നത്. ഇപ്പോഴും സിനിമയില്‍ നാളെ എന്താകുമെന്ന് എനിക്കൊരു ഉറപ്പുമില്ല. ഒരു അഞ്ച് സിനിമ വിജയിക്കുമ്പോള്‍ നമ്മള്‍ വിചാരിക്കും എല്ലാം ശരിയായെന്ന് എന്നാല്‍ ആറാമത്തെ സിനിമ ആദ്യ ദിവസം തന്നെ പരാജയപ്പെടും.

അത്രയേയുള്ളു സിനിമ. എന്നാല്‍ അതില്‍നിന്നൊക്ക പാഠങ്ങള്‍ പഠിച്ച് മുമ്പോട്ട് പോകാന്‍ കഴിയണം. അങ്ങനെയാണ് വേണ്ടത്. എങ്കില്‍ മാത്രമേ സിനിമയില്‍ എന്തെങ്കിലുമൊക്കെ ആയി തീരാന്‍ കഴിയു,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

അതേസമം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. ദിവ്യ പ്രഭയാണ് സിനിമയില്‍ നായികയായെത്തിയത്. 2022ല്‍ പുറത്തിറങ്ങിയ സിനിമക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

CONTENT HIGHLIGHT: KUNCHACKO BOBAN TALKS ABOUT HIS FAIURES

Latest Stories

We use cookies to give you the best possible experience. Learn more