ഒന്നരമണിക്കൂർ മേക്കപ്പ് ചെയ്യാൻ, രണ്ടര മണിക്കൂർ മേക്കപ്പ് അഴിക്കാൻ, ദിവസവും നാല് തവണ കുളിക്കുമായിരുന്നു: കുഞ്ചാക്കോ ബോബൻ
Film News
ഒന്നരമണിക്കൂർ മേക്കപ്പ് ചെയ്യാൻ, രണ്ടര മണിക്കൂർ മേക്കപ്പ് അഴിക്കാൻ, ദിവസവും നാല് തവണ കുളിക്കുമായിരുന്നു: കുഞ്ചാക്കോ ബോബൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th September 2023, 10:35 am

ചാവേർ സിനിമയിലെ തന്റെ മേക്കോവറിനെക്കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ന്നാ താൻ കേസ് സിനിമയ്ക്ക് ശേഷം ചാവേറിലേക്ക് വരുമ്പോൾ മേക്കപ്പ് ഇടാതെ റിയലിസ്റ്റിക്കായി അഭിനയിക്കാമെന്നായിരുന്നു താൻ കരുതിയിരുന്നെന്നും എന്നാൽ ചാവേറിൽ ഒന്നര മണിക്കൂർ മേക്കപ്പ് ഇടാനും രണ്ടര മണിക്കൂർ മേക്കപ്പ് അഴിക്കാനും വേണമായിരുന്നെന്ന് കുഞ്ചാക്കോ പറഞ്ഞു. അരുൺ നാരായണൻ പ്രൊഡക്ഷൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ.

 

‘ന്നാ താൻ കേസ് കൊട് സിനിമയിൽ മേക്കപ്പ് ഒക്കെ ചെയ്തിട്ട് ചാവേറിലേക്ക് വരുമ്പോൾ റിയലിസ്റ്റിക്കായി അഭിനയിക്കാം എന്ന് വിചാരിച്ചു. എന്നാൽ ന്നാ താൻ കേസ് കൊട് സിനിമയെക്കാൾ മേക്കപ്പ് ചെയ്യേണ്ടി വന്നത് ഇതിലാണ്. മേക്കപ്പിടാൻ വേണ്ടി മുണ്ടൊക്കെ കയറ്റി കുത്തി ഞാൻ ഇങ്ങനെ ഇരിക്കുകയാണ് . വെട്ടും കുത്തും പാടിന് പുറമെ കണ്ണിൽ ലെൻസും വെച്ചു തന്നു.

ന്നാ താൻ കേസ് കൊട് സിനിമയിൽ ഫൈറ്റ് ഒന്നും ഇല്ലാത്തതുകൊണ്ട് വലിയ പ്രശ്നം ഒന്നുമില്ലായിരുന്നു. തിരിച്ച് റൂമിലേക്ക് വന്ന് കുളിച്ച് റെഡിയാകാൻ പറ്റും. പക്ഷേ ഇതിൽ നാല് പ്രാവശ്യം കുളിക്കണം, കാരണം ബ്ലഡ് ആണ് ശരീരത്തിലൊക്കെ. ബ്ലഡും പൊടിയുമൊക്കെ മിക്സ് ആയി, എല്ലാം കൂടെ കാണാൻ നല്ല രസമുണ്ടായിരുന്നു. ഒന്നരമണിക്കൂർ മേക്കപ്പ് ചെയ്യാൻ രണ്ടര മണിക്കൂർ മേക്കപ്പ് അഴിക്കാൻ എന്ന അവസ്ഥയായിരുന്നു. ഡെയിലി നാല് തവണ കുളിക്കുമായിരുന്നു. അങ്ങനെ എന്റെ സ്കിന്ന് കുറെ പോയിരുന്നു,’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

 

കഥാപാത്രത്തിനുവേണ്ടി തന്നോട് 15 കിലോ കൂട്ടാൻ ടിനു പറഞ്ഞെന്നും എന്നാൽ താൻ പത്ത് കിലോ മാത്രമേ കൂട്ടിയിട്ടുള്ളൂ എന്നും താരം പറഞ്ഞു. ഒരു 5 കിലോ കൂടെ കൂട്ടിയിരുന്നെങ്കിൽ തനിക്ക് കൊളസ്ട്രോളും ഷുഗറുമൊക്കെ വരുമായിരുന്നെന്നും തമാശ രൂപത്തിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞു. പ്രേക്ഷകർ തന്നെ കാണാത്ത ഒരു കഥപാത്രമായിരിക്കും ചാവേറിലേത് എന്നും താരം പറഞ്ഞു.

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന സിനിമയിൽ അർജുൻ അശോകനും ആന്റണി വർഗീസ് പെപ്പെയും പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോയ് മാത്യുവാണ്.

Content Highlight:Kunchacko Boban talks about her makeover in the movie Chaver