| Saturday, 12th October 2024, 6:10 pm

ഷാനുവിനൊപ്പം ബോഗെയ്ന്‍വില്ലയില്‍ വരുമ്പോള്‍ സന്തോഷം തരുന്ന ഒരു കാര്യമുണ്ട്: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന ഫിലിം സ്റ്റുഡിയോകളിലൊന്നാണ് ഉദയാ സ്റ്റുഡിയോ. 1947ല്‍ സംവിധായകനും നിര്‍മാതാവുമായ കുഞ്ചാക്കോയും കെ.വി. കോശിയും ചേര്‍ന്നാണ് ഉദയ സ്റ്റുഡിയോ ആരംഭിച്ചത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിനൊപ്പം ചേര്‍ന്ന് ഉദയ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബോഗെയ്ന്‍വില്ല.

ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. ആദ്യമായി ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രമാണ് ബോഗെയ്ന്‍വില്ല. ഇരുവരും 2017ല്‍ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അതില്‍ ഒരുമിച്ചുള്ള സീനുകള്‍ ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ ഫഹദിനൊപ്പം ഈ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിനെ കുറിച്ച് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. ഉദയാ സ്റ്റുഡിയോയുടെ ഒരു സിനിമയില്‍ ഫഹദിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് തനിക്ക് ഒരുപാട് സന്തോഷം തരുന്ന കാര്യമാണെന്നാണ് നടന്‍ പറയുന്നത്. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.

‘പാച്ചിക്കയുടെ മകനാണ് ഷാനു. ഈ സിനിമയില്‍ ഷാനുവിന്റെ ഒപ്പം വരുമ്പോള്‍ വലിയ ഒരു സന്തോഷം കൂടെയുണ്ട്. ഉദയ പിക്‌ചേഴ്‌സ് എന്ന ഗോളത്തിനോട് ചേര്‍ന്നിട്ട് ഷാനുവിന്റെ മുഖം വരികയാണ്. ചരിത്രം ആവര്‍ത്തിക്കുന്നുവെന്ന് വേണമെങ്കില്‍ നമുക്ക് പറയാം.

പാച്ചിക്കയെ സിനിമയിലേക്ക് കൊണ്ട് വന്നത് എന്റെ അച്ഛനാണ്. എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് പാച്ചിക്കയാണ്. ഞാനും ഷാനുവും ഒരുമിച്ച് ഒരു സിനിമ ചെയ്യുമ്പോള്‍ അതില്‍ ഉദയയുടെ ഒരു എബ്ലം കൂടെ വരികയാണ്. അത് പേഴ്‌സണലി എനിക്ക് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.


Content Highlight: Kunchacko Boban Talks About Fahadh Faasil And Udaya Pictures

We use cookies to give you the best possible experience. Learn more