ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കിയ കുഞ്ചാക്കോ ബോബന്‍ ഒരുകാലത്ത് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായിരുന്നു. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബോഗയ്ന്‍വില്ലയിലും കുഞ്ചാക്കോ ബോബന്‍ സിനിമാപ്രേമികളെ ഞെട്ടിച്ചു.
ബോഗയ്ന്‍വില്ല എന്ന സിനിമയുടെ നിര്‍മാതാവും കൂടിയായിരുന്നു കുഞ്ചാക്കോ ബോബന്‍. ചിത്രത്തില്‍ ഫഹദ് ഫാസിലും ഉണ്ടായിരുന്നു. ഫഹദ് ഫാസിലിനെ കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഒരു അഭിനേതാവെന്ന നീലയില്‍ ഫഹദ് ഫാസില്‍ ഒരുപാട് വളര്‍ന്നെന്നും ഫോളോ ചെയ്യാനും അങ്ങനെ ആകണം എന്ന് തോന്നുന്ന നടനായും ഫഹദ് മാറിയെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
തന്നെ സിനിമയിലേക്ക് കൊണ്ട് വന്നത് സംവിധായകന്‍ ഫാസിലാണെന്നും ഫാസിലിനെ സിനിമയിലേക്ക് കൊണ്ട് വന്നത് തന്റെ പിതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെ നോക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണെന്നും ഒരുപാട് അഭിമാനം തോന്നുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു അഭിനേതാവ് എന്ന നിലയില്‍ ഫഹദ് ഒരുപാട് വളര്‍ന്നിട്ടുണ്ട്. നമുക്ക് ഫോളോ ചെയ്യാന്‍ പറ്റുന്ന അല്ലെങ്കില്‍ നമുക്ക് ആകണമെന്ന് ആഗ്രഹം തോന്നുന്ന ഒരു നടന്‍ എന്ന രീതിയിലേക്ക് അദ്ദേഹം എത്തിയിട്ടുണ്ട്. അത് അടുത്തറിഞ്ഞ ഒരു വ്യക്തിയാണ് ഞാന്‍. അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ എനിക്ക് ഒരുപാട് സന്തോഷവും അഭിമാനവുമെല്ലാം ഉണ്ട്.
ഫാസിലിക്കയുടെ (സംവിധായകന്‍ ഫാസില്‍) മകന്‍ കൂടിയാണല്ലോ. ബോഗയ്ന്‍വില്ല എന്ന സിനിമയില്‍ എനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷമുള്ള ഒരു കാര്യം ഉദയ സ്റ്റുഡിയോസിന്റെ അടുത്ത് ഫഹദ് ഫാസിലിന്റെ പേരും കൂടെ കാണുന്നതാണ്. ഒരുതരത്തില്‍ ചരിത്രം ആവര്‍ത്തിക്കുന്നതുപോലെയാണ് തോന്നിയത്.
ഫാസിലിക്കയെ സിനിമയിലേക്ക് കൊണ്ടുവന്നത് എന്റെ ഫാദറാണ്. എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് ഫാസിലിക്കയുമാണ്. അപ്പോള്‍ ഞാനും ഫഹദും ഒരു സിനിമയില്‍ വരികയും അതില്‍ ഉദയ സ്റ്റുഡിയോയുടെ ഒരു എംബ്ളവും കാണുമ്പോള്‍ ഒരുപാട് സന്തോഷം,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.
Content Highlight: Kunchacko Boban Talks About Fahad Faasil