‘ന്നാ താന് കേസ് കൊട്’ എന്ന സിനിമയുടെ വിജയത്തിന് പ്രധാന കാരണം സംവിധായകന്‍ രതീഷ് പൊതുവാളാണെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ഡിറ്റെയ്‌ലിങ്ങിന്റെ കാര്യത്തില്‍ പ്രത്യേക കഴിവാണ് രതീഷിനെന്നും താരം പറഞ്ഞു. സിനിമയിലെ ഗാനരംഗം മുതല്‍ തന്റെ മേക്കോവര്‍ വരെ രതീഷ് ശ്രദ്ധിച്ചെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഒരോ ചെറിയ കാര്യങ്ങളില്‍ പോലും ഡീറ്റെയ്‌ലിങ് ഒക്കെ ശ്രദ്ധിച്ചാണ് ‘ന്നാ താന് കേസ് കൊട്’ രതീഷ് ചെയ്തത്. അതൊരു പ്രത്യേക കഴിവ് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ആ സിനിമ ഇത്രയും വിജയിച്ചത് എന്നാണ് ഞാന്‍ കരുതുന്നത്.
ആ ശ്രദ്ധയുടെ റിസള്‍ട്ടാണ് ന്നാ താന് കേസ് കൊട് എന്ന സിനിമ. സിനിമയില്‍ വൈറലായ പാട്ട് രംഗത്തിന്റെയും കാര്യം അങ്ങനെ തന്നെയാണ്. ആ പാട്ട് തന്നെ വേണമെന്ന് നിര്‍ബന്ധം പിടിച്ചത് രതീഷാണ്. ഒരു റഫറന്‍സായിട്ട് ഇങ്ങനെ ഡാന്‍സ് കളിക്കണമെന്ന് പറഞ്ഞതും രതീഷ് തന്നെയാണ്.
സിനിമയിലെ എന്റെ രൂപം എങ്ങനെ വേണമെന്നും രതീഷിന് നേരത്തെ തന്നെ ഒരു ധാരണ ഉണ്ടായിരുന്നു. അതായത് എന്റെ കോലം അങ്ങനെ വേണമെന്ന് തീരുമാനിച്ചത് രതീഷ് തന്നെയാണ്. ഇതിന്റെ എല്ലാം ഉത്തരവാദി രതീഷ് പൊതുവാളാണ്.
സിനിമയില്‍ എന്റെ പല്ല് വെക്കുന്ന കാര്യത്തില്‍ ചെറിയ സംശയമുണ്ടായിരുന്നു. അപ്പോള്‍ രതീഷ് പറഞ്ഞു ചാക്കോച്ചാ നമുക്ക് ആദ്യമൊന്ന് ശ്രമിച്ച് നോക്കാം നടന്നില്ലെങ്കില്‍ ഒന്നും പേടിക്കണ്ട അത് നമ്മള്‍ക്ക് ഒഴിവാക്കാമെന്ന്. എന്നാല്‍ ശ്രമിച്ച് നോക്കിയപ്പോള്‍ എനിക്ക് വലിയ കുഴപ്പമൊന്നും അനുഭവപ്പെട്ടില്ല. ഞാന്‍ ഭയങ്കര കംഫര്‍ട്ടബിളായിരുന്നു.
എന്റെ പല്ലിനെ കുറിച്ച് നന്നായിട്ട് അറിയാവുന്ന ഒരു ഡോക്ടറാണ് എനിക്ക് അത് ചെയ്ത് തന്നത്. അദ്ദേഹം എന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു. സിനിമയില്‍ അത് വളരെ സ്വാഭാവികമായി തന്നെ അനുഭവപ്പെട്ടു എന്നതാണ് വിജയം,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത് 2022 ഓഗസ്റ്റില്‍ പുറത്തിറങ്ങിയ സിനിമയാണ് ‘ന്നാ താന് കേസ് കൊട്’. കുഞ്ചാക്കോ ബോബന് പുറമേ ഗായത്രി ശങ്കര്‍, രാജേഷ് മാധവ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പാണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം. കുഞ്ചാക്കോ ബോബനെ കൂടാതെ ദിവ്യ പ്രഭയാണ് സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത്.ബുസാന്‍ ചലച്ചിത്ര മേള, ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയവയില്‍ പ്രദര്‍ശത്തിനെത്തിയ ചിത്രമാണിത്. ഐ.എഫ്.എഫ്.കെയിലെ മികച്ച ചിത്രങ്ങളുടെ മത്സര വിഭാഗത്തില്‍ നെറ്റ്പാക്ക് പുരസ്‌കാരവും അറിയിപ്പ് നേടി.
content highlight: kunchacko boban talks about director ratheesh balakrishna pothuval