മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. സംവിധായകന്‍ ഫാസില്‍ മലയാളസിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. ആദ്യ ചിത്രമായ അനിയത്തിപ്രാവ് തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കിയ കുഞ്ചാക്കോ ബോബന്‍ ഒരുകാലത്ത് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായിരുന്നു. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം ഇപ്പോള്‍ ഓരോ ചിത്രത്തിലും ഗെറ്റപ്പും പെര്‍ഫോമന്‍സും കൊണ്ട് അടിമുടി പുതിയ ആളായിരിക്കുകയാണ്.
മിഥുന്‍ മാനുവലിന്റെ സംവിധാനത്തില്‍ 2020ല്‍ പുറത്തിറങ്ങിയ അഞ്ചാം പാതിരാ എന്ന ചിത്രത്തില്‍ അതുവരെ ചെയ്തുകാണാത്ത രീതിയിലുള്ള കഥാപാത്രമായിരുന്നു കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്. അന്‍വര്‍ ഹുസൈന്‍ എന്ന ക്രിമിനോളജിസ്റ്റായി ചാക്കോച്ചന്‍ വന്ന ചിത്രം വന്‍ വിജയമാകുകയും അദ്ദേഹത്തിന്റെ പ്രകടനത്തിന് നിരവധി നിരൂപക പ്രശംസ നേടുകയും ചെയ്തു. അതിന് ശേഷം കുഞ്ചാക്കോ ബോബന്‍ അതുവരെ ചെയ്യാത്ത കഥാപാത്രങ്ങളുമായി പ്രേക്ഷകരെ ഞെട്ടിക്കുകയാണ്.
തന്റെ ചോക്ലേറ്റ് ബോയ് ഇമേജിനെ കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. തന്റെ ചോക്ലേറ്റ് ബോയ് ഇമേജ് എത്ര ശ്രമിച്ചിട്ടും പോകുന്നില്ലെന്നും അത് പോകാന്‍ വേണ്ടിയാണ് താന്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെല്ലാം ചെയ്യുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. എന്നാല്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ലെന്നും എന്നാല്‍ ചോക്ലേറ്റ് ബോയില്‍ നിന്ന് ഡാര്‍ക്ക് ചോക്ലേറ്റ് ഇമേജ് ആയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗമുദി മുവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.
‘ചോക്ലേറ്റ് ബോയ് എന്ന പേര് എത്ര ശ്രമിച്ചിട്ടും പോകുന്നില്ല. അത് പോകാന്‍ വേണ്ടിയാണ് ഞാന്‍ വീണ്ടും വീണ്ടും ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ തേടി കണ്ടുപിടിച്ച് ചെയ്യുന്നത്. എന്നാലും ആ പേരങ്ങ് മാറുന്നില്ല. പക്ഷെ ഒരു മാറ്റം ഉണ്ട്, പണ്ട് ചോക്ലേറ്റ് ഹീറോ എന്ന് വിളിച്ചിരുന്നവര്‍ ഇപ്പോള്‍ ഡാര്‍ക്ക് ചോക്ലേറ്റ് ഹീറോ എന്നൊക്കെ വിളിക്കാന്‍ തുടങ്ങി. അതും ഒരു മാറ്റം ആണല്ലോ,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.
Content Highlight: Kunchako Boban Talks About Chocolate Hero Image