| Tuesday, 18th June 2024, 10:06 pm

തിയേറ്ററില്‍ വലിയ പരാജയമായ സിനിമ; ടി.വിയില്‍ കണ്ട് അര്‍ധരാത്രിയില്‍ പോലും അവര്‍ മെസേജ് അയക്കും: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ഒരു മലയാളം സ്പൂഫ് ചിത്രമായിരുന്നു ചിറകൊടിഞ്ഞ കിനാവുകള്‍. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനായിരുന്നു ചിത്രം നിര്‍മിച്ചത്.

മലയാളത്തിലെ ആദ്യ പാരഡി ചിത്രമെന്ന പ്രത്യേകതയും ചിറകൊടിഞ്ഞ കിനാവുകള്‍ക്കുണ്ട്. കുഞ്ചാക്കോ ബോബന്‍ മൂന്ന് വേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ ശ്രീനിവാസനും റിമ കല്ലിങ്കലുമായിരുന്നു മറ്റു പ്രധാന വേഷങ്ങളില്‍ ഒന്നിച്ചത്.

ചിറകൊടിഞ്ഞ കിനാവുകള്‍ തിയേറ്ററില്‍ വലിയ പരാജയമായിരുന്നുവെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. എന്നാല്‍ ആ സിനിമ ഇപ്പോഴും ടി.വിയില്‍ വരുമ്പോള്‍, പലരും കണ്ട ശേഷം എക്‌സൈറ്റഡായി രാത്രിയില്‍ തനിക്ക് മെസേജ് അയക്കാറുണ്ടെന്നും താരം പറയുന്നു.

തന്റെ ഏറ്റവും പുതിയ ചിത്രമായ ഗ്ര്‍ര്‍റിന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. കോമേര്‍ഷ്യലി നോക്കുകയാണെങ്കില്‍ ചിറകൊടിഞ്ഞ കിനാവുകള്‍ പരാജയമാണെങ്കിലും മറ്റൊരു രീതിയില്‍ വിജയമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘തിയേറ്ററില്‍ പരാജയപ്പെട്ട ചില സിനിമകളെ പറ്റി പിന്നീട് ആളുകള്‍ നല്ലത് പറയാറുണ്ട്. ഒരുപാട് സിനിമകള്‍ അത്തരത്തിലുണ്ട്. തൂവാനത്തുമ്പികള്‍ മുതല്‍ അതിനുള്ള ഉദാഹരണമാണ്. എന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ തിയേറ്ററില്‍ വലിയ പരാജയമായിരുന്നു.

പക്ഷെ ഇപ്പോഴും ടി.വിയില്‍ വരുമ്പോള്‍ ആ സിനിമ കണ്ട് എക്‌സൈറ്റഡായി അര്‍ധരാത്രിയില്‍ പോലും എനിക്ക് മെസേജ് അയക്കുന്നവരുണ്ട്. അത്തരത്തിലുള്ള സിനിമകള്‍ ഇനിയും ഉണ്ടാകാം. ഇത് പരാജയമാണോ എന്ന് ചോദിച്ചാല്‍ പരാജയമല്ല, വിജയമാണ്.

ഇപ്പോഴും ആളുകള്‍ കാണുകയും അവരെ ആ സിനിമ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്നുമുണ്ട്. മറ്റൊരു രീതിയില്‍ നോക്കിയാല്‍ അത് ആ സിനിമയുടെ വിജയം തന്നെയാണ്. അതേസമയം കോമേര്‍ഷ്യലി നോക്കുകയാണെങ്കില്‍ പരാജയമാണ്.

എന്തിന്റെ മീറ്ററിലാണോ ഒരു സിനിമയെ വിജയമാണോ പരാജയമാണോയെന്ന് തീരുമാനിക്കുന്നത്, അതിന്റെ അടിസ്ഥാനത്തിലാണ് അത്. ചില കൊമേഷ്യല്‍ പടങ്ങള്‍ നാല് കാശിന് കൊള്ളില്ലെന്ന് പറയുമ്പോഴും അത് തിയേറ്ററില്‍ ഒരുപാട് ഓടിയതാകും. ഇത് തന്നെ തിരിച്ചും സംഭവിക്കാറുണ്ട്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.


Content Highlight: Kunchacko Boban Talks About Chirakodinja Kinavukal Movie

We use cookies to give you the best possible experience. Learn more