Advertisement
Entertainment
ചോക്ലേറ്റ് ഹീറോ ഇമേജില്‍ ഞാന്‍ എന്തൊക്കെ ചെയ്തിട്ടുണ്ടോ അതൊന്നും ആ ചിത്രത്തിലില്ല: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 23, 02:27 am
Wednesday, 23rd October 2024, 7:57 am

 

മലയാളസിനിമക്ക് ഫാസിൽ സമ്മാനിച്ച നടന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ആദ്യ ചിത്രമായ അനിയത്തിപ്രാവ് ഇൻഡസ്ട്രി ഹിറ്റാക്കി മാറ്റിയ കുഞ്ചാക്കോ ബോബൻ പിന്നീട് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായി മാറി. സിനിമയിൽ നിന്ന് ഇടവേളയെടുത്ത കുഞ്ചാക്കോ ബോബൻ രണ്ടാം വരവിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് പ്രേക്ഷകരെ ഞെട്ടിച്ചു.

മിഥുൻ മാനുവലിന്റെ സംവിധാനത്തിൽ 2020ൽ പുറത്തിറങ്ങിയ അഞ്ചാം പാതിരാ എന്ന ചിത്രത്തിൽ അതുവരെ കുഞ്ചാക്കോ ബോബൻ ചെയ്തുകാണാത്ത രീതിയിലുള്ള കഥാപാത്രമായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. അൻവർ ഹുസൈൻ എന്ന ക്രിമിനോളജിസ്റ്റായി കുഞ്ചാക്കോ ബോബൻ വന്ന ചിത്രം വൻ വിജയമാകുകയും അദ്ദേഹത്തിന്റെ പ്രകടനത്തിന് നിരവധി നിരൂപക പ്രശംസ നേടുകയും ചെയ്തു.

അഞ്ചാം പാതിരാ മുതലാണ് താൻ വേറൊരു ട്രാക്കിലേക്ക് മാറുന്നതെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. ആ ചിത്രത്തിൽ തനിക്ക് അതുവരെ ഉണ്ടായിരുന്ന ചോക്ലേറ്റ് ഇമേജിൽ നിന്നുകൊണ്ടുള്ള യാതൊന്നും ഉണ്ടായിരുന്നില്ലെന്ന് കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.

പാട്ടോ നായികയോ ഹ്യൂമറുകളോ ഒന്നും തന്നെ അഞ്ചാം പാതിരയിൽ താൻ ചെയ്തില്ലെന്ന് പറഞ്ഞ കുഞ്ചാക്കോ ആ ചിത്രം കേമേഷ്യലി വിജയിച്ചതാണ് വ്യത്യസ്ത രീതിയിലുള്ള കഥാപാത്രം തെരഞ്ഞെടുക്കാൻ തനിക്ക് ഊർജമായതെന്നും കൂട്ടിച്ചേർത്തു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഞ്ചാം പാതിരാ മുതലാണ് സത്യത്തിൽ വേറൊരു ട്രാക്കിലേക്ക് മാറുന്നത്. അഞ്ചാം പാതിരയിൽ അതുവരെ ഉള്ള ചോക്ലേറ്റ് ഇമേജിൽ ഞാൻ എന്തൊക്കെ ചെയ്തിട്ടുണ്ടോ അതൊന്നും ആ സിനിമയിൽ ഞാൻ ചെയ്തിട്ടില്ല. ഹ്യൂമറില്ല, നായികമാരില്ല, പാട്ടുകളില്ല, കുട്ടിക്കളികൾ അങ്ങനെ ആരും ഇല്ല.

അത്തരത്തിൽ നോക്കിക്കഴിഞ്ഞാൽ എനിക്ക് ചെയ്യാൻ പറ്റാത്ത കഥാപാത്രവും സിനിമയും ആയിരുന്നു അത്. ആ സിനിമ കേമേഷ്യലി വിജയിച്ചതുകൊണ്ടാണ് വേറെ രീതിയിലേക്കുള്ള കഥാപാത്രങ്ങളും സിനിമയും ചെയ്യാനുള്ള ഊർജം ആയത്,’ കുഞ്ചാക്കോ ബോബൻ പറയുന്നു.

Content Highlight: Kunchacko Boban Talks About Ancham Pathira Movie