| Monday, 29th November 2021, 7:26 pm

മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍; 'നിറ'ത്തിന്റെ ഓര്‍മകള്‍ നല്‍കി യൂണിറ്റ് ഡ്രൈവറുടെ ഓടക്കുഴല്‍ പാട്ട്; ആസ്വദിച്ച് ചാക്കോച്ചനും ഇസഹാക്കും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമാ കൂട്ടുകെട്ടുകളിലൊന്നായ കുഞ്ചാക്കോ ബോബന്‍-ശാലിനി കൂട്ടുകെട്ടില്‍ 1999ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു നിറം. ചിത്രത്തിലെ ഗാനങ്ങളും സിനിമാസ്വാദകര്‍ക്ക് എന്നും പ്രിയപ്പെട്ടവയാണ്.

നിറത്തിലെ ‘മിഴിയറിയാതെ വന്നു നീ’ എന്ന പ്രണയഗാനം സിനിമായൂണിറ്റിലെ ബസ് ഡ്രൈവര്‍ സുനില്‍ എം.ടി ഓടക്കുഴലില്‍ വായിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ പ്രിയതാരം കുഞ്ചാക്കോ ബോബന്‍. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്.

കുഞ്ചാക്കോ ബോബനും മകന്‍ ഇസഹാക്കും പാട്ട് കേട്ടിരിക്കുന്നതും വീഡിയോയില്‍ കാണാം.


”വാക്കുകള്‍ കൊണ്ട് വിശദീകരിക്കാന്‍ കഴിയാത്തതായിരുന്നു അനുഭവം. കഴിവുറ്റ ചെറുപ്പക്കാരന്‍ ഈ മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ് സ്വയം പഠിച്ചെടുത്തതാണ്. കഠിനമേറിയ ജോലിയുടെ ദിവസങ്ങളിലും അതിനിടയില്‍ സ്വന്തം പാഷന് വേണ്ടി സമയം കണ്ടെത്തുന്നു. സുനില്‍ എം.ടി, ദ ഡ്രൈവര്‍ ബോയ് അറ്റ് അജയ് വാസുദേവ് മൂവി,” വീഡിയോ പങ്കുവെച്ച് താരം ഫേസ്ബുക്കില്‍ കുറിച്ചു.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത്. യൂണിറ്റ് ഡ്രൈവറായ സുനില്‍ ഡ്രൈവിംഗ് സീറ്റിലിരുന്ന് ഓടക്കുഴല്‍ വായിക്കുന്നതും സമീപത്തെ സീറ്റില്‍ ചാക്കോച്ചനും മകന്‍ ഇസഹാക്കും ഇരിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

ഇടയ്ക്ക് ‘ആ ചേട്ടന്‍ പാടുന്നത് കേട്ടോ,’ എന്ന് ചാക്കോച്ചന്‍ മകനോട് ചോദിക്കുന്നുമുണ്ട്.

കമലിന്റെ സംവിധാനത്തില്‍ സൗഹൃദവും പ്രണയവും പറഞ്ഞ ചിത്രമായിരുന്നു നിറം. വിദ്യാസാഗറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.

‘ഭീമന്റെ വഴി’ ആണ് കുഞ്ചാക്കോ ബോബന്റേതായി റിലീസിനൊരുങ്ങി നില്‍ക്കുന്ന ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kunchacko Boban shares video of unit driver playing his movie song in flute

Latest Stories

We use cookies to give you the best possible experience. Learn more