അഭിനയത്തിനൊപ്പം തന്നെ മമ്മൂട്ടി ഒപ്പം കൊണ്ടുനടക്കുന്ന പാഷനാണ് ഫോട്ടോഗ്രഫിയും. സിനിമാ സെറ്റില്‍ പോലും ക്യാമറാ കളക്ഷനുമായി എത്തുന്ന മമ്മൂട്ടിയെ പറ്റി പല താരങ്ങളും പറയാറുണ്ട്. അടുത്തിടെ അദ്ദേഹം എടുത്ത ദുല്‍ഖര്‍ സല്‍മാന്റെ ചിത്രവും വൈറലായിരുന്നു.
കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്കിന്റെ ചിത്രവും പകര്‍ത്തിയിരിക്കുകയാണ് മമ്മൂട്ടി. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് മമ്മൂട്ടി ഇസഹാക്കിന്റെ ഫോട്ടോയെടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
‘മെഗാ M ലെന്‍സിലൂടെ ഇസുവിനെയും പകര്‍ത്തി. മെഗാ Mന്റെ ഫാന്‍ബോയ് എന്ന നിലയില്‍ അവരെ രണ്ടുപേരെയും ഞാനും പകര്‍ത്തി,’ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം കുഞ്ചാക്കോ ബോബന്‍ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
ഭീഷ്മ പര്‍വ്വം, സി.ബി.ഐ 5 ദി ബ്രെയ്ന്‍ എന്നീ ചിത്രങ്ങളുടെ ഷൂട്ടിനിടയില്‍ ശ്രിന്ദ, വീണ നന്ദകുമാര്‍, ലെന, കെ. മധു എന്നിവരുടേതുള്‍പ്പെടെ മമ്മൂട്ടി പകര്‍ത്തിയ ചിത്രങ്ങള്‍ വൈറലായിരുന്നു.
പുഴുവാണ് ഒടുവില്‍ പുറത്തിറക്കിയ മമ്മൂട്ടി ചിത്രം. നവാഗതയായ റത്തീനയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പാര്‍വതി, അപ്പുണ്ണി ശശി, കോട്ടയം രമേശ്, നെടുമുടി വേണു എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലെത്തുന്ന നന്‍ പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ സംവിധാനത്തിലൊരുങ്ങുന്ന റൊഷാക്ക് എന്നിവയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍.
Content Highlight: Kunchacko Boban shared the photo of Mammootty and his son Izhaac on social media