'അമ്മ' സംഘടനയില്‍ ഇപ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ശ്രദ്ധിക്കാറില്ല, ചെറിയ കാര്യങ്ങള്‍ക്ക് പോലും ആളുകള്‍ വൈലന്റാകുന്ന അവസ്ഥയുണ്ട്: കുഞ്ചാക്കോ ബോബന്‍
Entertainment news
'അമ്മ' സംഘടനയില്‍ ഇപ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ശ്രദ്ധിക്കാറില്ല, ചെറിയ കാര്യങ്ങള്‍ക്ക് പോലും ആളുകള്‍ വൈലന്റാകുന്ന അവസ്ഥയുണ്ട്: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th July 2022, 10:41 pm

മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ( A.M.M.A ) പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന തീരുമാനം വലിയ ചര്‍ച്ചയായിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍.

യുവ താരങ്ങളുടെ സഹകരണവും പ്രാതിനിധ്യവും കുറയുന്നു എന്ന സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ് സംഘടന നടപടി സ്വീകരിക്കുമെന്ന തീരുമാനത്തിലേക്ക് എത്തിയത്. രണ്ടുവര്‍ഷം തുടര്‍ച്ചയായി സഹകരിക്കാതിരുന്നാല്‍ നടപടിയെടുക്കുമെന്നും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്നും ഒഴിവാക്കുമെന്നുമായിരുന്നു സംഘടനയുടെ കഴിഞ്ഞ യോഗത്തില്‍ തീരുമാനമായത്.

ഈ നടപടിയുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. അമ്മയുടെ യോഗത്തില്‍ കുഞ്ചാക്കോ ബോബന്‍ പങ്കെടുത്തിരുന്നില്ല. അതിന്റെ കാരണം സംഘടന ഭാരവാഹികളെ അറിയിച്ചിരുന്നുവെന്നാണ് താരം പറയുന്നത്.
റിപ്പോര്‍ട്ടര്‍ ടി. വിയോടായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം.

സംഘടനയില്‍ ഇപ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നും സിനിമയിലാണ് ഇപ്പോള്‍ ശ്രദ്ധയെന്നും ചെറിയ കാര്യങ്ങള്‍ക്ക് പോലും ആളുകള്‍ വൈലന്റാകുന്ന അവസ്ഥയുണ്ടെന്നുമാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

‘അങ്ങനെ ഒരു അറിയിപ്പ് കിട്ടിയിട്ടില്ല. സ്ഥലത്ത് ഇല്ലായിരുന്നു എന്നതൊക്കെയാണ് സത്യം. കഴിഞ്ഞ പ്രാവശ്യം സര്‍ജറിയും കാര്യങ്ങളുമായി തിരക്കിലായിരുന്നു. ഈ തവണ ദുബായിലായിരുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളായിരുന്നു കൂടുതലും. അതുകൊണ്ടാണ് യോഗങ്ങളില്‍ പങ്കെടുക്കാത്തതെന്ന് അറിയിച്ചിരുന്നു.

സംഘടനയില്‍ ഇപ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ശ്രദ്ധിക്കാറില്ല. സിനിമയിലാണ് ഇപ്പോള്‍ ശ്രദ്ധ. സംഘടനയിലെ കാര്യങ്ങള്‍ അതിന്റേതായ ആളുകള്‍ ഇടപെട്ട് മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ചെറിയ കാര്യങ്ങള്‍ക്ക് പോലും ആളുകള്‍ വൈലന്റാകുന്ന അവസ്ഥയുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തെ പലരും അഭിപ്രായ ദുസ്വാതന്ത്ര്യമായിട്ട് ഉപയോഗിക്കാറുണ്ട്. അതിനോടാണ് എനിക്ക് വിയോജിപ്പുള്ളത്. കാര്യങ്ങള്‍ മനസിലാക്കാതെയാണ് അഭിപ്രായം പറയുക. അവരുടെ അഭിപ്രായങ്ങളാണ് ശരി എന്ന രീതിയിലാണ് സംസാരിക്കുക. സോഷ്യല്‍ മീഡിയകളില്‍ സംഭവിക്കുന്നതും അത് തന്നെയാണ്.

അതിന് ഏതെങ്കിലും രീതിയിലുള്ള നിയന്ത്രണങ്ങള്‍ ഒന്നുമില്ല. അത് എല്ലാ രീതിയിലും ഫീല്‍ഡിലും ബാധിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു

Content Highlight: Kunchacko Boban says that he is not conscious about the issues happening in A.M.M.A organization, people become violent even on small issues