| Wednesday, 3rd August 2022, 11:29 pm

പരാജയങ്ങളിൽ നിന്ന് ഉയർന്നുവരുന്നവരിൽ പഠിക്കാൻ ഒരുപാടുണ്ടാകും, ഫഹദ് എന്നെ സ്വാധീനിച്ച വ്യക്തി: കുഞ്ചാക്കോ ബോബൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിൽ റിലീസ്‌ ചെയ്യാനിരിക്കുന്ന ഏറ്റവും പുതിയ കുഞ്ചാക്കോ ബോബൻ ചിത്രമാണ് ന്നാ താൻ കേസ് കൊട്. ചിത്രത്തിലെ ഗാനങ്ങളും ടീസറും ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി മൂവി മാൻ ബ്രോഡ്കാസ്റ്റിങ്ങിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ സ്വാധീനിച്ച വ്യക്തികളെ പറ്റി പറയുകയാണ് കുഞ്ചാക്കോ ബോബൻ. ഫഹദ് ഫാസിൽ തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണെന്നും ഫാഹദിൽ നിന്ന് കുറെ കാര്യങ്ങൾ താൻ പഠിച്ചു എന്നുമാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.

പരാജയങ്ങളിൽ നിന്നും ഉയർന്നുവരുന്നവരിൽ നിന്നും പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടാകുമെന്നും കുഞ്ചാക്കോ കൂട്ടിച്ചേർക്കുന്നു.

‘ഞാനും ഫഹദും ഫാസിൽ എന്ന യൂണിവേഴ്‌സിറ്റിയിൽ നിന്ന് പഠിച്ചിറങ്ങിയവരാണ്. പുള്ളി എവിടെനിന്ന് സ്റ്റാർട്ട് ചെയ്തു എന്നത് നമ്മൾ കണ്ടതാണ്. പൂജ്യത്തിൽ നിന്നും നൂറിലെത്തി. അത് ശരിക്കും അപ്രിഷിയേറ്റ് ചെയ്യേണ്ട കാര്യമാണ്. വേറൊരു തരത്തിൽ എനർജി കൊടുക്കുന്ന കാര്യം കൂടിയാണ്’, കുഞ്ചാക്കോ ബോബൻ പറഞ്ഞു.

‘പരാജയങ്ങളിൽ നിന്ന് ഉയർന്നുവരുന്നവരിൽ നിന്ന് കണ്ടുപഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടാകും. ഞാൻ അദ്ദേഹത്തിൽ നിന്ന് കുറെ പഠിച്ചു,’ കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർക്കുന്നു.

ഗായത്രി ശങ്കറാണ് ന്നാ താൻ കേസ് കൊടിലെ നായിക.ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം സംവിധായകൻ രതീഷും നിർമാതാവ് സന്തോഷ് ടി. കുരുവിളയും ഒന്നിക്കുന്ന ചിത്രമാണ് ന്നാ താൻ കേസ് കൊട്.

മഹേഷിന്റെ പ്രതികാരം, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വൈറസ്, ആർക്കറിയാം, നാരദൻ എന്നീ സിനിമകളുടെ നിർമാതാവായ സന്തോഷ് ടി. കുരുവിളയുടെ പന്ത്രണ്ടാമത്തെ ചിത്രമാണിത്. കനകം കാമിനി കലഹമാണ് രതീഷ് ഒടുവിൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം.

കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു ചെറിയ പ്രശ്നവുമായി കോടതിയെ സമീപിക്കുന്നതും, തന്റെ കേസ് വാദിക്കാൻ ശ്രമിക്കുന്നതുമാണ് ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ പ്രേമയമെന്നാണ് സൂചന. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഗാനരചന-വൈശാഖ് സുഗുണൻ, സംഗീതം-ഡോൺ വിൻസെന്റ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ- അരുൺ സി. തമ്പി, പ്രൊഡക്ഷൻ കൺട്രോളർ- ബെന്നി കട്ടപ്പന, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം- മെൽവി ജെ, സ്റ്റിൽസ്- സാലു പേയാട്, പരസ്യകല- ഓൾഡ് മോങ്ക്സ്, സൗണ്ട്- വിപിൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -സുധീഷ് ഗോപിനാഥ്, ഫിനാൻസ് കൺട്രോളർ- ജോബീസ് ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജംഷീർ പുറക്കാട്ടിരി.

Content Highlight: Kunchacko boban says that fahad fazil has inspired him

We use cookies to give you the best possible experience. Learn more