|

മലയാള സിനിമയിലെ മികച്ച ആക്ഷന്‍ രംഗമുള്ളത് ആ ലാലേട്ടന്‍ ചിത്രത്തിന്റെ ക്ലൈമാക്‌സില്‍: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുകാലത്ത് മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോയായിരുന്നു കുഞ്ചാക്കോ ബോബന്‍. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം കഴിഞ്ഞ കുറച്ചുകാലങ്ങളായി വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബോഗയ്ന്‍വില്ലയിലും കുഞ്ചാക്കോ ബോബന്‍ സിനിമാപ്രേമികളെ ഞെട്ടിച്ചു.

മലയാള സിനിമയിലെ ഏറ്റവും മികച്ച ഫൈറ്റ് സീക്വന്‍സ് ഉള്ളത് കിരീടം സിനിമയുടെ ക്ലൈമാക്‌സിലാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്  – കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായി വരുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.

ന്യായീകരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമാണ് ആക്ഷന്‍ സീനുകളില്‍ കഥാപാത്രത്തോട് പ്രേക്ഷകന് ഒരു ഇമോഷണല്‍ കണക്ഷന്‍ തോന്നുകയുള്ളുവെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു.

മലയാളത്തിലെ മികച്ച ആക്ഷന്‍ രംഗം കിരീടം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ഫൈറ്റ് ആണെന്നും അത്രയും വലിയ കീരിക്കാടന്‍ ജോസിനെ സേതുമാധവന്‍ ഇടിച്ചിടുന്നതിന് പുറകില്‍ ഇമോഷണലായ ഒരു കാരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ബോഗെയ്ന്‍വില്ലയില്‍ ഷറഫുദ്ദീനെ ഇടിക്കുന്ന ആ സീനിലെല്ലാം കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. പിന്നെ ടെക്നിക്കല്‍ ആസ്‌പെക്ട് നമ്മളെ ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ട്. മാത്രമല്ല ചുമ്മാ വന്ന് രണ്ട് ഇടി ഇടിക്കുന്നതിന് അപ്പുറം ആ കഥാപാത്രം ഒരു കാരണം ഉള്ളതുകൊണ്ടാണ് ചെയ്യുന്നത്. അത് ന്യായീകരിക്കാവുന്നതാണോ എന്നുമാത്രം നോക്കിയാല്‍ മതി.

ഇപ്പോള്‍ ഓഫീസര്‍ എന്ന സിനിമയില്‍ ആണെങ്കില്‍ പോലും ഒരുപാട് ആക്ഷന്‍ രംഗങ്ങള്‍ ഉണ്ട്. അത് ജസ്റ്റിഫയബിള്‍ ആണെങ്കില്‍ മാത്രമാണ് അയാള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും അതേ രീതിയില്‍ ആളുകള്‍ സ്വീകരിക്കുകയുള്ളൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

അതിനൊരു ഉദാഹരണം എന്ന് എനിക്ക് തോന്നിയിട്ടുള്ളത് കിരീടം സിനിമയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച ഫൈറ്റ് സീക്വന്‍സ് ഉള്ളത് കിരീടം സിനിമയുടെ ക്ലൈമാക്‌സിലാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത്രയും ആജാനബാഹുവായിട്ടുള്ള കീരിക്കാടന്‍ ജോസിനെ അങ്ങനെ അടിയും ഇടിയും ഒന്നും പരിചയമില്ലാത്ത ലാലേട്ടന്റെ ക്യാരക്ടറായ സേതുമാധവന്‍ അടിച്ച് കൊള്ളണമെങ്കില്‍ അതിന് പുറകില്‍ ഇമോഷണലായ ഒരു കാരണമുണ്ട്.

അങ്ങനെ എന്തെങ്കിലും ജസ്റ്റിഫയബിള്‍ ആയ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമാണ് നമ്മള്‍ കൊടുക്കുന്ന ഓരോ ഇടിക്കും പവര്‍ തോന്നുകയുള്ളൂ. റോയിസിന്റെ കാര്യത്തില്‍ അത് സംഭവിച്ചിട്ടുണ്ട്. ഓഫീസറിന്റെ കാര്യത്തിലും അത് സംഭവിക്കട്ടെ,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Content highlight: Kunchacko Boban says Kireedam Movie has the best fight sequence in malayalam cinema

Latest Stories