അറിയിപ്പ് എന്ന സിനിമയിലെ തന്റെ കഥാപാത്രം വെറുപ്പുണ്ടാക്കുന്നുണ്ടെങ്കില്‍ അതില്‍ സന്തോഷമേയുള്ളുവെന്ന് കുഞ്ചാക്കോ ബോബന്‍. മഹേഷ് ഇങ്ങനെ ഒരു കഥ വന്ന് പറയുമ്പോള്‍ തന്നെ വെറുക്കുന്ന രീതിയില്‍ എത്രത്തോളം കണ്‍വിന്‍സിങ് ആയി ചെയ്യാം എന്നതായിരുന്നു ചിന്തയെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
അറിയിപ്പിലെ കഥാപാത്രം കണ്ട് വെറുത്തുപോയെന്നും അത് തെരഞ്ഞെടുക്കുമ്പോള്‍ ഇമേജിനെ ബാധിക്കുമെന്ന് ചിന്തിച്ചിരുന്നോ എന്നുമായിരുന്നു അവതാരകയുടെ ചോദ്യം.
‘അങ്ങനെ ഞാന്‍ ചിന്തിക്കുമായിരുന്നെങ്കില്‍ ഇതുപോലത്തെ നല്ല സിനിമകളും കഥാപാത്രങ്ങളും നഷ്ടമാവുമായിരുന്നു. അങ്ങനെ പോവരുത് എന്ന് വിചാരിക്കുന്ന അത്തരം കഥാപാത്രങ്ങളോട് ആര്‍ത്തിയുള്ള സ്വാര്‍ത്ഥനായ ആക്ടറാണ് ഞാന്‍. മഹേഷ് ഇങ്ങനെ ഒരു കഥ വന്ന് പറയുമ്പോള്‍, ഇതുവരെ എന്നെ കണ്ടിട്ടില്ലാത്ത രീതിയില്‍, ഒരു പരിധി വരെ എന്നെ വെറുക്കുന്ന രീതിയില്‍ എത്രത്തോളം കണ്‍വിന്‍സിങ് ആയി ചെയ്യാം എന്നതായിരുന്നു എന്റെ ചിന്ത. അത് ഏറ്റവും നല്ല രീതിയില്‍ ലഭിച്ചു എന്നതാണ് സത്യം.
വെറുത്തു എന്ന് പറയുമ്പോള്‍ അത് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അഭിനന്ദനമാണ്. അതില്‍ സന്തോഷമേയുള്ളൂ. നിങ്ങള്‍ ആ കഥാപാത്രത്തെ വെറുക്കുന്നുണ്ടെങ്കില്‍ സന്തോഷമാണ്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
മറ്റ് ഭാഷകളിലെ സിനിമകള്‍ ചെയ്യാത്തതിനുള്ള കാരണവും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ‘അത്തരത്തിലുള്ള ഓഫറുകള്‍ ഒഴിവാക്കിയിട്ടുണ്ട്. അതിന് പ്രധാനപ്പെട്ട കാരണം, മലയാളത്തില്‍ അത്രയധികം എക്‌സൈറ്റിങ് ആയിട്ടുള്ള, സ്വപ്നം കണ്ടിട്ടുള്ള കഥാപാത്രങ്ങളും സിനിമകളും കിട്ടുന്നുണ്ട് എന്നുള്ളതാണ്.
ഒ.ടി.ടി. വന്നതിന് ശേഷം മലയാള സിനിമയ്ക്ക് ക്വാളിറ്റിയുള്ള ഒരു വെറൈറ്റി ഉണ്ടായിട്ടുണ്ട്. അത്രത്തോളം മറ്റ് ഭാഷകള്‍ക്ക് അവകാശപ്പെടാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. മറ്റ് ഭാഷകളില്‍ നിന്ന് എക്‌സൈറ്റഡ് ആയിട്ടുള്ള കഥകള്‍ വരുകയും അതിനോട് നീതിപുലര്‍ത്താന്‍ സാധിക്കുകയുമാണെങ്കില്‍ ഉറപ്പായും ചെയ്യും.
ദുല്‍ഖറും ഫഹദും ഒക്കെ മറ്റ് ഭാഷകള്‍ കൈകാര്യം ചെയ്യുന്നത് കണ്ട് ഞെട്ടിപ്പോയിട്ടുണ്ട്. പതുക്കെ പതുക്കെ അതെന്തായാലും ട്രൈ ചെയ്യണം. കാശിന് വേണ്ടിയിട്ട് നമ്മള്‍ പടം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. സിനിമ നന്നാകുകയാണെങ്കില്‍ അതെല്ലാം പുറകെ വരും,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ചാവേറാണ് ഉടന്‍ പുറത്തിറങ്ങാനൊരുങ്ങുന്ന കുഞ്ചാക്കോ ബോബന്റെ സിനിമ. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവരും അഭിനയിക്കുന്നുണ്ട്. സെപ്റ്റംബര്‍ 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Content Highlight: Kunchacko Boban says he’s happy if his character in the film ‘Notification’ causes hatred