ഫാസില്‍ മലയാളസിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കിയ കുഞ്ചാക്കോ ബോബന്‍ ഒരുകാലത്ത് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായിരുന്നു. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഓരോ ചിത്രത്തിലും താരത്തിന്റെ ഗെറ്റപ്പും പെര്‍ഫോമന്‍സും വ്യത്യസ്തമായിരുന്നു.
ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബോഗെയന്‍വില്ലയിലും കുഞ്ചാക്കോ ബോബന്‍ സിനിമാപ്രേമികളെ ഞെട്ടിച്ചു. ഓരോ സംവിധായകരോടും ഇപ്പോഴും അവസരം ചോദിക്കാന്‍ മടിയില്ലാത്തയാളാണ് താനെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. തന്നിലെ പെര്‍ഫോമറെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള കഥകള്‍ ചോദിച്ചുവാങ്ങാനാണ് ആഗ്രഹമെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
സിനിമയോടുള്ള പാഷന്‍ കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും ഇ.എം.ഐ അടച്ചുതീര്‍ക്കാനല്ല അതെല്ലാം ചെയ്യുന്നതെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു. മലയാളസിനിമ ഇന്ന് ഇന്ത്യയൊട്ടുക്ക് ചര്‍ച്ചാവിഷയമാണെന്നും അതില്‍ ഭാഗമാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ഓരോ സംവിധായകരോടും തന്നെ പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കാനും കഥാപാത്രത്തിലേക്ക് മോള്‍ഡ് ചെയ്യാന്‍ കഴിയുമോ എന്ന് ചോദിക്കാറുമുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു. കഴിവുള്ള ഒരുപാട് ഫിലിം മേക്കേഴ്‌സ് മലയാളത്തിലുണ്ടെന്നും അവരോടൊപ്പം വര്‍ക്ക് ചെയ്യാന്‍ എല്ലാവര്‍ക്കുമുള്ളതുപോലെ തനിക്കും ആഗ്രഹമുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഓരോ സംവിധായകനെ കാണുമ്പോഴും അവരോട് ചാന്‍സ് ചോദിക്കാന്‍ മടിയില്ലാത്തയാളാണ് ഞാന്‍. അമല്‍ നീരദിനോട് ഒരുപാട് തവണ ചോദിച്ചിട്ടാണ് ബോഗെയ്ന്‍വില്ലയില്‍ ചാന്‍സ് കിട്ടിയത്. സിനിമയോടുള്ള പാഷന്‍ കാരണമാണ് ഇപ്പോഴും ചാന്‍സ് ചോദിക്കുന്നത്. നല്ല സിനിമകളുടെ ഭാഗമാകാനാണ് എപ്പോഴും ആഗ്രഹം. അല്ലാതെ നമ്മുടെ ഇ.എം.ഐ അടയ്ക്കാനൊന്നുമല്ല ഇതെല്ലാം ചെയ്യുന്നത്. അതുകൊണ്ട് ഏത് സംവിധായകനെ കണ്ടാലും ചോദിക്കുന്നത് നമ്മളെ ഇതുവരെ കാണാത്ത രീതിയില്‍ നിങ്ങള്‍ക്ക് പ്രസന്റ് ചെയ്യാന്‍ പറ്റുമോ എന്നാണ്.
അവര്‍ നമ്മളെ പുതിയൊരു ഡയമെന്‍ഷനിലേക്ക് മോള്‍ഡ് ചെയ്യണമെന്നാണ് ആഗ്രഹം. അതുമാത്രമല്ല, ഇപ്പോള്‍ ഇന്ത്യയില്‍ പലയിടത്തും മലയാളസിനിമയാണ് ചര്‍ച്ചാവിഷയം. ഇവിടെയിറങ്ങുന്ന കണ്ടന്റുകളും നമ്മുടെ ഫിലിം മേക്കിങ്ങുമെല്ലാം അവര്‍ അത്ഭുതത്തോടെയാണ് കാണുന്നത്.
അങ്ങനെയുള്ളപ്പോള്‍ അവരുടെ ചര്‍ച്ചയില്‍ നമ്മളും ഭാഗമാകണമെന്ന് സ്വാഭാവികമായും ആഗ്രഹിക്കുമല്ലോ. കഴിവുള്ള ഫിലിംമേക്കേഴ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നത് പോലെ ഞാനും ആഗ്രഹിക്കുന്നു, അത്രയേ ഉള്ളൂ,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
Content Highlight: Kunchacko Boban says he don’t hesitate to ask chance to new directors