സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിനേതാക്കളുടെ അഭിമുഖങ്ങള്‍ക്കെതിരെയും പ്രസ് മീറ്റിനെതിരെയും വലിയ വിമര്‍ശനങ്ങള്‍ അടുത്ത കാലത്ത് ഉണ്ടാവുന്നുണ്ട്. സിനിമക്കപ്പുറത്തുള്ള, സ്വകാര്യതയിലേക്ക് കടന്നു കയറുന്നതും ക്ലിക്ക് ബൈറ്റിന് വേണ്ടിയുള്ള ചോദ്യങ്ങളും വരുന്നത് ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനങ്ങള്‍ ഉയരാറുള്ളത്.
താരങ്ങള്‍ ഈ ചോദ്യങ്ങളോട് ക്ഷോഭത്തോടെയും സൗമ്യമായും പ്രതികരിക്കാറുണ്ട്. ചില താരങ്ങള്‍ ഉരുളക്കുപ്പേരി പോലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചുട്ട മറുപടിയും കൊടുക്കാറുണ്ട്. അതുപോലെ റിപ്പോര്‍ട്ടര്‍ ചാനലിലെ അഭിമുഖത്തില്‍ അവതാരകന്‍ ഹൈദരലിക്ക് കുഞ്ചാക്കോ ബോബന്‍ കൊടുത്ത മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് കുഞ്ചാക്കോ ബോബനും ചിത്രത്തിലെ നായിക ഗായത്രിയും അഭിമുഖത്തിന് വന്നത്.
തമിഴില്‍ കൂടുതല്‍ സിനിമ വിജയ് സേതുപതിയുമായിട്ടാണ് വരുന്നത്, അതെന്താണ് അങ്ങനെ ഒരു അറ്റാച്ച്‌മെന്റ് എന്നായിരുന്നു ചോദ്യം. പ്രോജക്റ്റില്‍ ഞാനായിരിക്കും ആദ്യം വരുന്നത്. പിന്നെ ആയിരിക്കും സേതു വരുന്നത്. കാണുമ്പോള്‍ ആര്‍ക്കും മനസിലാവില്ല, പിന്നെ ഞങ്ങള്‍ അതൊന്നും പറയാന്‍ നിക്കില്ല. അത് അങ്ങനെയാണ്, ഞങ്ങള്‍ക്ക് കുറെ മ്യൂച്ചല്‍ ഫ്രണ്ട്‌സ് ഉണ്ട്. അവര്‍ സിനിമ എടുക്കുമ്പോള്‍ ഞങ്ങളെ രണ്ട് പേരേയും വിളിക്കുമെന്ന് ഗായത്രി മറുപടി പറഞ്ഞു.
പുള്ളിക്കാരന്‍ ചോദിച്ചത് എന്താണെന്ന് വെച്ചാല്‍ നിങ്ങള്‍ കല്ല്യാണം കഴിക്കുമോ എന്നുള്ളതാണെന്ന് കുഞ്ചാക്കോ ബോബന്‍ ഇതിനോട് ചേര്‍ത്ത് പറഞ്ഞു. കുഞ്ചാക്കോ ബോബന്‍ പറഞ്ഞത് കേട്ട് പൊട്ടിച്ചിരിച്ച അവതാരകന്‍ ചാക്കോച്ചന്‍ എന്റെ മനസ് വായിക്കുകയാണെന്ന് പറഞ്ഞു. ദുഷ്ടന്മാരുടെ മനസ് പെട്ടെന്ന് വായിക്കാന്‍ പറ്റുമെന്നായിരുന്നു ഇതിനോടുള്ള കുഞ്ചാക്കോ ബോബന്റെ മറുപടി.
അവതാരകന്റെ ചോദ്യത്തിനുള്ള മറുപടിയായി വിജയ് സേതുപതി കല്യാണം കഴിച്ചതാണെന്ന് ഗായത്രി പറഞ്ഞു. ഞാന്‍ കുറെ കേട്ടിട്ടുള്ളതാണെന്നും നാല് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചപ്പോള്‍ ശാലിനിയെ ഞാന്‍ കെട്ടുമോ എന്ന് കുറെ പേര് ചോദിച്ചതാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
വിക്രത്തില്‍ എന്നെ കൊന്നു, എന്നെ ശരിക്കും കൊല്ലുമോ എന്ന് ചോദിക്കുമോയെന്ന് ഗായത്രി പറഞ്ഞപ്പോള്‍ സ്വഭാവം വെച്ച് അങ്ങനെ ചോദിക്കേണ്ടതാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
Content Highlight: Kunchacko Boban’s reply to anchor Hyderali in an interview on reporter channel is going viral on social media