താളം തെറ്റിയ റെജിമോന്‍ നാടാര്‍; അത്രയ്ക്ക് അങ്ങ് ശൂപ്പറാകാത്ത ചാക്കോച്ചന്‍
Cinema
താളം തെറ്റിയ റെജിമോന്‍ നാടാര്‍; അത്രയ്ക്ക് അങ്ങ് ശൂപ്പറാകാത്ത ചാക്കോച്ചന്‍
വി. ജസ്‌ന
Tuesday, 18th June 2024, 8:11 pm

ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഇടയിലേക്ക് പറന്നിറങ്ങിയ നടനാണ് കുഞ്ചാക്കോ ബോബന്‍. തന്റെ കരിയറിന്റെ തുടക്കത്തില്‍ കൂടുതലും ചോക്ലേറ്റ് ബോയ് വേഷങ്ങള്‍ മാത്രമായിരുന്നു താരത്തിന് ലഭിച്ചിരുന്നത്.

എന്നാല്‍ ഒരു കാലത്ത് റൊമാന്റിക് കഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ കുറച്ചു കാലമായി വ്യത്യസ്ത കഥാപാത്രങ്ങളുമായാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഇതിലൂടെ താനൊരു മികച്ച നടനാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് അദ്ദേഹം.

എസ്രക്ക് ശേഷം ജയ്. കെ സംവിധാനം ചെയ്ത ഗ്ര്‍ര്‍ര്‍ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഒരു സിംഹത്തെ കേന്ദ്ര കഥാപാത്രമാക്കി എത്തിയ ചിത്രമാണ് ഇത്. സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാനവേഷത്തില്‍ എത്തിയ ചിത്രത്തില്‍ റെജിമോന്‍ നാടാര്‍ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ എത്തിയത്.

തിരുവനന്തപുരത്തെ മൃഗശാലയില്‍ കഴിയുന്ന ദര്‍ശന്‍ എന്ന സിംഹമാണ് ഇതിലെ നായകന്‍. റെജിമോന്‍ അയാളുടെ പ്രണയത്തില്‍ താന്‍ പറ്റിക്കപ്പെടുകയായിരുന്നു എന്ന തെറ്റിദ്ധാരണ കാരണം മദ്യപിച്ച ശേഷം ഈ സിംഹക്കൂട്ടിലേക്ക് എടുത്തു ചാടുകയാണ്. തന്റെ ധീരത തെളിയിക്കാനാണ് റെജി സിംഹത്തെ വെല്ലുവിളിച്ചു കൊണ്ട് കൂട്ടിലേക്ക് കയറുന്നത്.

അതേ മൃഗശാലയില്‍ ജോലി ചെയ്യുന്ന ഹരിദാസന്‍ റെജിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ഇടയില്‍ ആ സിംഹക്കൂട്ടില്‍ അകപ്പെടുന്നതോടെയാണ് സിനിമ കാണുന്ന പ്രേക്ഷകരില്‍ ആകാംഷ നിറയുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ ഹരിദാസനായി എത്തിയത്.

ഏറെ നാളിന് ശേഷം സുരാജ് ഒരു നര്‍മം നിറഞ്ഞ കഥാപാത്രമായി എത്തിയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അതേസമയം കുഞ്ചാക്കോ ബോബന്‍ ഒരു കള്ളുകുടിയനായി എത്തുന്നത് ഇതാദ്യമല്ല. 2022ല്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലും താരം കള്ളുകുടിയനായി എത്തിയിരുന്നു.

രാജീവന്‍ എന്ന കഥാപാത്രമായി എത്തിയ ‘ന്നാ താന്‍ കേസ് കൊട്’ സിനിമയിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് രാജീവനെ കണക്കാക്കുന്നത്.

മുമ്പൊന്നും കാണാത്ത ഭാവത്തിലായിരുന്നു ‘ന്നാ താന്‍ കേസ് കൊട്’ സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഗ്ര്‍ര്‍റില്‍ വലിയ ഭാവ മാറ്റമൊന്നും വരുത്താതെയാണ് താരം എത്തിയത്. എങ്കിലും കള്ളുകുടിച്ച ശേഷമുള്ള മാനറിസങ്ങളും മറ്റും അദ്ദേഹം മോശമാകാത്ത രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയിലെ പാട്ട് സീനില്‍ എവിടെയൊക്കെയോ പണ്ടത്തെ ചോക്ലേറ്റ് ബോയ് ആയ കുഞ്ചാക്കോ ബോബനെയും ഓര്‍ത്തെടുക്കാന്‍ സാധിച്ചിട്ടുണ്ട്. താന്‍ പ്രണയത്തില്‍ ചതിക്കപ്പെടുകയായിരുന്നു എന്ന ചിന്ത വരുന്നയിടത്ത് ആ വേദന താരത്തിന്റെ അഭിനയത്തിലൂടെ കാണാന്‍ കഴിഞ്ഞിരുന്നു.

പിന്നീട് സിംഹക്കൂട്ടില്‍ അകപ്പെട്ടതിന് ശേഷമുള്ള കുഞ്ചാക്കോ ബോബന്റെ അഭിനയം ചിലയിടങ്ങളില്‍ താളം തെറ്റിയത് പോലെ തോന്നിയിരുന്നു. കുറച്ചു കൂടെ നന്നാക്കാമായിരുന്നു എന്നു തോന്നുന്ന കഥാപാത്രം തന്നെയായിരുന്നു റെജിമോന്‍ നാടാര്‍. എങ്കിലും കുറച്ച് നാളിന് ശേഷമെത്തുന്ന കുഞ്ചാക്കോ ബോബന്റെ കോമഡി സിനിമകളില്‍ ഒന്നായി തന്നെ ഗ്ര്‍ര്‍റിനെ വിലയിരുത്താം.

Content Highlight: Kunchacko Boban’s Rejimon Nadar In Grrr Movie

വി. ജസ്‌ന
ഡ്യൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ