കരിയറിലെ ആദ്യ ഡയറക്ട് നെറ്റ്ഫ്‌ളിക്‌സ് റിലീസിനൊരുങ്ങി കുഞ്ചാക്കോ ബോബന്‍. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പാണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നത്.
അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ മികച്ച പ്രതികരണം നേടിയ ശേഷമാണ് അറിയിപ്പ് ഒ.ടി.ടി റിലീസിന് എത്തുന്നത്. ലോകാര്‍ണോ, ബി.എഫ്.ഐ ലണ്ടന്‍ എന്നീ മേളകളിലെ പ്രദര്‍ശനത്തിന് ശേഷം ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് കൂടി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ചിത്രം.
ന്യൂദല്‍ഹിയില്‍ ജോലി ചെയ്യുന്ന മലയാളികളായ ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു പഴയ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ദമ്പതികളായ ഹരീഷും രശ്മിയും വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ കഥാപരിസരം.
ഹരീഷായി കുഞ്ചാക്കോ ബോബനെത്തുമ്പോള്‍ ദിവ്യപ്രഭയാണ് രശ്മിയുടെ വേഷം ചെയ്യുന്നത്. കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുഞ്ചാക്കോ നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ഉദയ പിക്‌ച്ചേഴ്‌സും മൂവിങ് നരേറ്റീവ്‌സും നിര്‍മാണത്തില്‍ പങ്കാളികളാകുന്നുണ്ട്.
നെറ്റ്ഫ്‌ളിക്‌സിനേക്കാള്‍ മികച്ച പ്ലാറ്റ്‌ഫോം അറിയിപ്പിന് ലഭിക്കാനില്ലെന്നാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ച് മഹേഷ് നാരായണന്‍ പറയുന്നത്. വെറൈറ്റിക്ക് നല്‍കിയ പ്രതികരണത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ലോകത്തിലെ വിവിധ ചലച്ചിത്ര മേളകളില്‍ നിന്ന് അറിയിപ്പിന് ലഭിക്കുന്ന സ്‌നേഹത്തിലും അഭിനന്ദനങ്ങളിലും ഞങ്ങള്‍ ഒരുപാട് സന്തുഷ്ടരാണ്. പതിനേഴ് വര്‍ഷത്തിന് ശേഷം ലോകാര്‍ണോയിലെ മത്സരവിഭാഗത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് അറിയിപ്പ്. ബുസാനില്‍ ചിത്രത്തിന്റെ ഏഷ്യ പ്രീമിയര്‍ നടത്താനും അവസരം ലഭിച്ചിരിക്കുകയാണ്. ഏറെ ആവേശഭരിതമായ ഒരു യാത്രയാണ് അറിയിപ്പിന്റേത്.
കൊവിഡ് മഹാമാരിയുടെ കാലത്ത് നിരവധി മനുഷ്യര്‍ കടന്നുപോയ ആന്തരിക സംഘര്‍ഷങ്ങളില്‍ നിന്നാണ് ഈ സിനിമയുടെ കഥ രൂപപ്പെടുന്നത്. ജീവിതത്തില്‍ നമ്മള്‍ നടത്തുന്ന ചില ഒത്തുതീര്‍പ്പുകള്‍ മനസാക്ഷിയുമായി ഒരു ഏറ്റുമുട്ടലിന് വഴിവെക്കാറുണ്ട്. അതും ഈ ചിത്രത്തിന്റെ ഭാഗമാണ്.
നെറ്റ്ഫ്‌ളിക്‌സിനേക്കാള്‍ മികച്ചൊരു പ്ലാറ്റ്‌ഫോം അറിയിപ്പിന് ലഭിക്കാനില്ല. ഈ സിനിമക്ക് പിന്നിലെ സ്‌നേഹവും അധ്വാനവുമെല്ലാം 190ലേറെ രാജ്യങ്ങളിലെ ജനങ്ങളുടെ മുമ്പിലേക്ക് എത്താന്‍ പോകുകയാണ്. ലോകമെമ്പാടുമുള്ളവര്‍ക്ക് സിനിമയെ കുറിച്ച് പറയാനുള്ളതറിയാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍,’ മഹേഷ് നാരായണന്‍ പറഞ്ഞു.
ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. മേളകളിലെ പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും റിലീസുണ്ടാവുക എന്നാണ് അറിയിച്ചിരിക്കുന്നത്.
Content Highlight: Kunchacko Boban’s new movie Ariyippu to be released in Netflix