| Wednesday, 12th October 2022, 7:16 pm

കുഞ്ചാക്കോ ബോബനും മമ്മൂട്ടിയും നേര്‍ക്കുനേര്‍; ആകാംക്ഷയുണര്‍ത്തി ഐ.എഫ്.എഫ്.കെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പുതിയ പട്ടിക. മേളയിലെ രണ്ട് വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങളുടെ പേരുകളാണ് പുറത്തുവന്നിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തില്‍ രണ്ട് മലയാളചിത്രങ്ങളാണുള്ളത്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കവും കുഞ്ചാക്കോ നായകനായി എത്തുന്ന മഹേഷ് നാരായണന്റെ അറിയിപ്പും.

ഇതോടെ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മില്‍ ഒരു നേര്‍ക്കുനേര്‍ പോരാട്ടത്തിന് കളമൊരുങ്ങിയതിന്റെ ആരവമാണ് ആരാധകര്‍ക്കിടയില്‍ ഉണര്‍ന്നിരിക്കുന്നത്.

നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച് മികച്ച അഭിപ്രായം സ്വന്തമാക്കിയ ചിത്രമാണ് അറിയിപ്പ്.
ലോകാര്‍ണോ, ബി.എഫ്.ഐ ലണ്ടന്‍ എന്നീ മേളകളിലെ പ്രദര്‍ശനത്തിന് ശേഷം ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് കൂടി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ചിത്രം.

ന്യൂദല്‍ഹിയില്‍ ജോലി ചെയ്യുന്ന മലയാളികളായ ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു പഴയ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ദമ്പതികളായ ഹരീഷും രശ്മിയും വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ കഥാപരിസരം.

ഹരീഷായി കുഞ്ചാക്കോ ബോബനെത്തുമ്പോള്‍ ദിവ്യപ്രഭയാണ് രശ്മിയുടെ വേഷം ചെയ്യുന്നത്. കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുഞ്ചാക്കോ നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഏറെ നാളായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടികമ്പനി നിര്‍മിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം. ചുരുളിക്ക് ശേഷം ലിജോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രിയില്‍ കള്ളനുമായ വേലന്‍ എന്ന നകുലനായിട്ടാണ് നന്‍പകന്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. ലിജോയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷ് ആണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്.

അതേസമയം മികച്ച ചിത്രത്തിനുള്ള മത്സരവിഭാഗത്തിലേക്കുള്ള മറ്റ് ഭാഷാചിത്രങ്ങളുടെയും വിദേശ സിനിമകളുടെയും പേര് പുറത്തുവന്നിട്ടില്ല.

മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പേരുകളും ഐ.എഫ്.എഫ്.കെ പുറത്തുവിട്ട പട്ടികയിലുണ്ട്.

വഴക്ക്, ആയിരത്തൊന്ന് നുണകള്‍, ബാക്കി വന്നവര്‍, പട, നോര്‍മല്‍, ഗ്രേറ്റ് ഡിപ്രഷന്‍സ്, വേട്ടപ്പട്ടികളും ഓട്ടക്കാരും, ആണ്, ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ട് മക്കളും, ദബാരികുരുവി, ഫ്രീഡം ഫൈറ്റ്, 19(1)(a) എന്നിവയാണ് ഈ വിഭാഗത്തിലുള്ള ചിത്രങ്ങള്‍.

Content Highlight: Kunchacko Boban’s Ariyippu and Mammootty’s Nanpakal Nerathu Mayakkam selected for International Competition in IFFK

We use cookies to give you the best possible experience. Learn more