| Wednesday, 23rd June 2021, 11:06 am

ജാത്യാലുള്ളത് തൂത്താല്‍ പോകില്ലെന്ന് പറയില്ലേ, അതാണ് അവസ്ഥ; കുഞ്ചാക്കോ ബോബന്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളികളുടെ ചോക്ലേറ്റ് ഹീറോ എന്ന ടാഗില്‍ ആരാധകരെ സൃഷ്ടിച്ച താരമാണ് കുഞ്ചാക്കോ ബോബന്‍. തുടക്കകാലത്ത് പുറത്തിറങ്ങിയ ചാക്കോച്ചന്റെ ഭൂരിഭാഗം ചിത്രങ്ങളും ഈ ഗണത്തില്‍പ്പെടുന്നവയുമായിരുന്നു. പിന്നീട് കുറച്ചുകാലം സിനിമയില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം തിരിച്ചുവരവില്‍ ചെയ്തത് തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു.

അതേപ്പറ്റി 2020 ഒക്ടോബറില്‍ റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചാക്കോച്ചന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. അഭിമുഖത്തില്‍ ചോക്ലേറ്റ് ഹീറോയില്‍ നിന്നുള്ള പിന്‍മാറ്റത്തെപ്പറ്റി ചാക്കോച്ചന്‍ തുറന്നു പറഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ചുനാളുകളായി പ്രണയിച്ചുകൊണ്ടിരിക്കുകയാണ് സിനിമയില്‍. ഈ പാറ്റേണില്‍ നിന്ന് ഒന്ന് മാറണം എന്ന് ഒരു ആഗ്രഹമില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ചാക്കോച്ചന്‍.

‘അതിന്റെ ഭാഗമായിട്ടാണ് വ്യത്യസ്തമായ റോളുകള്‍ ചെയ്ത് തുടങ്ങിയത്. പക്ഷെ ഇപ്പോഴും ആ ഒരു ടാഗ് കിടപ്പുണ്ട്. ജാത്യാലുള്ളത് തൂത്താല്‍ പോകില്ല എന്നു പറയുന്ന അവസ്ഥയാണത്. പ്രായമാകുന്തോറും ആ ഒരു പാറ്റേണ്‍ മാറുമായിരിക്കാം,’ ചാക്കോച്ചന്‍ പറഞ്ഞു.

വളരെ ഗൗരവമുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് തീര്‍ച്ചയായും വിശ്വാസമുണ്ടെന്നും തന്റെ ജീവിതം ഒരു പൂമെത്തയിലൂടെ ഉള്ളതായിരുന്നില്ലെന്നും ചാക്കോച്ചന്‍ പറഞ്ഞു.

‘ഒരുപാട് പ്രതിസന്ധികളും പ്രശ്‌നങ്ങളും തരണം ചെയ്താണ് ഞാന്‍ ഇതുവരെ എത്തിയത്. അതൊക്കെ ചിരിച്ചുകൊണ്ട് നേരിട്ടതുകൊണ്ട് പലര്‍ക്കും ഒന്നും അറിയില്ല. അതുകൊണ്ട് തന്നെ ഞാന്‍ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചതാണെന്നാണ് പലരും കരുതുന്നത്,’ ചാക്കോച്ചന്‍ പറഞ്ഞു.

അപ്പു എന്‍. ഭട്ടതിരി സംവിധാനം ചെയ്ത നിഴല്‍ ആണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ചിത്രം.

ഒരു സൈക്കളോജിക്കല്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ ചാക്കോച്ചന്‍, നയന്‍താര, മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, ദിവ്യപ്രഭ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആയിട്ടുള്ള ബോബി ജോണ്‍ എന്ന കഥാപാത്രത്തിനെയാണ് ചാക്കോച്ചന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ശര്‍മിയായി നയന്‍താരയും മകന്‍ നിധിയായി ഐസിനും എത്തിയിരുന്നു.

ഏപ്രില്‍ ഒന്‍പതിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മെയ് 11ന് ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Kunchacko Boban Opens About His Characters

We use cookies to give you the best possible experience. Learn more