| Friday, 21st July 2023, 11:59 pm

എന്നെയൊരു കുടുക്കിൽ പെടുത്തിയിട്ടാണ് ന്നാ താൻ കേസുകൊട് സിനിമയിലേക്ക് കൊണ്ടുവന്നത്: കുഞ്ചാക്കോ ബോബൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസർഗോഡ് ഭാഷാ ശൈലി ഉപയോഗിക്കേണ്ട എന്ന് പറഞ്ഞാണ് തന്നെ ആദ്യം ന്നാ താൻ കേസുകൊട്ചിത്രത്തിലേക്ക് വിളിച്ചതെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം കിട്ടിയതിന് പിന്നാലെ ഈ സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ വരവിനെപ്പറ്റിയുള്ള അഭിമുഖം വൈറലാകുന്നു. ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

കാസർഗോഡ് ജില്ലയിലേക്ക് പുറത്തുനിന്ന് വന്ന് താമസിക്കുന്ന ആളാണെന്ന് പറഞ്ഞതുകൊണ്ടാണ് താൻ ചിത്രത്തിൽ അഭിനയിക്കാമെന്ന് പറഞ്ഞതെന്നും പിന്നീട് തീരുമാനം മാറ്റിയതാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

‘ഭാഷ ശൈലി പിടിക്കേണ്ട എന്നുള്ള തീരുമാനത്തിലാണ് ഞാൻ ആദ്യം ഈ ചിത്രത്തിലേക്ക് വന്നത് തന്നെ. പക്ഷെ ഈ വടക്കോട്ടുള്ളവർ ആളെ പറഞ്ഞ് പറ്റിക്കാൻ മിടുക്കന്മാരാണല്ലോ. സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ പറഞ്ഞു ഇതൊരു പഴയ കള്ളന്റെ കഥയാണ്. അതുകൊണ്ട് അവിടുത്തെ സ്ലാങ് പിടിക്കേണ്ട ആവശ്യമില്ലെന്ന്. കഥാപാത്രം കാസർഗോഡ് തന്നെയുള്ള ആളാകണമെന്നില്ല, അവിടെ വന്ന് താമസം തുടങ്ങിയ ആളാകാമെന്നുമാണ് എന്നോട് പറഞ്ഞത്. അപ്പോൾ എനിക്ക് സമാധാനമായി. സിങ് സൗണ്ടാണ്, അതിന്റെ കൂടെ ഭാഷ കൂടി പിടിക്കാൻ പറഞ്ഞാൽ ബുദ്ധിമുട്ടാണ്.

കഥാപാത്രത്തിന്റെ അപ്പിയറൻസ് വേറെയാണ്, അതിന്റെ കൂടെ ഭാഷകൂടി വേറെയായാൽ ബുദ്ധിമുട്ടാകും. ഞാൻ കംഫർട്ടബിൾ ആകാൻ ചാൻസ് കുറവാണെന്നും സംവിധായകൻ രതീഷ് ബാലകൃഷ്ണനോട് പറഞ്ഞു. അത് കുഴപ്പമുണ്ടാകില്ല, നമുക്ക് അങ്ങനെയൊരു സ്ലാങ് പിടിക്കേണ്ടി വരില്ലെന്ന് പുള്ളി പറഞ്ഞു.

ഷൂട്ട് തുടങ്ങിയത് ഒരു പാട്ടിന്റെ സീക്വൻസിലാണ്. പാട്ടിനിടയിൽ ചെറിയ ഡയലോഗിൽ ഞാൻ സംസാരിക്കുന്നത് കാസർഗോഡ് ഭാഷയിലാണ്. ഞാൻ ട്രൈ ചെയ്യാമെന്ന് പറഞ്ഞു. സെറ്റിൽ ഉള്ളവർ എല്ലാം ആ നാട്ടുകാർ തന്നെയാണ്.

പാട്ടിന്റെ ഷൂട്ടൊക്കെ കഴിഞ്ഞ് കോടതി സീനുകൾ എടുക്കാൻ ചെന്നപ്പോഴാണ് പടത്തിൽ മുഴുവൻ കാസർഗോഡ് സ്ലാങ് വേണമെന്ന് പറയുന്നത്. പാട്ടിൽ ആ ഭാഷ പറഞ്ഞുപോയില്ലേ, അപ്പോൾ സിനിമ മുഴുവൻ വേണ്ടി വരുമെന്ന് പുള്ളി പറഞ്ഞു.

ദുഷ്ട്ടാ ഒരുമാതിരി പരുപാടി കാണിക്കരുതെന്ന് ഞാൻ പറഞ്ഞു. അങ്ങനെ എന്നെ ഒരു കുടുക്കിൽ പെടുത്തിയാണ് ന്നാ താൻ കേസുകൊട് സിനിമയിലേക്ക് കൊണ്ടുവന്നത്,’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Content Highlights: Kunchacko Boban on Nna Thaan case kodu movie

We use cookies to give you the best possible experience. Learn more