| Thursday, 29th September 2022, 1:13 pm

50ാം ദിവസം ആഘോഷമാക്കി ചാക്കോച്ചന്റെ ഡാന്‍സ്; കൂടെ സര്‍പ്രൈസ് സ്റ്റെപ്പിട്ട് ഇസു; വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്നാ താന്‍ കേസ് കൊട് സിനിമ തിയേറ്ററില്‍ 50ാം ദിവസം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. പതിവ് പോലെ രസകരമായ ഒരു വീഡിയോയുമായാണ് ചാക്കോച്ചന്‍ സന്തോഷം അറിയിക്കാന്‍ എത്തിയിട്ടുള്ളത്.

സിനിമയിലെ വൈറലായ ദേവദൂതര്‍ പാട്ടും അതിന്റെ സ്റ്റെപ്പുകളും റിക്രിയേറ്റ് ചെയ്തുള്ള വീഡിയോയാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിനിടയില്‍ സര്‍പ്രൈസുമായി എത്തുന്നത് മകന്‍ ഇസഹാക്കാണ്.

കുഞ്ചാക്കോ ബോബന്‍ ഐക്കോണിക് ദേവദൂതര്‍ സ്റ്റെപ്പിട്ടതിന് തൊട്ടുപിന്നാലെ അച്ഛന്റെ കാലിനിടയിലൂടെ നുഴഞ്ഞുപോകുകയാണ് ഇസഹാക്ക്. ഇതുകണ്ട് പൊട്ടിച്ചിരിക്കുകയാണ് ചാക്കോച്ചന്‍.

വീഡിയോയുടെ തുടക്കത്തില്‍ ചാക്കോച്ചനൊപ്പം കുഞ്ഞു ഇസു വേറെ ചില കുറച്ച് സ്റ്റെപ്പുകളും ഇടുന്നുണ്ട്. വളരെ ക്യൂട്ടായ ഒരു വീഡിയോ എന്നാണ് കമന്റുകളുമായി എത്തിയവര്‍ പറയുന്നത്.

‘കൊഴുമ്മല്‍ ചാക്കോച്ചനും അംബാസ് ഇസുവും പിന്നെ തട്ടിക്കൂട്ട് സ്റ്റെപ്പുകളും’ എന്ന വരിയോടെയാണ് വീഡിയോ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിരിക്കുന്നത്.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് ഓഗസ്റ്റ് 11നാണ് തിയേറ്ററുകളിലെത്തിയത്. സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചത്.

ചിത്രത്തില്‍ കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ എത്തിയത്. നടന്റെ കരിയറില്‍ ഭാഷശൈലികൊണ്ടും ക്യാരക്ടറൈസേഷന്‍ കൊണ്ടും ഏറെ വ്യത്യസ്ത പുലര്‍ത്തിയ വേഷമായിരുന്നു ഇത്.

റോഡിലെ കുഴിയും പട്ടി കടിക്കുന്നതും മന്ത്രിയുടെ അഴിമതിയുമെല്ലാം പ്രധാന കഥാപരിസരമായ ചിത്രം ഹ്യൂമറിലൂടെയായിരുന്നു കഥ പറഞ്ഞത്.

ന്നാ താന്‍ കേസ് കൊടില്‍ ഏറ്റവും ശ്രദ്ധ നേടിയത് കാസര്‍ഗോഡ് സ്വദേശികളായവരുടെ പ്രകടനമായിരുന്നു. ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട് ആദ്യമായി സിനിമയിലെത്തിയ ഇവര്‍ ഗംഭീരമായ പ്രകടനമായിരുന്നു നടത്തിയത്.

അഭിഭാഷകരും പൊലീസുകാരും നാട്ടുകാരും തുടങ്ങി ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയവരെല്ലാം കാസര്‍ഗോഡുകാരായിരുന്നു.

Content Highlight: Kunchacko Boban celebrates 50th day of Nna Thaan Case Kodu and shares a funny dance video with son

We use cookies to give you the best possible experience. Learn more