വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സ്പ്ലെന്‍ഡര്‍ ബൈക്ക് ഓടിച്ച് വന്ന സുധിയെ സിനിമാപ്രേമികള്‍ മറക്കാന്‍ വഴിയില്ല. ചോക്ലേറ്റ് ഹീറോ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കുഞ്ചാക്കോ ബോബന്‍ 1997ല്‍ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രമായ ‘അനിയത്തിപ്രാവി’ലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയിരുന്നു.
അനിയത്തിപ്രാവില്‍, നായകനെ പരിചയപ്പെടുത്തുന്ന ആദ്യ സീനില്‍ തന്നെ സ്പ്ലെന്‍ഡര്‍ ബൈക്കുമായി താരം എത്തുന്നത് കാണാം. സിനിമയില്‍ ഉടനീളം താരത്തിന് കൂട്ടായി ആ ബൈക്കും ഉണ്ടായിരുന്നു. ഇപ്പോള്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സിനിമയിലെ ആ സ്പ്ലെന്‍ഡര്‍ ബൈക്ക് കുഞ്ചാക്കോ ബോബന്‍ സ്വന്തമാക്കിയിരിക്കുകയാണ്.
ബൈക്ക് തിരിച്ച് കിട്ടിയതിന്റെ സന്തോഷവും താരം പങ്കുവെച്ചു.
”25 വര്‍ഷങ്ങള്‍ക്കിപ്പുറം ആ സ്പ്ലെന്‍ഡര്‍ ബൈക്ക് തിരിച്ച് സുധിയുടെ കയ്യിലേക്ക്, എന്റെ കയ്യിലേക്ക് വന്നിരിക്കുകയാണ്.
അതൊരു ആലപ്പുഴക്കാരന്റെ കയ്യിലായിരുന്നു. അദ്ദേഹം ഹോണ്ടയുടെ ഷോറൂമില്‍ ജോലി ചെയ്യുന്ന ഒരാളാണ്. അത് ഏറ്റവും നല്ല രീതിയില്‍ തന്നെ ഇത്രയും കാലം അദ്ദേഹം പരിപാലിച്ചു. വണ്ടി ഇപ്പോഴും കണ്ടീഷനിലാണ്.
ആ ബൈക്ക് തിരിച്ച് കിട്ടിയതിന്റെ സന്തോഷം ഈ വേളയില്‍ നിങ്ങളോടൊപ്പം പങ്കുവെക്കുകയാണ്,” കുഞ്ചാക്കോ ബോബന്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.
താരം ഇപ്പോള്‍ കാസര്‍ഗോഡ് ഷൂട്ടിംഗ് തിരക്കിലാണ്. കഴിഞ്ഞ ദിവസമാണ് അനിയത്തിപ്രാവിലെ ബൈക്ക് കൊച്ചിയിലെ ചാക്കോച്ചന്റെ വീട്ടിലെത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയാല്‍ ഉടന്‍ തന്നെ ബൈക്കില്‍ ഒരിക്കല്‍ കൂടി കറങ്ങണം എന്നും ചാക്കോച്ചന്‍ കൂട്ടിച്ചേര്‍ത്തു.
ഫാസില്‍ സംവിധാനം ചെയ്ത ചിത്രമാണ് അനിയത്തിപ്രാവ്. ശാലിനിയായിരുന്നു ചിത്രത്തിലെ നായിക. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ ആണ് ഈ ചിത്രം നിര്‍മിച്ചത്. സിനിമയിലെ ഔസേപ്പച്ചന്റെ ഗാനങ്ങളും ജനപ്രിയമായിരുന്നു
‘കാതലുക്കു മരിയാതൈ’ എന്ന പേരില്‍ ഈ ചിത്രം ഫാസില്‍ തന്നെ തമിഴിലും പുനര്‍നിര്‍മിച്ചിരുന്നു. ‘ഡോലി സജാ കെ രക്നാ’ എന്ന പേരില്‍ ഹിന്ദിയില്‍ പ്രിയദര്‍ശനും ഈ ചിത്രം പുനരാവിഷ്‌കരിച്ചു.
തിലകന്‍, ശ്രീവിദ്യ, കെ.പി.എ.സി ലളിത, ജനാര്‍ദ്ദനന്‍, കൊച്ചിന്‍ ഹനീഫ, സുധീഷ്, ഹരിശ്രീ അശോകന്‍ എന്നിവര്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തിയ അനിയത്തിപ്രാവ് 255 ദിവസങ്ങളിലേറെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ കൂടിയാണ്.
Content Highlight: Kunchacko Boban buys the splendor bike that he used in his first movie Aniyathipravu