കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒറ്റ് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ഒരേസമയം മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ചിത്രമാണിത്. തമിഴില്‍ റെണ്ടകം എന്നാണ് പേര്.
മലയാളത്തിലെയും തമിഴിലെയും ഒരു കാലത്തെ ഏറ്റവും വലിയ ചോക്ലേറ്റ് ഹീറോകളെ റഫ് – ടഫ് മൂഡില്‍ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കുഞ്ചാക്കോ ബോബന് പങ്കുവെച്ച പോസ്റ്ററിന് താഴെ വരുന്ന കമന്റുകളിലെല്ലാം ഇരു നടന്മാര്ക്കും വന്ന ഈ മാറ്റമാണ് സൂചിപ്പിക്കുന്നത്.
ഏറ്റവും പ്രിയപ്പെട്ട റൊമാന്റിക് ഹീറോകളെ ഒരുമിച്ച് ഈ ഗെറ്റപ്പില്‍ കാണാനായത് ശരിക്കും അത്ഭുതപ്പെടുത്തിയെന്നാണ് വരുന്ന കമന്റുകള്‍. അതേസമയം സിനിമയില്‍ നിന്നും കുറച്ചു നാള് വിട്ടുനിന്ന ശേഷം തിരിച്ചെത്തിയ ഇരുവരും അതിനുശേഷം വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ചെയ്യുന്നതെന്നാണ് മറ്റു കമന്റുകള്‍.
അരവിന്ദ് സ്വാമിക്ക് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന് പോസ്റ്റര്‍ പങ്കുവെച്ചത്. സിനിമയുടെ ഷൂട്ട് ആരംഭിക്കാനായി കാത്തിരിക്കുകയാണെന്നും അരവിന്ദ് സ്വാമി തനിക്ക് സുഹൃത്തും സഹോദരനും വഴികാട്ടിയുമാണെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു.
തീവണ്ടിക്ക് ശേഷം സംവിധായകന് ഫെല്ലിനി ചെയ്യുന്ന ചിത്രമാണ് ഒറ്റ്. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ദി ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നേരത്തെ ഗോവയില്‍ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കൊവിഡിനെയും ലോക്ഡൗണിനെയും തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു.