|

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ആ നടന്‍ കൈയടി നേടുമ്പോള്‍ ഞാന്‍ മനസുകൊണ്ട് സന്തോഷിക്കാറുണ്ട്: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചോക്ലേറ്റ് ഹീറോ എന്ന ലേബലില്‍ ഒരുകാലത്ത് പലരുടെയും ഇഷ്ടനടനായി മാറിയ താരമാണ് കുഞ്ചാക്കോ ബോബന്‍. റൊമാന്റിക് റോളുകളില്‍ നിന്ന് കുഞ്ചാക്കോ ബോബന്‍ തന്റെ ട്രാക്ക് മാറ്റിപ്പിടിച്ചപ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം അമ്പരന്നു. ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കുഞ്ചാക്കോ ബോബന്‍ തന്റെ റേഞ്ച് തെളിയിക്കുകയാണ്.

കുഞ്ചാക്കോ ബോബനെപ്പോലെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കുന്ന മറ്റൊരു നടനാണ് ജഗദീഷ്. ഹാസ്യനടന്‍ എന്ന ലേബലില്‍ തളച്ചിടപ്പെട്ട ജഗദീഷ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ചെയ്യുന്ന കഥാപാത്രങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നവയാണ്. ജഗദീഷിന്റെ സ്‌ക്രിപ്റ്റ് സെലക്ഷനെക്കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

ഒരു ഇമേജില്‍ തളയ്ക്കപ്പെട്ട അഭിനേതാക്കള്‍ക്ക് ഡിഫറന്റായിട്ടുള്ള കഥാപാത്രങ്ങളും സിനിമകളും ചെയ്യണമെന്ന ആഗ്രഹം ഉറപ്പായും ഉണ്ടാകുമെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. അത്തരത്തില്‍ ഒരു എവല്യൂഷന്‍ മറ്റ് നടന്മാരില്‍ ഉണ്ടാകുമ്പോള്‍ തനിക്കും സന്തോഷമുണ്ടാകാറുണ്ടെന്നും അതില് ഒരാള്‍ ജഗദീഷാണെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.

ജഗദീഷ് ചെയ്യുന്ന വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്ക് കൈയടി കിട്ടുമ്പോള്‍ താന്‍ മനസുകൊണ്ട് സന്തോഷിക്കാറുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഫാലിമിയും റോഷാക്കും കണ്ടപ്പോള്‍ വിളിച്ച് സംസാരിക്കാതിരിക്കാന്‍ പറ്റിയില്ലെന്നും താന്‍ ജഗദീഷിനെ വിളിച്ച് അഭിനന്ദിച്ചെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.

ജഗദീഷ് എന്ന നടന്റെ എവല്യൂഷന്‍ താന്‍ ഒരുപാട് ആസ്വദിച്ചെന്നും പുതിയ സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഇത്രയും സീരിയസായിട്ടുള്ള കഥാപാത്രങ്ങള്‍ തങ്ങള്‍ ഒരുമിച്ച് ചെയ്യുന്നത് ആദ്യമായിട്ടാണെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.

‘ഒരു പ്രത്യേക ഇമേജില്‍ തളച്ചിടപ്പെട്ട നടന്മാര്‍ക്ക് ഡിഫറന്റായിട്ടുള്ള കഥാപാത്രങ്ങളും സിനിമകളും ചെയ്യണമെന്ന് ആഗ്രഹമുണ്ടാകും. പല നടന്മാരും അതിനെ ബ്രേക്ക് ചെയ്ത് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ എനിക്കും ഒരു സന്തോഷമുണ്ടാകാറുണ്ട്. അതില്‍ ഒരാളാണ് ജഗദീഷേട്ടന്‍. പുള്ളി അടുത്ത കാലത്തായി ചെയ്യുന്ന സിനിമകളും അതില്‍ അദ്ദേഹത്തിന് കിട്ടുന്ന കൈയടിയും കാണുമ്പോള്‍ ഞാന്‍ മനസുകൊണ്ട് സന്തോഷിക്കാറുണ്ട്.

ഫാലിമി കണ്ടപ്പോള്‍ എനിക്ക് പുള്ളിയെ വിളിച്ച് അഭിനന്ദിക്കാതിരിക്കാന്‍ പറ്റിയില്ല. ഫാലിമിയും റോഷാക്കും കണ്ടിട്ട് ഞാന്‍ ജഗദീഷേട്ടനെ വിളിച്ച് അഭിനന്ദിച്ചു. ഒരു നടന്‍ എന്ന നിലയില്‍ പുള്ളിയുടെ ഇവല്യൂഷന്‍ ഞാന്‍ ആസ്വദിക്കാറുണ്ട്. ആദ്യമായിട്ടാണ് ഞാനും ജഗദീഷേട്ടനും ത്രൂ ഔട്ട് സീരിയസായിട്ടുള്ള രണ്ട് കഥാപാത്രങ്ങളെ ഒരുമിച്ച് അവതരിപ്പിക്കുന്നത്. അതില്‍ എക്‌സൈറ്റഡാണ്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchacko Boban about the script selection of Jagadish in recent times