അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുമായി വ്യക്തിപരമായ ബന്ധമാണുള്ളതെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. രാഷ്ട്രീയ നേതാവെന്നതിലുപരി തലമുറകളായുള്ള ബന്ധമാണ് അദ്ദേഹത്തോടും കുടുംബത്തോടുമുള്ളതെന്നും കുഞ്ചാക്കോ ബോബന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നിസ്വാര്‍ത്ഥനായ ജനസേവകനാണ് ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
‘അദ്ദേഹവുമായി വ്യക്തിപരമായ ബന്ധമുണ്ട്. രാഷ്ട്രീയ നേതാവെന്നതിലുപരി തലമുറകളായുള്ള ബന്ധമാണ് അദ്ദേഹത്തോടും കുടുംബത്തോടുമുള്ളത്. ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നിസ്വാര്‍ത്ഥനായ ജനസേവകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം എനിക്ക് വ്യക്തിപരമായ നഷ്ടം തന്നെയാണ്.
പുള്ളിയുടെ വ്യക്തി ജീവിതം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. എന്റെ ഓര്‍മയില്‍ ഉമ്മന്‍ ചാണ്ടി സാറിനെക്കുറിച്ച് ആദ്യം വരുന്നൊരു മുഖം, രാത്രി ഒരു മണിക്കും രണ്ട് മണിക്കുമൊക്കെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസ് മുറിയില്‍ ഫയലുകളുടെ കൂമ്പാരത്തിനിടയില്‍ ഇരിക്കുന്നതാണ്.
അതേസമയം മറ്റുള്ളവരോട് സംസാരിക്കുകയും ഫോണ്‍ കോളിലൂടെ മറ്റുള്ളവരുടെ കാര്യങ്ങള്‍ ശരിയാക്കി കൊടുക്കുകയും ചെയ്യുന്ന ജനസേവകനെയാണ് ഞാന്‍ അവിടെ കണ്ടത്. മുഖ്യമന്ത്രിയായ സമയത്തും അല്ലാത്തപ്പോഴുമെല്ലാം അദ്ദേഹം അങ്ങനെയാണ്.
ഒരു വ്യക്തി എന്ന നിലയില്‍ 24 മണിക്കൂറും ജനങ്ങള്‍ക്ക് വേണ്ടി ജീവിതം മാറ്റിവെച്ചൊരു ജന സേവകനാണ്. അദ്ദേഹത്തിന്റെ വിയോഗം എല്ലാ അര്‍ത്ഥത്തിലും മലയാളികള്‍ക്ക് നഷ്ടം തന്നെയാണ്.
യാതൊരു ബുദ്ധിമുട്ടുമില്ലാതെ നേരിട്ട് കാണാന്‍ സാധിക്കുന്ന നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ മനുഷ്യ സ്‌നേഹിയെന്ന് ഒട്ടും ആലോചിക്കാതെ നമുക്ക് പറയാന്‍ സാധിക്കുന്ന വ്യക്തിത്വം,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
പ്രഥമപരിഗണന എപ്പോഴും ജനങ്ങള്‍ക്ക് നല്‍കിയ പ്രിയപ്പെട്ട നേതാവും, സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മോഹന്‍ലാലും അനുസ്മരിച്ചിരുന്നു.
ഇന്ന് പുലര്‍ച്ചയാണ് ഉമ്മന്‍ ചാണ്ടി (79) അന്തരിച്ചത്. പുലര്‍ച്ചെ 4.25ന് ബെംഗളൂരുവില്‍ വെച്ചായിരുന്നു മരണം. ഏറെ നാളായി ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയില്‍ വെച്ച് നടക്കും.
ബെംഗളൂരുവില്‍ ഉമ്മന്‍ ചാണ്ടി താമസിച്ചിരുന്ന ഇന്ദിരാ നഗറിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം അല്‍പസമയത്തിനകം തിരുവനന്തപുരത്തെത്തും.
content highlights: kunchacko boban about omman chandy