| Thursday, 7th November 2024, 8:00 am

ആ ചിത്രങ്ങൾ റീ റിലീസ് ചെയ്യണമെന്നുണ്ട്, ലാഭത്തിന് വേണ്ടിയല്ല തിയേറ്റർ എക്സ്പീരിയൻസറിയാൻ: കുഞ്ചാക്കോ ബോബൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫാസില്‍ മലയാളസിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കിയ കുഞ്ചാക്കോ ബോബന്‍ ഒരുകാലത്ത് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായിരുന്നു. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രേക്ഷകരെ ഞെട്ടിക്കുകയാണ്.

ഓരോ ചിത്രത്തിലും താരത്തിന്റെ ഗെറ്റപ്പും പെര്‍ഫോമന്‍സും വ്യത്യസ്തമായിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബോഗെയന്‍വില്ലയിലും കുഞ്ചാക്കോ ബോബന്‍ സിനിമാപ്രേമികളെ ഞെട്ടിച്ചു. വലിയ സിനിമ പാരമ്പര്യമുള്ള വ്യക്തിയാണ് കുഞ്ചാക്കോ ബോബൻ.

ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഫിലിം സ്റ്റുഡിയോകളിൽ ഒന്നായ ഉദയയുടെ സ്ഥാപകരിൽ ഒരാളായിരുന്നു ചാക്കോച്ചന്റെ അച്ഛൻ ബോബൻ കുഞ്ചാക്കോ. ഉണ്ണിയാർച്ച, ആരോമലുണ്ണി, കണ്ണപ്പനുണ്ണി തുടങ്ങി മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങൾ നിർമിച്ചത് ഉദയ സ്റ്റുഡിയോസ് ആയിരുന്നു.

ഉദയയുടെ ചില സിനിമകൾ തനിക്ക് റീ റിലീസ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബൻ. തന്റെ സിനിമകൾ റീ റിലീസ് ചെയ്യണമെന്ന് തോന്നിയിട്ടില്ലെന്നും ഉദയയുടെ പാലാട്ട് കുഞ്ഞിക്കണ്ണൻ, ആരോമലുണ്ണി എന്നീ സിനിമകൾ 4K യിലേക്ക് മാറ്റി റിലീസ് ചെയ്യാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു തിയേറ്റർ എക്സ്പീരിയൻസിന് വേണ്ടിയാണ് താനത് ആഗ്രഹിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല. എനിക്ക് എന്റെ സിനിമ അങ്ങനെ വരണമെന്ന് തോന്നിയിട്ടില്ല. അതിനേക്കാൾ ഉപരി ഉദയയുടെ ഏതെങ്കിലും ഒരു സിനിമ നല്ല രീതിയിൽ ഒരു 4K ഫോർമാറ്റിലേക്കൊക്കെ ആക്കിയിട്ട് കൊണ്ടുവരണമെന്ന് ഒരു ആഗ്രഹമുണ്ട്.

അതിനുള്ള ഒരു സാധ്യത തള്ളിക്കളയുന്നില്ല. ഒരു തിയേറ്റർ എക്സ്പീരിയൻസിന് വേണ്ടിയാണത്. പാലട്ട് കുഞ്ഞിക്കണ്ണൻ, ആരോമലുണ്ണി എന്നീ ചിത്രങ്ങളെല്ലാം ആ രീതിയിൽ മാറ്റണമെന്നുണ്ട്. ഇന്നതിനുള്ള സാധ്യതകളുണ്ട്.

പുതിയ തലമുറ എന്നതിലുപരി പഴയ തലമുറക്ക് കൂടി ആ നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്ന രീതിയിൽ ആ സംഭവം ചെയ്താൽ കൊള്ളാമെന്നുണ്ട്. ഇത്ര ദിവസമോടണം, ഇത്ര കളക്ഷൻ കിട്ടണമെന്നൊന്നും കരുതിയല്ല. ആ ഒരു എക്സ്പീരിയൻസിന് വേണ്ടിയാണ്,’കുഞ്ചാക്കോ ബോബൻ പറയുന്നു.

Content Highlight: Kunchacko Boban About Movies Of Udhaya Studios

We use cookies to give you the best possible experience. Learn more