നാല് പതിറ്റാണ്ടോളമായി മലയാള സിനിമയുടെ തലപ്പത്ത് നിൽക്കുന്ന നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. എൺപതുകൾ മുതൽ മലയാളികൾ കാണുന്ന ഈ മുഖങ്ങൾ മലയാള സിനിമയുടെ യശസ് മറ്റ് ഭാഷകൾക്ക് മുന്നിൽ ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സൂപ്പർ സ്റ്റാറുകൾ എന്നതിനുപരി മികച്ച നടന്മാരായും നിലനിൽക്കുന്ന മമ്മൂട്ടിയും മോഹൻലാലും എന്നും മലയാളികളുടെ അഭിമാനമാണ്.
അതുകൊണ്ടുതന്നെ ഇരുവരും ഒന്നിക്കുന്ന ഒരു സിനിമക്കായി നാളേറെയായി മലയാളികൾ കാത്തിരിക്കുകയാണ്. 2013 ൽ ഇറങ്ങിയ കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ചൊരു സിനിമ വന്നിട്ടില്ല. ഹരികൃഷ്ണൻസ്, നരസിംഹം, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് തുടങ്ങി ഇരുവരും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.
എന്നാൽ പ്രതീക്ഷകൾക്ക് ചിറകേകി കൊണ്ട് സംവിധായകൻ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും വീണ്ടുമൊന്നിക്കുന്നുവെന്ന വാർത്തകൾ വന്നിരുന്നു. നടൻ കുഞ്ചാക്കോ ബോബനും അതിന്റെ ഭാഗമാകുമെന്ന് റൂമറുകൾ ഉണ്ടായിരുന്നു. ആ സിനിമ സംഭവിക്കട്ടെയെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ഉടനെ തന്നെ ആ സിനിമയുടെ അനൗൺസ്‌മെന്റ് ഉണ്ടാവാമെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. മലയാള സിനിമ കണ്ടിട്ടില്ലാത്ത ഒരു കഥയും കഥ പശ്ചാത്തലവുമെല്ലാമുള്ള സിനിമയായിരിക്കുമതെന്നും ചാക്കോച്ചൻ കാൻ ചാനൽ മീഡിയയോട് പറഞ്ഞു.
‘മഹേഷ് നാരായണന്റെ പുതിയ സിനിമയെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. ആ സിനിമ സംഭവിക്കട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ ഒരു ഫൈനൽ തീരുമാനം ഉണ്ടായിട്ടില്ല. ചിലപ്പോൾ കുറച്ച് മാറ്റങ്ങളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാവാം. അതിന്റെ അനൗൺസ്‌മെന്റ് ഉടനെ തന്നെ ഉണ്ടാവുമെന്ന് തോന്നുന്നു.
ഞാനും അത് പ്രതീക്ഷിച്ചിരിക്കുകയാണ്. അത് തീർച്ചയായും നല്ല എക്‌സൈറ്റ്മെന്റ് നൽകുന്ന സിനിമയാണ്. മലയാള സിനിമ കണ്ടിട്ടില്ല ഒരു കഥയും കഥ പശ്ചാത്തലവുമെല്ലാമുള്ള സിനിമയായിരിക്കുമത്. അത് നല്ലൊരു എക്സ്പീരിയൻസായിരിക്കും. അതിന്റെ ഭാഗമാവാൻ കഴിയുകയാണെങ്കിൽ വലിയ സന്തോഷം,’കുഞ്ചാക്കോ ബോബൻ പറയുന്നു.
ബോഗെയ്ൻവില്ലയായിരുന്നു ഈയിടെ തിയേറ്ററിൽ എത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. ടേക്ക് ഓഫ്, മാലിക് തുടങ്ങിയ മികച്ച സിനിമകൾ ഒരുക്കിയ മഹേഷ് നാരായണൻ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഒന്നിക്കുകയാണെകിൽ മികച്ച സിനിമയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
Content Highlight: Kunchacko Boban About Mammooty-mohanlal Film