ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഒറ്റ് തിയേറ്ററുകളില്‍ എത്തുകയാണ്. ഓണം റിലീസായാണ് ചിത്രം എത്തുന്നത്.
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഒറ്റിനുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളുമെല്ലാം ഇതിനോടകം പ്രേക്ഷകസ്വീകാര്യത നേടിയിട്ടുണ്ട്. ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം അരവിന്ദ് സ്വാമി മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഒറ്റിലെ ട്രെയ്‌ലറിലെ ചില ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചും നടന്‍ ടൊവിനോയെ കുറിച്ചുമൊക്കെ കുഞ്ചാക്കോ ബോബന്‍ പറയുന്ന രസകരമായ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഒറ്റിലെ ഇന്റിമേറ്റ് രംഗങ്ങള്‍ കണ്ട് മാത്രം ആരും തിയേറ്ററിലേക്ക് വരരുതെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ഒപ്പം ടൊവിനോയെ കുറിച്ചുള്ള ചില ചോദ്യങ്ങള്‍ക്കും താരം മറുപടി പറയുന്നുണ്ട്.
ടൊവിനോയെ കുറിച്ച് പറയുന്ന ഒരു കാര്യം അദ്ദേഹത്തിന്റെ സിനിമകളില്‍ കിസ്സിങ് സീനുകള്‍ പ്രതീക്ഷിക്കാമെന്നാണ്. ഒറ്റില്‍ ഭയങ്കര ഇന്റിമസി തോന്നുന്ന സീനുകളൊക്കെ ട്രെയ്‌ലറില്‍ കണ്ടല്ലോ, വീട്ടില്‍ നിന്നുള്ള പ്രതികരണമൊക്കെ എന്തായിരുന്നെന്ന ചോദ്യത്തിന്, ആരുടെ ടൊവിനോയുടെ വീട്ടില്‍ നിന്നുള്ള പ്രതികരണമാണോ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള കുഞ്ചാക്കോ ബോബന്റെ മറുപടി.
ടൊവിനോയെപ്പറ്റി ഇപ്പോള്‍ ആരും അങ്ങനെ പറയുന്നില്ല എന്നതാണ് സത്യം. ഇപ്പോള്‍ മിന്നല്‍ മുരളിയും അതിന് ശേഷമുള്ള സിനിമകളുമൊക്കെ നോക്കുകയാണെങ്കില്‍ ആ രീതിയിലുള്ള ചോദ്യങ്ങളും പറച്ചിലുകളുമുണ്ടോ എന്ന ഡൗട്ടുണ്ട്. പിന്നെ എനിക്ക് തോന്നുന്ന ചില കാര്യങ്ങള്‍ പറയാം.
ഇതിന് മുന്‍പ് ഞാന്‍ ചെയ്ത ന്നാ താന്‍ കേസ് കൊട് എന്ന സിനിമയില്‍ ആ ഡാന്‍സ് ഭയങ്കര വൈറലായി. തിയേറ്ററിലേക്ക് ആളെ കൊണ്ടുവരാന്‍ നമ്മള്‍ എന്തുചെയ്യണം എന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ ഡാന്‍സ് ഭയങ്കരമായി വൈറലാകുന്നതും പ്രേക്ഷകര്‍ തിയേറ്ററിലേക്ക് വന്ന് എന്നെ കാണണമെന്ന് തീരുമാനമെടുക്കുന്നതും.
അപ്പോള്‍ സിനിമയിലുള്ള പലരും പറഞ്ഞു ഇത് മതി വേറെ ഒരു പ്രൊമോ മെറ്റീരിയല്‍സും നമ്മള്‍ ചെയ്യേണ്ട എന്ന്. പക്ഷേ ആ ഡാന്‍സ് മാത്രമല്ല ആ സിനിമ. അതിനപ്പുറം പല കാര്യങ്ങളും നമ്മള്‍ക്ക് ആ സിനിമയില്‍ പറയാനുണ്ട്. ആ പാട്ട് വൈറലായെങ്കിലും അതിനേക്കാളുമൊക്കെ അപ്പുറത്ത് വലിയ വിഷയം കൈകാര്യം ചെയ്യുന്ന നല്ല ഹ്യൂമറുകളുള്ള സിനിമയാണ് അത്.
അതുകൊണ്ട് നമ്മള്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്ത് സിനിമയിലുള്ള മറ്റു കാര്യങ്ങള്‍ കാണിച്ചു. ഒറ്റിലും ഇത് തന്നെയാണ് എനിക്ക് പറയാനുള്ളത്. ഇന്റിമസി സീന്‍സ് എന്ന് പറയുമ്പോള്‍ അത് മാത്രം ഹൈലെറ്റ് ചെയ്ത് അത് മാത്രം പ്രതീക്ഷിച്ച് വരരുത്. ചിലപ്പോള്‍ അത് ഉണ്ടാവില്ലെന്ന് വരാം. അതല്ല അതിനപ്പുറം ഉള്ള വേറെ രീതിയിലുള്ള സിനിമയാണ് ഒറ്റ്. പിന്നെ ഞാന്‍ വീട്ടില്‍ സ്വസ്ഥമായി ഇരിക്കുന്നത് അത് അവിടെ ഓക്കേ ആയതുകൊണ്ടാണ്. ഇല്ലെങ്കില്‍ ഞാന്‍ നിങ്ങളുടെയൊക്കെ വീട്ടില്‍ വന്ന് താമസിക്കേണ്ടി വന്നേനെ,(ചിരി) കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ഇനിയും റൊമാന്റിക് ടൈപ്പ് മൂവീസ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാ തരം മൂവികളും ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നായിരുന്നു ചാക്കോച്ചന്റെ മറുപടി.
കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഒരു മെച്ച്വേര്‍ഡ് റൊമാന്‍സ് കൈകാര്യം ചെയ്ത സിനിമയായിരുന്നു രാമന്റെ ഏദന്‍തോട്ടം. തിരിച്ചുവരവിന്റെ സമയത്ത് വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആ സിനിമ ചെയ്തപ്പോഴാണ് ഏറ്റവും കൂടുതല്‍ ഫീമെയില്‍ ഫാന്‍സിന്റെ ഒരുപാട് മെസ്സേജുകളും കോള്‍സുകളും എനിക്ക് കിട്ടിയത്.
റൊമാന്‍സ് എന്ന് പറയുന്നത് ഏജ് ലെസാണ്. ഏത് പ്രായത്തിലും തോന്നാവുന്നതാണ്. പ്രണയം, സ്‌നേഹം, ഇഷ്ടം എന്ന വിഷയമാണ്. അല്ലാതെ കാമം എന്ന ആസ്‌പെക്ട് അല്ല. കുറച്ചുകഴിയുമ്പോള്‍ ബാഹ്യ സൗന്ദര്യത്തേക്കാള്‍ ആന്തരിക സൗന്ദര്യം അല്ലെങ്കില്‍ സ്വഭാവത്തിന്റെ സൗന്ദര്യമായിരിക്കും കൂടുതല്‍ നമ്മളെ ആകര്‍ഷിക്കുക. ആ രീതിയിലുള്ള റൊമാന്റിക് മൂവീസ് തീര്‍ച്ചയായും ഇനിയും ഉണ്ടാകും.
എല്ലാവരിലും ഈ റൊമാന്റിക് ആസ്‌പെക്ട് ഉണ്ട്. മരണം വരെയുണ്ടാകും. അതൊരു വ്യക്തിയോട് തന്നെയാവണമെന്നില്ല. ഏതെങ്കിലും വസ്തുവിനോടാകാം. അയാള്‍ ഇഷ്ടപ്പെടുന്ന ചില പ്രവൃത്തികളോടാകാം. അങ്ങനെ നോക്കുമ്പോള്‍ വ്യത്യസ്ത രീതിയിലുള്ള റൊമാന്റിക് മൂവികള്‍ ഇനിയും എന്നും ഉണ്ടാകും, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
Content Highlight: Kunchacko Boban about Intimate and Kissing Scenes on Movies and actor Tovino