| Monday, 11th November 2024, 2:47 pm

ഇസ്ഹാഖ് വന്നതിന് ശേഷമാണ് ഞാൻ അത്തരം സിനിമകൾ ചെയ്യാൻ തുടങ്ങിയത്: കുഞ്ചാക്കോ ബോബൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫാസില്‍ മലയാളസിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കിയ കുഞ്ചാക്കോ ബോബന്‍ ഒരുകാലത്ത് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായിരുന്നു.

സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ന്നാ താൻ കേസ് കൊട്, ചാവേർ തുടങ്ങി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബോഗെയന്‍വില്ലയിലും കുഞ്ചാക്കോ ബോബന്‍ സിനിമാപ്രേമികളെ ഞെട്ടിച്ചു.

മകൻ ഇസ്ഹാഖ് ജീവിതത്തിലേക്ക് വന്നപ്പോഴാണ് താൻ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലും സിനിമകളിലും മാറ്റം വരുന്നതെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. ചില കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ആദ്യം മടി ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അങ്ങനെയൊരു പ്രശ്നമില്ലെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇസ്ഹാഖ് വന്ന ശേഷമാണ് കൊവിഡ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അവന്റെ വളർച്ചയുടെ കാലഘട്ടം ഏറ്റവും നല്ല രീതിയിൽ എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ട്.

പക്ഷെ അതിനപ്പുറം ഒരു വ്യക്തിയെന്ന നിലയിലും നടൻ എന്ന നിലയിലും ഒന്ന് ഫ്രീയപ്പ് ചെയ്യാൻ എനിക്ക് സാധിച്ചിട്ടുണ്ട്. പണ്ട് ഞാൻ ഏറ്റെടുക്കാൻ മടിച്ചിരുന്ന അല്ലെങ്കിൽ പേടിച്ചിരുന്ന ചില കഥാപാത്രങ്ങളുണ്ട്.

എന്നാൽ ഇപ്പോൾ അത്തരം കഥാപാത്രങ്ങളിലേക്കും സിനിമയിലേക്കും എനിക്ക് ഒന്നുകൂടെ ഫ്രീയായി സമീപിക്കാൻ കഴിയുന്നുണ്ട്. എനിക്ക് തോന്നുന്നത് ഇസ്ഹാഖ് വന്നതിന് ശേഷമുള്ള മാറ്റാമാണ് അതെന്ന്. കാരണം ഇപ്പോൾ അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടില്ല,’കുഞ്ചാക്കോ ബോബൻ പറയുന്നു.

അതേസമയം മാർട്ടിൻ പ്രകാട് നിർമിക്കുന്ന ഓഫീസർ എന്ന സിനിമയാണ് ചാക്കോച്ചന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മഹേഷ്‌ നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി – മോഹൻലാൽ ചിത്രത്തിലും കുഞ്ചാക്കോ ബോബൻ ഭാഗമാവുന്നുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നുണ്ട്.

Content Highlight: Kunchacko Boban About His Son

We use cookies to give you the best possible experience. Learn more