ന്നാ താൻ കേസ് കൊട്, ചാവേർ തുടങ്ങി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബോഗെയ്ന്‍വില്ലയിലൂടെയെല്ലാം പ്രേക്ഷകരെ ഞെട്ടിക്കുകയാണ് കുഞ്ചാക്കോ ബോബൻ.
ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ അദ്ദേഹം ചോക്ലേറ്റ് ഹീറോയിൽ നിന്ന് ഇന്ന് മലയാളത്തിലെ ഒരു മികച്ച നടനായി മാറിയിരിക്കുകയാണ്.
കുഞ്ചാക്കോ ബോബന്റെ ജനപ്രിയ സിനിമകളിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളാണ് നിറം, അനിയത്തിപ്രാവ്, പ്രിയം എന്നിവ. ഇവയിൽ ഏതെങ്കിലും റീമേക്ക് ചെയ്യാൻ അവസരം കിട്ടിയാൽ അനിയത്തിപ്രാവാണ് താൻ റീമേക്ക് ചെയ്യുകയെന്ന് ചാക്കോച്ചൻ പറയുന്നു.
നായികയായി ആര് വന്നാലും കുഴപ്പമില്ലെന്നും തന്റെ ഭാഗങ്ങൾ കുറച്ചുകൂടെ നന്നായി ചെയ്യണമെന്നാണ് ആഗ്രഹമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. അനിയത്തി പ്രാവിൽ താൻ എന്താണ് ചെയ്ത് വെച്ചതെന്ന് കണ്ട് കരഞ്ഞിട്ടുണ്ടെന്നും തമാശ രൂപേണ അദ്ദേഹം കൂട്ടിച്ചേർത്തു. പേർളി മാണിയോട് സംസാരിക്കുകയായിരുന്നു ചാക്കോച്ചൻ.
‘അനിയത്തിപ്രാവ്, നിറം, പ്രിയം ഇതിൽ ഏതെങ്കിലും റീമേക്ക് ചെയ്യാൻ അവസരം കിട്ടിയാൽ ഞാൻ അനിയത്തി പ്രാവായിരിക്കും റീമേക്ക് ചെയ്യുക. നായികയായി ആര് വന്നാലും കുഴപ്പമില്ല പക്ഷെ എനിക്കെന്റെ ഭാഗം കുറച്ചൂടെ മര്യാദക്ക് ചെയ്യണമെന്ന് നല്ല ആഗ്രഹമുണ്ട്. ആ സിനിമയിലെ ബാക്കി എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്. പക്ഷെ ഞാൻ മാത്രം.
ആ സിനിമ കണ്ടിട്ട് ഞാനും കരയാറുണ്ട്, ഇങ്ങനെയാണോഡേ ഇത് ചെയ്ത് വെച്ചിരിക്കുന്നതെന്ന് ഓർത്തിട്ട്(ചിരി),’കുഞ്ചാക്കോ ബോബൻ പറയുന്നു.
അതേസമയം മാർട്ടിൻ പ്രകാട്ട് നിർമിക്കുന്ന ഓഫീസർ എന്ന സിനിമയാണ് ചാക്കോച്ചന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി – മോഹൻലാൽ ചിത്രത്തിലും കുഞ്ചാക്കോ ബോബൻ ഭാഗമാവുന്നുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നുണ്ട്.
Content Highlight: Kunchacko Boban About His Performance In Aniyathiprav