ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കിയ കുഞ്ചാക്കോ ബോബന്‍ ഒരുകാലത്ത് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായിരുന്നു.
സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. കഴിഞ്ഞ വർഷമിറങ്ങിയ ബോഗെയ്ന്‍വില്ലയിലും ഇപ്പോൾ തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയിലും ഗംഭീര പ്രകടനമാണ് കുഞ്ചാക്കോ ബോബൻ കാഴ്ചവെച്ചത്.
ആദ്യ സിനിമയായ അനിയത്തിപ്രാവിന്റെ ഓഡീഷനിൽ പങ്കെടുത്ത ഓർമകൾ പങ്കുവെക്കുകയാണ് അദ്ദേഹം. സംവിധായകനായ ഫാസിലിന്റെ പാർട്ണർ റോസിയാണ് അനിയത്തിപ്രാവിലേക്ക് തന്റെ പേര് നിർദേശിക്കുന്നതെന്നും എന്നാൽ തന്നെ വിളിച്ചപ്പോൾ ഇല്ലായെന്നാണ് മറുപടി നൽകിയതെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.
തള്ളിപ്പോവുകയാണെങ്കിൽ പോട്ടെയെന്ന് കരുതിയാണ് ഓഡീഷന് പോയതെന്നും എന്നാൽ അപ്രതീക്ഷിതമായി താൻ സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെന്നും ചാക്കോച്ചൻ പറഞ്ഞു. എന്നാൽ തന്നെവെച്ച് അഭിനയിപ്പിച്ചിട്ട് ആ പടം മോശമാക്കേണ്ടെന്നായിരുന്നു അന്ന് ഫാസിലിനോട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പാച്ചിക്കയുടെ (ഫാസിൽ) ഡ്രീം പ്രൊജക്ടായിരുന്നു അത്. മലയാള സിനിമയിൽ തരംഗം സൃഷ്ടിച്ച ബാല നടിയായിരുന്ന ശാലിനി ഹീറോയിനായി തിരിച്ചുവരുന്നു, മികച്ചൊരു കഥയുമുണ്ട്. അതിലേക്ക് നായകനെ അന്വേഷിച്ചുകൊണ്ടിരിക്കുമ്പോൾ പാച്ചിക്കായുടെ ഭാര്യ റോസി ആന്റിയാണ് എന്റെ പേര് നിർദേശിക്കുന്നത്.
എന്നെ വിളിച്ചപ്പോൾ ഞാനില്ല എന്നു പറഞ്ഞു. പിന്നെ ഒരു താത്പര്യവുമില്ലാതെ ഓഡീഷന് ചെന്നു. ഒട്ടും ടെൻഷനുണ്ടായിരുന്നില്ല. തള്ളിപ്പോവുകയാണെങ്കിൽ അങ്ങനെ പോട്ടെയെന്ന് കരുതിയിരുന്നു. അഭിനയിച്ച് കാണിക്കാൻ പറഞ്ഞപ്പോൾ കാണിച്ചു. ഒരു കാരണവശാലും എന്നെ സെലക്റ്റ് ചെയ്യില്ലെന്ന് ഉറപ്പിച്ചാണ് അവിടെ നിന്ന് മടങ്ങിയത്.
പക്ഷേ, പാച്ചിക്ക വിളിച്ചു പറഞ്ഞു, ‘നിന്നെയാണ് സെലക്റ്റ് ചെയ്തിരിക്കുന്നത്.’ അപ്പോഴും ഞാൻ പറഞ്ഞത്, എന്നെ വെച്ചഭിനയിപ്പിച്ചിട്ട് ആ പടം മോശമാക്കേണ്ടെന്നായിരുന്നു. എന്നാൽ അദ്ദേഹത്തിന് ആ സിനിമയിൽ വലിയ വിശ്വാസമുണ്ടായിരുന്നു. എന്നെവെച്ചുതന്നെ പടം ചെയ്തു. അത് ഹിറ്റായി. ഞാൻ നടനുമായി,’കുഞ്ചാക്കോ ബോബൻ പറയുന്നു.
അതേസമയം സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് നിർമിച്ച ഓഫീസർ ഓൺ ഡ്യൂട്ടി ജിത്തു അഷ്റഫാണ് സംവിധാനം ചെയ്യുന്നത്. നായാട്ട്, ജോസഫ് തുടങ്ങിയ സിനിമകൾക്ക് ശേഷം ഷാഹി കബീർ രചന നിർവഹിക്കുന്ന സിനിമയിൽ പ്രിയാമണിയാണ് നായിക. നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിലും കുഞ്ചാക്കോ ബോബൻ ഭാഗമാകുന്നുണ്ട്.
Content Highlight: Kunchacko Boban About His First Movie Audition