| Monday, 8th August 2022, 12:34 pm

എന്നെ ഈ കോലത്തിലാക്കിയത് രതീഷ് പൊതുവാളിന്റെ പക; വൈരാഗ്യത്തിന്റെ കാരണം നാട്ടുകാരന്‍ മെസ്സേജ് അയച്ച് പറഞ്ഞു: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം തിയേറ്ററുകളില്‍ എത്തുകയാണ്. കുഞ്ചാക്കോ ബോബന്‍ വളരെ വ്യത്യസ്തമായ ലുക്കില്‍ എത്തുന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറുമെല്ലാം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

കുഞ്ചാക്കോ ബോബന്റെ പുതിയ ലുക്കും കാസര്‍ഗോഡ് ഭാഷയുമെല്ലാം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ എത്തിയതിനെ കുറിച്ചും ചിത്രത്തിന്റെ സംവിധായകനായ രതീഷിന് തന്നോട് ഉണ്ടായിരുന്ന ഒരു വൈരാഗ്യത്തിന്റെ കഥയും പങ്കുവെക്കുകയാണ് ചാക്കോച്ചന്‍. പേളി മാണി ഷോയില്‍ പങ്കെടുക്കവേയായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു സംഭവം ചാക്കോച്ചന്‍ പങ്കുവെച്ചത്.

സിനിമയുടെ ട്രെയിലര്‍ ഇറങ്ങിയ ശേഷം ഒരാള്‍ തന്നോട് പറഞ്ഞത് ട്രെയിലറില്‍ ചാക്കോച്ചനെ കണ്ടപ്പോള്‍ മെര്‍ലിന്‍ ബ്രാന്‍ഡോയെപ്പോലെ തോന്നിയെന്നാണ്. ഗോഡ്ഫാദറിലെപ്പോലെ വായ്ക്കകത്ത് എന്തോ വെച്ചിട്ടുണ്ടോ എന്നൊക്കെ ചോദിച്ചു. ഞാന്‍ പറഞ്ഞു അത്രയ്ക്ക് ഇല്ലെന്ന് (ചിരി).

രതീഷ് പൊതുവാളിന്റെ തോന്നിവാസങ്ങളാണ് ഇതെല്ലാം. മാനം മര്യാദയ്ക്ക് അത്യാവശ്യം കുഴപ്പമില്ലാതെ കുറച്ച് പടങ്ങളൊക്കെ ചെയ്തുപോയ്‌ക്കൊണ്ടിരുന്ന എന്നെ ഈ കോലത്തില്‍ ആക്കണമെന്ന് പുള്ളിക്ക് എന്തോ വാശി പോലെയായിരുന്നു.

ഞാന്‍ ആലോചിച്ചു എന്തായിരിക്കും ക്യാരക്ടര്‍ ഇത്രയും മാറ്റി വൈറൈറ്റി പരിപാടികളൊക്കെ പിടിച്ചതെന്ന്. ആ ഒരു ആകാംക്ഷയുണ്ടായിരുന്നു. സിനിമയുടെ ടീസര്‍ റിലീസായ ദിവസം സിനിമാ ഫീല്‍ഡില്‍ തന്നെയുള്ള ഒരാള്‍ എനിക്ക് ഒരു മെസ്സേജ് അയച്ചു. പുള്ളി രതീഷിന്റെ നാട്ടുകാരനാണ്.

ചാക്കോച്ചാ ടീസര്‍ കണ്ടു, ഗംഭീരമായിരിക്കുന്നു. അപാര ലുക്കൊക്കെയാണ്. പക്ഷേ എനിക്കൊരു കാര്യം പറയാനുള്ളത് നിങ്ങളോടുള്ള ദേഷ്യം കാരണമാണ് രതീഷ് ഇങ്ങനെ ചെയ്തത് എന്നാണ്. നിങ്ങളെ ഈ രൂപത്തില്‍ ആക്കിയതിന് പിന്നില്‍ ഒരു കാരണമുണ്ടെന്നും പറഞ്ഞു.

ഞാന്‍ പുള്ളിയായിട്ട് ഒരു പ്രശ്‌നവും ഇല്ലല്ലോ. പിന്നെ ഒരു കാര്യം പുള്ളി ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ കഥ ആദ്യം എന്റെ അടുത്ത് വന്നു പറഞ്ഞപ്പോള്‍ ഞാന്‍ നോ പറഞ്ഞിരുന്നു എന്നതാണ്. പിന്നെ ആ സിനിമ തിയേറ്ററില്‍ വന്ന ശേഷം ഞാന്‍ രതീഷിനെ വിളിച്ചിട്ട് എടോ മനുഷ്യാ കഥ പറയുമ്പോള്‍ മര്യാദയ്ക്ക് പറയണ്ടേ നിങ്ങള്‍ ആദ്യം പറഞ്ഞപ്പോള്‍ എനിക്ക് കഥ മനസിലായില്ല എന്ന് പറയുകയും ചെയ്തിരുന്നു.

അതിന് ശേഷം ഞാന്‍ അദ്ദേഹത്തെ വിളിച്ച് നമുക്ക് ഒരു സിനിമ ചെയ്യണമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് ന്നാ താന്‍ കേസുകൊട് എന്ന സിനിമയില്‍ ഞങ്ങള്‍ എത്തിയത്. പറഞ്ഞുവന്നത് അതല്ല ആ മെസ്സേജ് അയച്ച കക്ഷി എന്നോട് പറഞ്ഞത് പണ്ട് രതീഷ് കോളേജില്‍ പഠിക്കുമ്പോള്‍ പുള്ളിയുടെ കാമുകി എന്റെ പേര് പറഞ്ഞിട്ടാണ് പുള്ളിയെ തേച്ചിട്ട് പോയത് എന്നാണ്. ആ വൈരാഗ്യമാണ് ഇത്രയും കാലം മനസില്‍ വെച്ചത്. ഒന്നാലോചിച്ച് നോക്ക് ആനപ്പക എന്ന് നമ്മള്‍ കേട്ടിട്ടേയുള്ളൂ (ചിരി), കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

തന്റെ കഥാപാത്രത്തിനായി വരുത്തിയ എല്ലാ ലുക്ക് ചേഞ്ചും രതീഷിന്റെ ആശയമാണെന്നും കുഞ്ചാക്കോ ബോബന്‍ അഭിമുഖത്തില്‍ പറഞ്ഞു. ‘പ്രോസ്ത്തറ്റിക്‌സ് വെക്കണമെന്ന ഐഡിയ രതീഷിന്റേതാണ്. അത് മാത്രമല്ല എന്റെ ക്യാരക്ടറിന്റെ മേക്കപ്പിന്റെ കാര്യത്തിലെ എല്ലാ ഐഡിയയും രതീഷിന്റേത് തന്നെയായിരുന്നു. തലമുഴുവന്‍ എണ്ണതേച്ചു, നരപ്പിച്ചു. മേക്കപ്പ് ചെയ്യാത്ത ഒരിഞ്ച് സ്ഥലം പോലും ഉണ്ടായിരുന്നില്ല. ക്യാരക്ടറിന്റെ അപ്പിയറന്‍സ് സിനിമയോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയിലായിരുന്നു. ഫോഴ്‌സ് ആയി തോന്നരുത് എന്ന് ഉണ്ടായിരുന്നു. പ്രോസ്ത്തറ്റിക്‌സ് വെക്കുമ്പോള്‍ ബോര്‍ ആയി തോന്നരുതെന്ന് ഉണ്ടായിരുന്നു. എന്തോ ഒരു വ്യത്യാസം ഉണ്ടെന്ന് പ്രേക്ഷകര്‍ക്ക് തോന്നണം. എന്നാല്‍ അത് അധികമാകാനും പാടില്ല. പിന്നെ ഡയലക്ട് കാസര്‍ഗോഡ് സ്ലാങ് ആണ് പിടിച്ചിരിക്കുന്നത്. അത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്നാണ് മനസിലാക്കുന്നത്, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Actor Kunchacko Boban about director Ratheesh pothuval and his Revenge Story

We use cookies to give you the best possible experience. Learn more