| Tuesday, 26th September 2023, 1:34 pm

കേരള പൊളിറ്റിക്‌സിലേക്ക് നിങ്ങള്‍ ഒതുക്കരുത്, ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയെ ഞങ്ങള്‍ ഫോക്കസ് ചെയ്യുന്നില്ല: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചാവേര്‍ സിനിമയെ രാഷ്ട്രീയം മാത്രമാക്കി ഒതുക്കരുതെന്ന് പറയുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. രാഷ്ട്രീയത്തേക്കാളുപരി മനുഷ്യ ബന്ധങ്ങളെയും സൗഹൃദങ്ങളെയും കുടുംബ ബന്ധങ്ങളെയും തൊട്ട് പോകുന്ന സിനിമയാണ് ചാവേറെന്നും സാധാരണ കാണുന്ന ആളുകളെ വ്യത്യസ്ത രീതിയിലാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ പുതിയ സിനിമയെ കുറിച്ച് സംസാരിച്ചത്.

‘കേരള പൊളിറ്റിക്‌സ് എന്ന് പറഞ്ഞുകൊണ്ട് ചുരുക്കേണ്ട ആവശ്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇത് എവിടെയും കൊണ്ടുവെക്കാന്‍ പറ്റുന്ന ഒരു പ്രമേയമാണ്. രാഷ്ട്രീയ പശ്ചാത്തലം ഒരു മേമ്പൊടിയായി നമ്മള്‍ കൊടുക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി മനുഷ്യ ബന്ധങ്ങളെയും സൗഹൃദങ്ങളെയും കുടുംബ ബന്ധങ്ങളെയും തൊട്ട് പോകുന്നുണ്ട്.

രാഷ്ട്രീയം എന്ന് പറയുമ്പോള്‍ കണ്ണൂര്‍ രാഷ്ട്രീയം, കേരള രാഷ്ട്രീയം അല്ലെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയം എന്നതിനേക്കാളപ്പുറം ഈ സിനിമക്ക് നമ്മള്‍ കുറച്ചുകൂടെ വലിയൊരു ഫോക്കസ് കൊടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഇതില്‍ ഹ്യൂമന്‍ ഇമോഷന്‍സ് ഒരുപാടുണ്ട്. ലോകത്തെവിടെയും നമുക്ക് കൂട്ടിയോജിപ്പിക്കാന്‍ പറ്റുന്ന ഒന്നാണ് ഈ സിനിമ.

നമ്മുടെ അടുത്തുള്ള ഒരു സ്ഥലത്ത് വച്ച് ഈ കഥ പറയുന്നു എന്ന് മാത്രമേയുള്ളു. ഷൂട്ട് ചെയ്യാന്‍ എടുത്ത സ്ഥലവും ആളുകളും എല്ലാം നമ്മള്‍ സാധാരയായി കാണാറുള്ളതാണ്. പക്ഷേ ഇതെല്ലാം അവതരിപ്പിച്ചിരിക്കുന്ന രീതി വ്യത്യസ്തമാണ്.

കണ്ണൂര്‍, തലശ്ശേരി, ഗൂഡല്ലൂര്‍ എന്നീ ഭാഗങ്ങളിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. എങ്കിലും വേറെയൊരു വിഷ്വല്‍ പാറ്റേണിലാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ ഞാനും പെപ്പെയും അര്‍ജുന്‍ അശോകനും ഞങ്ങളൊക്കെ ഇതിന് മുമ്പ് കണ്ടിട്ടുള്ള ഭാഗങ്ങളില്‍ നിന്നെല്ലാം മാറിയിട്ടുള്ള ഒരു രൂപവും ഭാവവും സ്വഭാവവുമെല്ലാമാണ് ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്.

കഥാപരമായി നോക്കുകയാണെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ഫോക്കസ് ചെയ്യുന്നില്ല. പൊതുവെയുള്ള ഒരു കാര്യമാണ്. ഒരിക്കലും വയലന്‍സിനെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമയല്ല. അങ്ങനെ കുറച്ച് സന്ദേശങ്ങളും ഉള്‍കൊള്ളുന്ന ഒരു സിനിമയാണ്. അങ്ങനെ ഈ സിനിമ പ്രേക്ഷകര്‍ക്ക് കണക്ട് ചെയ്യാന്‍ പറ്റുന്നുണ്ടങ്കില്‍ അവിടെയാണ് ഈ സിനിമയുടെ വിജയം’, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content highlight: Kunchacko Boban about Chaver Movie

We use cookies to give you the best possible experience. Learn more